Enter your Email Address to subscribe to our newsletters

Kannur , 29 ജൂലൈ (H.S.)
ആറളം പുനരധിവാസ മേഖലയിൽ ഭീതിവിതയ്ക്കുന്ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള വനംവകുപ്പിൻ്റെ നടപടികൾ പുരോഗമിക്കുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉത്തരവിനെ തുടർന്ന് ദ്രുതകർമ സേനയുടെ നേതൃത്വത്തിൽ ആനയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. റേഡിയോ കോളർ ഘടിപ്പിച്ച് സുരക്ഷിത വനത്തിലേക്ക് മാറ്റാനാണ് സർക്കാർ നിർദേശം.
2008 മുതൽ ആറളത്തും പരിസര പ്രദേശങ്ങളിലും ഈ മോഴയാനയുടെ ശല്യമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടപ്പാറ 10-ാം ബ്ലോക്കിൽ അനീഷ് എന്നയാളെ വീട്ടുമുറ്റത്ത് വച്ച് ആക്രമിച്ചു കൊലപ്പെടുത്തിയത് ഈ ആനയാണ്. 2025ൽ വെള്ളി, ലീല ദമ്പതിമാരുടെ ജീവനെടുത്തതും ഇതേ മോഴയാണെന്ന് പ്രദേശവാസികൾ പറയുന്നു.
കണ്ണൂർ മഖ്ന എന്നറിയപ്പെടുന്ന ആനയെ പിടികൂടുന്നതിൻ്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ നിരീക്ഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായിട്ടില്ല. ആറളം പുനരധിവാസ മേഖലയിലോ ഫാമിൻ്റെ അധീനതയിലുള്ള സ്ഥലങ്ങളിലോ ആനയുടെ സാന്നിധ്യമില്ല. വനംവകുപ്പിൻ്റെ നീക്കം മുൻകൂട്ടി അറിഞ്ഞതുപോലെയാണ് നിരീക്ഷണ സംഘത്തിൻ്റെ കൺമുന്നിൽ നിന്ന് മോഴയാന മറയുന്നത്. നിലവിൽ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കടന്നെന്നാണ് സൂചന.
മയക്കുവെടി വയ്ക്കുന്നതിന് മുൻപായി ആനയുടെ ആരോഗ്യനിലയും സ്വഭാവരീതിയും വിലയിരുത്താൻ വനം ദ്രുതപ്രതികരണ സേന വെറ്റിനറി സർജൻ ഡോ. ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഷിനികുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പുനരധിവാസ മേഖലയിലും ഫാമിൻ്റെ കൃഷിയിടത്തിലും വ്യാപക തിരച്ചിൽ നടത്തി. കഴിഞ്ഞ രാത്രി പുനരധിവാസ മേഖലയിൽ ആനയെത്തി കൃഷി നശിപ്പിച്ചിരുന്നു. ഇത് മോഴയാകാമെന്ന സംശയത്തിൽ പരിശോധന നടത്തിയെങ്കിലും കാൽപ്പാടുകൾ മറ്റൊരാനയുടേതാണെന്ന് വ്യക്തമായി.
കോട്ടപ്പാറ മേഖലയിൽ നിന്ന് മോഴയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി ആന വനത്തിലേക്ക് കടന്നെന്നാണ് വനംവകുപ്പിൻ്റെ നിഗമനം. തിങ്കളാഴ്ച ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി നാല് ആനകളെ വനത്തിലേക്ക് തുരത്തിയിരുന്നു. ഇതിൽ മോഴയും ഉൾപ്പെട്ടിരിക്കാമെന്ന് അധികൃതർ കരുതുന്നു. തുടർച്ചയായ മഴ നിരീക്ഷണത്തിന് തടസമാകുന്നുണ്ട്. ഒളിഞ്ഞിരുന്ന് ആക്രമിച്ച ശേഷം അതിവേഗം വനത്തിലേക്ക് മറയുന്നതാണ് കണ്ണൂർ മഖ്നയുടെ രീതി. 10-ാം ബ്ലോക്കിൽ സ്ഥിരമായി കാണുന്ന ആനയുടെ പ്രധാന സഞ്ചാരവഴി ഏഴ്, ഒൻപത്, 13 ബ്ലോക്കുകളാണ്. വനത്തിലേക്ക് തുരത്തിയാലും വേഗത്തിൽ തിരികെ എത്തുന്ന സ്വഭാവവും ഇതിനുണ്ട്.
വരുംദിവസങ്ങളിൽ ആന ഫാമിനുള്ളിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘം. മയക്കുവെടി വച്ച് മാറ്റുന്നതിന് മുൻപ് ആനയെ താത്കാലികമായി പാർപ്പിക്കാനുള്ള തയാറെടുപ്പുകൾ ആറളം വന്യജീവി സങ്കേതത്തിൽ ആരംഭിച്ചു. ഇതിനുശേഷമേ മയക്കുവെടി വയ്ക്കൂ.
തുടരുന്ന കാട്ടാന ഭീതി
ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ ഇതുവരെ 15 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 2014ൽ മാധവിയുടെ മരണത്തോടെ തുടങ്ങിയ ദുരന്തം ഇപ്പോഴും തുടരുന്നു. 2015ൽ ബാലൻ, 2017ൽ അമ്മിണി റെജി വാക്കാതുരത്തേൽ, 2018ൽ ദീപു, കൃഷ്ണൻ, ചപ്പിലി, 2020ൽ നാരായണൻ, ബിബീഷ്, 2022ൽ വിജേഷ് ദാമു, വാസു, 2023ൽ രഘു, 2025ൽ വെള്ളി, ലീല ദമ്പതിമാർ, ഒടുവിൽ 2026 ഫെബ്രുവരിയിൽ അനീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ആനക്കൂട്ടത്തിൻ്റെ ആക്രമണം കാരണം ആറളം ഫാമിൽ 25 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. 40 കോടി രൂപ ചെലവിൽ 10.5 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന ആനമതിലിൻ്റെ പണി പുരോഗമിക്കുകയാണ്. എന്നാൽ നാല് വർഷം പിന്നിട്ടിട്ടും ഇതിൻ്റെ 60 ശതമാനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. മതിൽ പൂർത്തിയാകുന്നതിന് മുൻപ് ഫാമിലെയും പുനരധിവാസ മേഖലയിലെയും ആനകളെ വനത്തിലേക്ക് തുരത്താനാണ് ഓപ്പറേഷൻ ഗജമുക്തി ആരംഭിച്ചത്.
ഫാമിലും പുനരധിവാസ മേഖലയിലുമായി 20നും 30നും ഇടയിൽ ആനകളുണ്ടെന്നാണ് വനംവകുപ്പിൻ്റെ അനൗദ്യോഗിക കണക്ക്. മോഴ ഉൾപ്പെടെ ആറ് ആനകളാണ് അക്രമകാരികൾ. ഇവ ഫാമിൽ തന്നെ ജനിച്ചു വളർന്നതാണെന്നാണ് കരുതുന്നത്.
മഖ്ന എന്ന മോഴയാനയെ നിരീക്ഷിച്ചു വരികയാണെന്നും നടപടിക്രമങ്ങൾ മൂന്ന് ദിവസം തുടരുമെന്നും കണ്ണൂർ ഡിഎഫ്ഒ കെ. സജി ഇടിവി ഭാരതിനോട് പറഞ്ഞു. തുടർന്ന് വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിച്ചാണ് മയക്കുവെടി വയ്ക്കാനുള്ള നടപടികൾ തുടങ്ങുക. അതിനുശേഷം വയനാട്ടിൽ താത്കാലികമായി ഒരുക്കുന്ന കൂട്ടിലേക്ക് മാറ്റുമെന്നും ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR