മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമായ കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ മരിച്ചത് 999 പേരെന്ന് കണക്കുകൾ.
Thiruvananthapuram , 29 ജൂലൈ (H.S.) മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമായ കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ മരിച്ചത് 999 പേരെന്ന് കണക്കുകൾ. ഇക്കാലയളവിൽ സർക്കാർ ഈ ഇനത്തിൽ നഷ്ടപരിഹാരമായി നൽകിയത് 138 കോടിയിൽപ്പരം രൂപ. 2016-17 ൽ മനുഷ്യവന്യജീവി സംഘർഷത്തിൽ 144
HUMAN ANIMAL CONFLICT


Thiruvananthapuram , 29 ജൂലൈ (H.S.)

മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമായ കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ മരിച്ചത് 999 പേരെന്ന് കണക്കുകൾ. ഇക്കാലയളവിൽ സർക്കാർ ഈ ഇനത്തിൽ നഷ്ടപരിഹാരമായി നൽകിയത് 138 കോടിയിൽപ്പരം രൂപ. 2016-17 ൽ മനുഷ്യവന്യജീവി സംഘർഷത്തിൽ 144 പേർ മരണപ്പെട്ടുവെങ്കിൽ 2026 ജൂലൈ വരെ 20 പേരാണ് മരിച്ചത്. മരണനിരക്കിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2016-17 മുതൽ 2018-19 വരെയുള്ള കാലയളവിലാണ് ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.

പിന്നീടുള്ള രണ്ട് വർഷക്കാലയളവിൽ മരണനിരക്ക് കുറഞ്ഞെങ്കിലും 2021-22 ൽ 112 പേരായി ഉയർന്നു. ഭൂരിഭാഗം വർഷങ്ങളിലും 50 പേരിലധികം സംഘർഷങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. പത്ത് വർഷത്തിനിടയ്ക്ക് മരണപ്പെട്ട 67 ശതമാനം പേരും പാമ്പുകടിയേറ്റാണ് മരണപ്പെട്ടത്. 23 ശതമാനം ആളുകൾ കാട്ടാനയുടെ ആക്രമണത്തിലും 6 ശതമാനം പേർ കാട്ട് പന്നിയുമായുള്ള സംഘർഷത്തിലും മരണപ്പെട്ടു. കാട്ട് പോത്ത്, കടുവ ആക്രമണങ്ങളിൽ ഓരോശതമാനം വീതവും മറ്റ് മൃഗങ്ങളുമായുള്ള സംഘർഷങ്ങളിൽ 2 ശതമാനം പേരും മൃതിയടഞ്ഞു.

67 ശതമാനം പേരും മരണപ്പെട്ടത് പാമ്പുകടിയേറ്റ്

പത്ത് വർഷത്തിനിടെ 67 ശതമാനം പേരും മരണപ്പെട്ടത് പാമ്പുകടിയേറ്റെന്ന കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. 2016-17 ൽ 119 പേരാണ് പാമ്പുകടിയേറ്റ് മരിച്ചതെങ്കിൽ തൊട്ടടുത്ത വർഷം അത് 92 ലേക്ക് കുറഞ്ഞു. എന്നാൽ 2018-19 ൽ അത് 123 പേരായി വർധിക്കുകയാണ് ചെയ്തത്. പിന്നീടുള്ള എല്ലാക്കാലയളവിലും മരണങ്ങളുടെ എണ്ണം നൂറിൽ താഴെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

2026 ൽ ഇത് വരെ 12 പേരാണ് വിഷം തീണ്ടി മരണത്തിന് കീഴടങ്ങിയത്. 2025-26 ൽ 18 പേർക്കാണ് പാമ്പ് കടിയേറ്റത്. പത്ത് വർഷക്കാലയളവിൽ പൂർത്തീകരിച്ച കണക്കുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആകെ 668 പേരാണ് ഇക്കാലയളവിൽ പാമ്പ് കടിയേറ്റ് മരിച്ചിട്ടുള്ളത്. എന്നാൽ മറ്റ് വന്യജീവികളുടെ ആക്രമത്തിൽ മരിച്ചവരുടെ എണ്ണം 331 മാത്രമാണ്.

കാട്ടാന ആക്രമണത്തിൽ മരിച്ചത് 233 പേർ

2016-17 മുതൽ 2026 വരെയുള്ള കാലയളവിൽ 233 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. 2021-22 കാലയളവിലാണ് ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 35 പേരാണ് ആക്രമണത്തിൽ ജീവൻ വെടിഞ്ഞത്. കാട്ടുപന്നി ആക്രമണത്തിൽ 62 പേരുടെ ജീവൻ പൊലിഞ്ഞു. കാട്ട് പോത്തിൻ്റെ ആക്രമണത്തിൽ 10 പേരും കടുവയുടെ ആക്രമണത്തിൽ 11 പേരും മറ്റ് ജീവികളുമായുള്ള സംഘർഷത്തിൽ 15 പേരുമാണ് ഇക്കാലയളവിൽ മരണപ്പെട്ടത്.

നഷ്ടപരിഹാരം പത്തുവർഷത്തിനിടെ 138 കോടിയിൽപ്പരം രൂപ

ഇക്കഴിഞ്ഞ പത്ത് വർഷത്തിനിടെ 2016-17 മുതൽ 2026 വരെ 138 കോടിയിൽപ്പരം (1,38,34,48,000) രൂപയാണ് നഷ്ടപരിഹാരമായി നൽകിയിട്ടുള്ളത്. 2016-17ൽ 145 പേർ മരിച്ചപ്പോൾ 239.75 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്. അന്ന് 798 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റപ്പോൾ 361 പേരുടെ കന്നുകാലികൾക്ക് നാശനഷ്ടം സംഭവിച്ചു. വസ്തുക്കളും കൃഷിയും നഷ്ടമായ 6461 പേരുടെ അപേക്ഷകളാണ് അന്ന് സർക്കാരിന് ലഭിച്ചത്. 2023-24 മുതൽ 2026 വരെയുള്ള വർഷങ്ങളിൽ മനുഷ്യ വന്യജീവി സംഘർഷത്തിൽ പരിക്കേറ്റവരുടെ എണ്ണത്തിൽ വ്യപകമായ വർധനയാണ് ഉണ്ടായിട്ടുള്ളത്.

എന്നാൽ മരിച്ചവരുടെ എണ്ണത്തിൽ മറ്റ് വർഷങ്ങളെ അപേക്ഷിച്ച് താരതമേന്യ കുറവുമുണ്ട്. 2022-23 ൽ 89 പേർ മരിച്ചപ്പോൾ 1,275 പേർക്കാണ് പരിക്കേറ്റത്. 544 പേർക്ക് കന്നുകാലികളെ നഷ്ടപ്പെടുകയും 5,256 പേർക്ക് കൃഷിയും നഷ്ടമായിട്ടുണ്ട്. 2024-25 ൽ മരണസംഖ്യ 67 ലേക്ക് കുറയുമ്പോൾ പരിക്കേറ്റവർ 1,705 ആയി ഉയർന്നിട്ടുണ്ട്. എന്നാൽ 466 പേർക്ക് മാത്രമാണ് കന്നുകാലികളെ നഷ്ടപ്പെട്ടത്. കൃഷിഭൂമിയും കൃഷിയുമടക്കം നഷ്ടപ്പെട്ടവരുടെ എണ്ണത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് കുറവുണ്ടായി. അത് 6,295 ആയി ചുരുങ്ങി. കണക്കുകൾ പ്രകാരം 2024-25 ലാണ് ഏറ്റവും കൂടുതൽ നഷ്ടപരിഹാരം വിതരണം ചെയ്തത്. അന്ന് ഇരുപത് കോടിയിലധികം (20,80,55,000) രൂപയാണ് മനുഷ്യ വന്യജീവി സംഘർഷത്തിൽ വിതരണം ചെയ്യപ്പെട്ടത്.

-------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News