Enter your Email Address to subscribe to our newsletters

Thiruvananthapuram, 29 ജൂലൈ (H.S.)
യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ട് മാസം കഴിഞ്ഞിട്ടും രാഷ്ട്രീയ സമവാക്യങ്ങളിൽ തട്ടി ഭാരവാഹികളുടെ നിയമനം നീളുന്നതിനാൽ വിവിധ ബോർഡ്, കോർപറേഷനുകളുടെ പ്രവർത്തനം സ്തംഭനത്തിൽ. രാജ്യാന്തര ചലച്ചിത്രമേള, സംസ്ഥാനത്തെ സിനിമാ നിർമാണം എന്നിവയ്ക്കു പുറമേ ചലച്ചിത്ര അവാർഡ് നിർണയവും പ്രതിസന്ധിയിലാണ്.
ചലച്ചിത്ര അക്കാദമി ചെയർമാനായി ബ്ലെസി, ചലച്ചിത്ര വികസന കോർപറേഷൻ അധ്യക്ഷനായി സത്യൻ അന്തിക്കാട് എന്നീ സംവിധായകരാണ് അന്തിമപട്ടികയിൽ. എന്നാൽ, മറ്റു ഘടകകക്ഷികളിൽ നിന്നും ഉയരുന്ന ചില എതിർപ്പുകളാണ് തീരുമാനത്തിലെത്തുന്നത് വൈകാൻ കാരണം. തർക്കം പരിഹരിച്ചശേഷം നാളെ കൂടുന്ന യുഡിഎഫ് യോഗത്തിൽ അന്തിമ നിലപാടിലെത്താനാണ് സാംസ്കാരിക വകുപ്പിൻ്റെ തീരുമാനം.
ചലച്ചിത്രമേളയും അവാർഡ് നിർണയവും പ്രതിസന്ധിയിൽ
ചലച്ചിത്ര അക്കാദമിയുടെയും വികസന കോർപറേഷൻ്റെയും ഭാരവാഹികളെ തീരുമാനിക്കാത്തതാണ് ഇപ്പോൾ പ്രധാന വിഷയമായി മാറുന്നത്. പ്രധാനപ്പെട്ട ചലച്ചിത്രമേളകളുടെ മുന്നൊരുക്കങ്ങൾ ആരംഭിക്കേണ്ട സമയം കഴിഞ്ഞിട്ടും നേതൃത്വമില്ലാത്തതിനാൽ പ്രവർത്തനം മരവിച്ച മട്ടാണ്. മുൻ ഭാരവാഹികളെല്ലാം നേരത്തെതന്നെ രാജിവച്ച് ഒഴിഞ്ഞിരുന്നു. ചെയർമാൻ, ഭരണസമിതി പദവികളിലേക്ക് വിവിധ കോണുകളിൽ നിന്നുള്ള ശുപാർശകൾ കുമിഞ്ഞു കൂടിയതും തീരുമാനമെടുക്കുന്നത് വൈകാൻ പ്രധാന കാരണമാകുന്നു. 2024-ലെ സംസ്ഥാന ടിവി അവാർഡ് നിർണയവും 2025-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവും സംബന്ധിച്ച പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
ചലച്ചിത്ര അക്കാദമിക്കു മുന്നിൽ ശിപാർശ കൂമ്പാരംചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകാനാണ് ഏറ്റവും കൂടുതൽ പേർ രംഗത്തുവന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ശിപാർശയിലെത്തിയവരെ മാറ്റിനിർത്തിയശേഷം യോഗ്യതയ്ക്ക് മുൻതൂക്കം നൽകിയുള്ള തെരഞ്ഞെടുപ്പാണ് നടത്തുന്നതെന്ന് മന്ത്രി പിസി വിഷ്ണുനാഥ് നേരത്തെ പറഞ്ഞിരുന്നു. നിലവിൽ ഒരു താത്കാലിക സെക്രട്ടറി മാത്രമാണ് ചലച്ചിത്ര അക്കാദമിയുടെ ദൈനംദിന ചുമതലകൾ വഹിക്കുന്നത്. ചെയർമാൻ സ്ഥാനത്തേക്ക് 10 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിരുന്നു. അതിൽ പ്രമുഖ സംവിധായകൻ ബ്ലെസിക്കാണ് മുൻതൂക്കം. സംവിധായകരായ സത്യൻ അന്തിക്കാട്, ദീപു കരുണാകരൻ, ജോഷി മാത്യു, ജോയ് മാത്യു, നടൻ രവീന്ദ്രൻ എന്നിവരും പരിഗണനയിലുണ്ട്. നടൻ ജഗദീഷിനെ സമീപിച്ചെങ്കിലും അദ്ദേഹം താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
പാർട്ടിബന്ധം നോക്കണമെന്ന് നേതൃത്വംപ്രശസ്തരായ സിനിമാ പ്രവർത്തകരിൽ ഒരാളെ അക്കാദമി ചെയർമാനാക്കണമെന്ന് ഒരു വിഭാഗവും, കഴിഞ്ഞ 10 വർഷം പാർട്ടിയോട് ചേർന്നു നിന്നവർക്ക് പദവി നൽകണമെന്ന് മറ്റൊരു നേതൃവിഭാഗവും നിലപാടെടുക്കുന്നു. അതാണ്, നിലവിലെ തർക്കത്തിന് കാരണം. നാളെ കൂടുന്ന യുഡിഎഫ് യോഗത്തിൽ സമവായത്തിലെത്താൻ കഴിയുമെന്നാണ് സാംസ്കാരിക വകുപ്പിൻ്റെ പ്രതീക്ഷ. ചലച്ചിത്ര വികസന കോർപറേഷൻ്റെ ചെയർമാൻ സ്ഥാനത്തേക്ക് സംവിധായകൻ സത്യൻ അന്തിക്കാട്, നിർമാതാക്കളായ എം രഞ്ജിത്, സാബു ചെറിയാൻ, സംവിധായകൻ ജോഷി മാത്യു എന്നിവർക്കു പുറമെ മുൻ ചെയർമാൻ കെ മധുവിൻ്റെ പേരും പരിഗണനയിലുണ്ട്.
അവതാളത്തിലായ ചലച്ചിത്രമേളകളും അവാർഡുകളും
- അന്താരാഷ്ട്ര ഡോക്യുമെൻ്ററി- ഹ്രസ്വചിത്രമേള: 18-ാമത് കേരള അന്താരാഷ്ട്ര ഡോക്യുമെൻ്ററി ഹ്രസ്വചിത്രമേള സെപ്റ്റംബർ 25 മുതൽ 30 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. മേളയിലേക്ക് 1,741 ചിത്രങ്ങളുടെ എൻട്രികൾ ലഭിച്ചു. എന്നാൽ, പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറിയെ ഇതുവരെ നിയമിച്ചിട്ടില്ല.
- ഐഎഫ്എഫ്കെ: ഡിസംബർ 11 മുതൽ 18 വരെ സംഘടിപ്പിക്കേണ്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സിനിമകളുടെ തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങേണ്ട സമയം അതിക്രമിച്ചു. പ്രാരംഭ നടപടികൾ പോലും ആരംഭിച്ചില്ല.
- സംസ്ഥാന ടിവി അവാർഡുകൾ: 2024-ലെ സംസ്ഥാന ടിവി അവാർഡുകൾ പ്രഖ്യാപിച്ചെങ്കിലും അവാർഡ് വിതരണം നടന്നിട്ടില്ല. 2025-ലെ ടിവി അവാർഡിനായുള്ള എൻട്രികൾ ലഭിച്ചെങ്കിലും നിർണയത്തിനായി ജൂറിയെ രൂപീകരിച്ചിട്ടില്ല. പ്രാരംഭ നടപടികൾ ആരംഭിച്ചില്ല.
- സംസ്ഥാന ചലച്ചിത്ര അവാർഡ് (2025): എൻട്രികൾ സമർപ്പിക്കപ്പെട്ടു. എന്നാൽ, മൂല്യനിർണയത്തിനുള്ള ജൂറി രൂപീകരണം ഇതുവരെ പൂർത്തിയായില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR