സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് ലോക കടുവ സംരക്ഷണ ദിനം
Thiruvananthapuram, 29 ജൂലൈ (H.S.) സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് ലോക കടുവ സംരക്ഷണ ദിനം. വയനാട്ടിലടക്കം കടുവാപ്പേടിയിൽ ദിനരാത്രങ്ങൾ തള്ളിനീക്കുന്നവർക്ക് ഈ ദിനം അത്ര പ്രിയപ്പെട്ടതാകില്ലെങ്കിലും, വംശനാശ ഭീഷണി നേരിട
INDIA TIGER CONSERVATION


Thiruvananthapuram, 29 ജൂലൈ (H.S.)

സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് ലോക കടുവ സംരക്ഷണ ദിനം. വയനാട്ടിലടക്കം കടുവാപ്പേടിയിൽ ദിനരാത്രങ്ങൾ തള്ളിനീക്കുന്നവർക്ക് ഈ ദിനം അത്ര പ്രിയപ്പെട്ടതാകില്ലെങ്കിലും, വംശനാശ ഭീഷണി നേരിടുന്ന ഈ ജീവിവർഗത്തിൻ്റെ സംരക്ഷണം അനിവാര്യമാണ്. മാർജാര കുടുംബത്തിലെ വീരന്മാരായ കടുവകൾ അസാമാന്യ ആരോഗ്യവും ഗാംഭീര്യവും ഒത്തിണങ്ങിയവയാണ്. പാരിസ്ഥിതിക സന്തുലനം നിലനിർത്തുന്നതിൽ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

കടുവകളുടെ കണക്കെടുപ്പ്

കടുവ പരിപാലനത്തിൻ്റെയും സംരക്ഷണത്തിൻ്റെയും ഭാഗമായി നാല് വർഷം കൂടുമ്പോഴാണ് രാജ്യത്ത് ഇവയുടെ കണക്കെടുപ്പ് നടത്തുന്നത്. ഇതിൻ്റെ ഭാഗമായി 2025ൽ ആരംഭിച്ച പുതിയ സെൻസസ് അവസാന ഘട്ടത്തിലാണ്. കണക്കെടുപ്പ് നടപടികൾ പൂർത്തിയായെങ്കിലും ഔദ്യോഗിക വിവരങ്ങൾ പുറത്തുവരാൻ ഏതാനും മാസങ്ങൾ കൂടി കാത്തിരിക്കണം. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയാണ് രാജ്യത്ത് കണക്കെടുപ്പിന് നേതൃത്വം നൽകുന്നത്. കേരളത്തിൽ വനംവകുപ്പും ഇതിൽ പങ്കാളികളാണ്. നിലവിലെ കണക്കെടുപ്പ് പ്രക്രിയ ഇക്കഴിഞ്ഞ ഏപ്രിലിൽ അവസാനിച്ചുവെന്നും, ഇപ്പോൾ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും കണക്കുകൾ ക്രോഡീകരിക്കുകയാണെന്നും സംസ്ഥാന വനംവകുപ്പ് കിഴക്കൻ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സാജു സി.യു ഇടിവി ഭാരതിനോട് പറഞ്ഞു.

രാജ്യത്തുള്ളത് 3682 കടുവകൾ

2022ലെ സെൻസസ് പ്രകാരം രാജ്യത്ത് 3682 കടുവകളാണുള്ളത്. സംസ്ഥാനത്ത് 213 എണ്ണമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ പെരിയാർ, പറമ്പിക്കുളം എന്നിങ്ങനെ രണ്ട് കടുവ സംരക്ഷണ കേന്ദ്രങ്ങളാണുള്ളത്. കഴിഞ്ഞ സെൻസസ് പ്രകാരം പെരിയാറിൽ 30 മുതൽ 34 വരെ കടുവകളുണ്ടാകാമെന്ന് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. ഇതിന് പുറമേ വയനാട്ടിലും കടുവ സാന്നിധ്യമുണ്ട്. അവിടെ 75 മുതൽ 80 വരെ കടുവകളുണ്ടെന്നാണ് കഴിഞ്ഞ തവണത്തെ കണക്ക്. കോന്നി, റാന്നി ഫോറസ്റ്റ് ഡിവിഷനുകളിലും കടുവകളുണ്ട്. റാന്നി റേഞ്ചിൽ ഉൾപ്പെടുന്ന പമ്പയുടെ ചില ഭാഗങ്ങളിലും ഗൂഡ്രിക്കൽ റേഞ്ചിലുമാണ് ഇവയുള്ളത്. അച്ചൻകോവിൽ വരെ നീണ്ടുകിടക്കുന്ന വനത്തിലെ കടുവകളുടെ കൃത്യമായ കണക്ക് പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ൽ നടന്ന കണക്കെടുപ്പ് പ്രകാരം രാജ്യത്താകമാനം 2,967 കടുവകളാണുണ്ടായിരുന്നത്. ഇതിൽ 526 എണ്ണവും മധ്യപ്രദേശിലായിരുന്നു. രോഗഗ്രസ്തരായി അവശരാകുന്ന സാഹചര്യങ്ങളിൽ കടുവകൾ ഉൾവനങ്ങളിലേക്ക് കടക്കാറുണ്ട്. അവിടെ ഇവ ചത്തോ എന്ന് നിർണയിക്കുക പ്രയാസകരമാണ്. മരണശേഷം ഇവയുടെ ശരീരം പെട്ടെന്ന് അഴുകിദ്രവിക്കും. പലപ്പോഴും മറ്റു ജീവികൾ കടുവയുടെ ജഡം ആഹാരമാക്കാറുമുണ്ട്.

ഇന്ത്യയിലുള്ളത് 58 കടുവാസങ്കേതങ്ങൾ

നിലവിൽ 58 പ്രധാനപ്പെട്ട കടുവാസങ്കേതങ്ങളാണ് ഇന്ത്യയിലുള്ളത്. അരുണാചൽപ്രദേശ്, അസം, ഛത്തീസ്ഗഡ്, കർണാടക, കേരള, മധ്യപ്രദേശ്, മഹാരാഷ്ട്ര, മിസോറാം, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്. പറമ്പിക്കുളം, പെരിയാർ എന്നിവയാണ് കേരളത്തിലെ കടുവാസങ്കേതങ്ങൾ. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് റിസർവ്, രാജസ്ഥാനിലെ രൺഥംബോർ, സരിസ്ക, മധ്യപ്രദേശിലെ ബാന്ധവ്ഗഡ്, കൻഹ, ആന്ധ്രാപ്രദേശിലെ ശ്രീശൈലം, പശ്ചിമബംഗാളിലെ സുന്ദർബൻസ് തുടങ്ങിയവ ലോകപ്രശസ്തമായ ഇന്ത്യൻ കടുവാസങ്കേതങ്ങളാണ്.

കടുവകളുടെ മരണം2012 മുതൽ 2022 വരെയുള്ള പത്ത് വർഷ കാലയളവിൽ ചരിഞ്ഞ കടുവകളുടെ കണക്ക് ദേശീയ കടുവ സംരക്ഷണ അതോറിറ്റി പുറത്തുവിട്ടിരുന്നു. 1,059 കടുവകൾ കഴിഞ്ഞ പതിറ്റാണ്ടിൽ ചരിഞ്ഞുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ കടുവകൾക്ക് ജീവൻ നഷ്ടമായത്. ഒൻപത് കടുവ സംരക്ഷണ കേന്ദ്രങ്ങളുള്ള മധ്യപ്രദേശിൽ 202 കടുവകളാണ് 2012 മുതൽ 2020 വരെയുള്ള കാലയളവിൽ ചരിഞ്ഞത്. മഹാരാഷ്ട്രയിൽ 141, കർണാടകയിൽ 123, ഉത്തരാഖണ്ഡിൽ 93, തമിഴ്നാട്ടിൽ 62, അസമിൽ 60, കേരളത്തിൽ 45, ഉത്തർപ്രദേശിൽ 44 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ. കഴിഞ്ഞ പതിറ്റാണ്ടിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകൾ ചരിഞ്ഞത് 2021ലാണ്. 127 കടുവകളെയാണ് അന്ന് രാജ്യത്തിന് നഷ്ടമായത്.

വേട്ടയാടൽ ഭീഷണിഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം കടുവകൾ ഉണ്ടായിരുന്നെന്നാണ് കണക്ക്. എന്നാൽ ബ്രിട്ടീഷ് ഭരണകാലത്തും മറ്റും കടുവകൾക്ക് നേരെ വലിയ തോതിൽ വേട്ടയാടൽ നടന്നു. ഇന്നും കടുവകൾ അനധികൃത വേട്ടയാടലിൻ്റെ ഭീഷണിയിലാണ്. വേട്ടയാടി ലഭിക്കുന്ന കടുവയുടെ ശരീരഭാഗങ്ങൾ പലപ്പോഴും ചൈനയിലെ അനധികൃത മാർക്കറ്റുകളിലേക്കാണ് കടത്തുന്നത്. കടുവാത്തോലിന് 65 ലക്ഷം രൂപ വരെ വില ലഭിക്കുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. കടുവയുടെ ശരീരഭാഗങ്ങൾ ചൈനീസ് പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിക്കുന്നുണ്ട്. മധ്യപ്രദേശിലെ ബഹേലിയ ഗ്യാങ് പോലുള്ള ക്രിമിനൽ സംഘങ്ങൾ കടുവാവേട്ടയിൽ കുപ്രസിദ്ധി നേടിയവരാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News