Enter your Email Address to subscribe to our newsletters

Thiruvananthapuram, 29 ജൂലൈ (H.S.)
യുഡിഎഫ് ബോർഡ്-കോർപറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന യുഡിഎഫ് യോഗത്തിൽ ഘടകകക്ഷികൾക്കിടയിലുള്ള വിഭജനത്തിന് ഉപസമിതിയെ ചുമതലപ്പെടുത്തിയേക്കും. ഘടകകക്ഷികൾക്കിടയിൽ വിഭജനം സംബന്ധിച്ച ആശയവിനിമയവും തർക്കങ്ങളും പരിഹരിക്കാനാവും ഉപസമിതിയെ ഏർപ്പെടുത്തുക. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്താണ് യുഡിഎഫിൽ അവസാനമായി ബോർഡ്-കോർപറേഷൻ വീതം വയ്ക്കൽ നടന്നത്. നിലവിൽ ഈ മാനദണ്ഡം തുടരാൻ തീരുമാനിച്ചാൽ ഉപസമിതി ഉണ്ടാവില്ല. എന്നാൽ പത്ത് വർഷങ്ങൾക്ക് ശേഷം ഭരണം ലഭിക്കുന്നതിനാൽ തന്നെ പഴയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വീതം വയ്ക്കൽ നടക്കാനിടയില്ല.
ഏറ്റവും വേഗത്തിൽ വിഭജനം പൂർത്തിയാക്കണമെന്നാണ് യുഡിഎഫിനുള്ളിൽ ഉയരുന്ന പൊതുധാരണ. ആദ്യം ഏതെല്ലാം ബോർഡുകൾ ആർക്കൊക്കെ എന്ന കാര്യത്തിലാവും തീരുമാനമെടുക്കുക. പിന്നീടാവും ഓരോ കക്ഷികളും അവരവരുടെ ബോർഡിൽ ചെയർമാനെയും അംഗങ്ങളെയും നിശ്ചയിക്കുക. യോഗത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്, മുഖ്യമന്ത്രി വിഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.
കോൺഗ്രസ് കഴിഞ്ഞാൽ മുന്നണിയിലെ ഏറ്റവും പ്രമുഖ കക്ഷിയായ മുസ്ലിം ലീഗിനാവും കൂടുതൽ ബോർഡ്-കോർപറേഷൻ സ്ഥാനങ്ങൾ നൽകുക. ചെറിയ കക്ഷികൾക്ക് ഒന്നിലധികം ബോർഡ് നൽകുന്നതിൽ കോൺഗ്രസിന് താത്പര്യമില്ല. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയ കക്ഷികൾക്ക് കൂടുതൽ ബോർഡുകൾ നൽകണമെന്നാണ് ചെറു കക്ഷികളുടെ ആവശ്യം. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പുതിയ അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്തിയിരുന്നുമില്ല. ഇങ്ങനെ ഒരു ഘട്ടത്തിലാണ് ബോർഡ്-കോർപറേഷൻ ചർച്ചകൾ അനിശ്ചിതാവസ്ഥയിലായത്. പിന്നീട് ഘടകകക്ഷികളുടെ സമ്മർദത്തിന് വഴങ്ങിയാണ് നിലവിലെ വിഭജന നീക്കം.
കോൺഗ്രസിന് ലഭിക്കുന്ന സ്ഥാനങ്ങളിൽ നിയമനം നീണ്ടേക്കും
കെപിസിസി പ്രസിഡൻ്റ് നിയമനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തുടങ്ങിയിട്ടില്ലാത്തതിനാൽ തന്നെ നിലവിൽ നടക്കുന്ന വിഭജനത്തിൽ കോൺഗ്രസിന് ലഭിക്കുന്ന ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളിൽ വിഭജനം നീളാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് ചർച്ചകൾക്ക് നേതൃത്വം വഹിക്കാൻ തയാറായാൽ നിയമനം നീണ്ടേക്കില്ല. നിലവിൽ പുതിയ അധ്യക്ഷൻ തന്നെ ചർച്ചകൾ നടത്തണമെന്ന് സംസ്ഥാനത്ത് നിന്ന് വികാരമുയർന്നാൽ മാത്രമാവും നിയമനങ്ങൾ നീളുക.
ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തും ചർച്ചകൾ നീണ്ടു
ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളുടെ വിഭജനം സംബന്ധിച്ച് 2011ൽ ഉമ്മൻ ചാണ്ടി നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരിൻ്റെ കാലത്തും ചർച്ചകൾ നീണ്ടു പോയിരുന്നു. മുന്നണിയിൽ ബോർഡ്-കോർപറേഷൻ സംബന്ധിച്ചുള്ള വിഭജന ചർച്ചകളിൽ ഘടകകക്ഷികൾ അഭിപ്രായ ഐക്യത്തിലെത്തിയിരുന്നില്ല. അന്ന് എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള സമവായ ചർച്ചകളും അരങ്ങേറിയിരുന്നു. നിലവിൽ പ്രകടമായി ഗ്രൂപ്പുകൾ പാർട്ടിക്കുള്ളിൽ ഇല്ലെന്നാണ് പറയുന്നതെങ്കിലും കെസി വേണുഗോപാൽ പക്ഷമാണ് പാർട്ടിയിൽ പിടിമുറുക്കിയിട്ടുള്ളത്. മുൻപത്തേത് പോലെ ശക്തമല്ലെങ്കിലും എ ഗ്രൂപ്പിലെ ഒരു വിഭാഗവും പാർട്ടിക്കുള്ളിലുണ്ട്. ഇതിന് പുറമേ മുഖ്യമന്ത്രി വിഡി സതീശനെ അനുകൂലിക്കുന്ന പക്ഷവും പാർട്ടിയിൽ സജീവമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR