കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് കുതിച്ചത് 130 കിലോമീറ്റർ വേഗതയിൽ
Kozhikode , 29 ജൂലൈ (H.S.) കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് കുതിച്ചത് 130 കിലോമീറ്റർ വേഗതയിൽ. ആറുവരിപ്പാതയിൽ വലിയ വാഹനങ്ങൾക്ക് അനുവദിക്കപ്പെട്ട പരമാവധി വേഗം 80 കിലോമീറ്ററാണ്. അമിതവേഗവും അപകടം നടക്കുന്ന സമയത്ത് മഴ പെയ്തിരുന്നതിനാലും ബസ
Bus accident


Kozhikode , 29 ജൂലൈ (H.S.)

കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് കുതിച്ചത് 130 കിലോമീറ്റർ വേഗതയിൽ. ആറുവരിപ്പാതയിൽ വലിയ വാഹനങ്ങൾക്ക് അനുവദിക്കപ്പെട്ട പരമാവധി വേഗം 80 കിലോമീറ്ററാണ്. അമിതവേഗവും അപകടം നടക്കുന്ന സമയത്ത് മഴ പെയ്തിരുന്നതിനാലും ബസിൻ്റെ ടയറും റോഡും തമ്മിൽ വേണ്ടത്ര ബന്ധിക്കപ്പെടാതിരുന്നതുമാണ് (അക്വ പ്ലെയ്നിങ്) അപകടകാരണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് രൂപവത്കരിച്ച നാറ്റ്പാക്, എൻഎച്ച്എഐ, മോട്ടോർവാഹന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ബസിൻ്റെ വേഗം സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്. ആറുവരിപ്പാതയിലെ നിരീക്ഷണ ക്യാമറകളുടെ കുറ്റിപ്പുറത്തുള്ള കൺട്രോൾ റൂമിൽനിന്നാണ് അന്വേഷണ സംഘം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചത്. ആറുവരിപ്പാതയിലെ സർവീസ് റോഡുകളുടെ പ്രവേശനഭാഗങ്ങളിലും പുറത്തേക്ക് പോകുന്ന ഭാഗങ്ങളിലും വലിയ വാഹനങ്ങൾക്ക് അനുവദിച്ച വേഗം 50 കിലോമീറ്ററാണ്. അപകടം നടന്ന അത്താണി ബസാർ സർവീസ് റോഡിൻ്റെ സമീപം എത്തുന്നതിന് മുൻപ് ബസിൻ്റെ വേഗം 130 കിലോമീറ്റർ ആയിരുന്നുവെന്നാണ് കണ്ടെത്തൽ.

ആറുവരിപ്പാതയിൽ വാഹനങ്ങളുടെ അമിതവേഗത്തിന് കടിഞ്ഞാണിടാൻ പിഴ ചുമത്തുന്ന സംവിധാനം നടപ്പാക്കണമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. ഡ്രൈവറെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൻ്റെ യഥാർഥചിത്രം വ്യക്തമാകുവെന്നും അപകടവുമായി ബന്ധപ്പെട്ട് മുഴുവൻ പരിശോധനകളും പൂർത്തിയാക്കിയശേഷമേ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മലപ്പുറം എൻഫോഴ്സ്മെൻ്റ് ആർടിഒ യൂസഫ്, ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പി സുനിൽ പുളിക്കൽ, എൻഎച്ച്എഐ എൻജിനിയർ ടീം ലീഡർ ഷാജി, ക്വാളിറ്റി എൻജിനിയർ തേജസ് വാർ റെഡി, ലെയ്സൺ ഓഫിസർ പി പി അഷ്റഫ്, എൻ എ ടി പി എ സി സയൻ്റിസ്റ്റ് സജിത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

എവിടെ വേഗപ്പൂട്ട് ?

സ്വകാര്യ ബസുകൾ ഉൾപ്പെടെ ഭാരവാഹനങ്ങളുടെ മരണപ്പാച്ചിലിൽ ജീവനുകൾ പൊലിയുമ്പോൾ ഉയർന്നു കേൾക്കുന്ന പേരാണ് വേഗപ്പൂട്ട്. 2004 ഫെബ്രുവരി 29 മുതലാണ് കേരളത്തിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളിൽ വേഗപ്പൂട്ട് നിർബന്ധമാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് നിലവിൽ വന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം കൊണ്ടുവന്ന ഈ നിയമം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ 2003 ഏപ്രിൽ 16 ന് ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ബസുടമകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇത് മരവിപ്പിച്ചു. പിന്നീട് കോടതിയലക്ഷ്യക്കേസ് പരിഗണിച്ചുകൊണ്ട്, 2004 ഫെബ്രുവരി 29 നകം സംസ്ഥാനത്തെ എല്ലാ സ്വകാര്യ ഭാരവാഹനങ്ങളിലും വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന് ഹൈക്കോടതി കർശനമായി നിർദ്ദേശിക്കുകയായിരുന്നു. 80 കിലോമീറ്റർ ആയിരുന്നു വേഗപ്പൂട്ടിൽ നിജപ്പെടുത്തിയ വേഗത. എന്നാൽ കുറ്റിപ്പുറത്തെ അപകടത്തിന് കാരണമായ ബസ് ഓടിയത് 130 കിലോമീറ്റർ വേഗതയിൽ ആണെന്ന് കണ്ടെത്തിയപ്പോൾ വേഗപ്പൂട്ട് എവിടെപ്പോയി?

കുറ്റിപ്പുറത്തുണ്ടായ ബസ് അപകടത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഗതാഗത മന്ത്രി സി പി ജോൺ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. അപകടത്തെക്കുറിച്ച് സമഗ്രമായ പോസ്റ്റ് ക്രാഷ് എൻക്വയറി പുരോഗമിക്കുകയാണെന്നും ഇത്തരം ദാരുണമായ സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും സി പി ജോൺ വ്യക്തമാക്കിയിരുന്നു. മഴക്കാലത്ത് റോഡപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉടനീളം കർശനമായ വേഗനിയന്ത്രണം ഏർപ്പെടുത്തും. വേഗപ്പൂട്ട് ഇല്ലാതെ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കുറ്റിപ്പുറത്തെ റിപ്പോർട്ട് വന്നതോടെ മന്ത്രി പറഞ്ഞതെല്ലാം നടപ്പിലാകുമോ?

എന്താണ് വേഗപ്പൂട്ട്?

വാഹനങ്ങളുടെ അമിതവേഗതയ്ക്ക് തടയിടുന്ന ഒരു 'ഡിജിറ്റൽ ബ്രേക്ക്' ആണിത്. ഡ്രൈവർ എത്രതന്നെ ആക്സിലറേറ്റർ കൊടുത്താലും, വാഹനം നിശ്ചിത കിലോമീറ്ററിനപ്പുറം വേഗത കൈവരിക്കില്ല എന്ന് ഉറപ്പാക്കാൻ ഈ ഉപകരണം സഹായിക്കുന്നു. വാഹനത്തിൻ്റെ എഞ്ചിനിലേക്ക് പോകുന്ന ഇന്ധനത്തിൻ്റെയോ വായുവിൻ്റെയോ അളവ് നിയന്ത്രിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. വേഗത നിശ്ചിത പരിധിയിലെത്തിയാൽ സിഗ്നലുകൾ വഴി ഇന്ധന വിതരണം ക്രമീകരിച്ച് വേഗത അത്രയായിത്തന്നെ നിലനിർത്തുന്നു. ഹെവി വാഹനങ്ങളായ ബസുകൾ, ലോറികൾ എന്നിവയിൽ വേഗപ്പൂട്ട് ഘടിപ്പിക്കണമെന്നത് നിയമപ്രകാരം നിർബന്ധമാണ്.

പലപ്പോഴും സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടവും, സമയക്രമം പാലിക്കാനുള്ള നെട്ടോട്ടവുമാണ് റോഡുകളെ മരണക്കെണിയാക്കുന്നത്. കുറ്റിപ്പുറം അപകടത്തിൽപ്പെട്ട ബസ് റോഡിലൂടെ തെന്നിമാറി ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൃത്യമായ വേഗപ്പൂട്ടുകൾ പ്രവർത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആ വാഹനത്തെ നിയന്ത്രണവിധേയമാക്കാൻ ഡ്രൈവർക്ക് സാധിക്കുമായിരുന്നു. ഇതിന് പിന്നാലെയാണ് വേഗപ്പൂട്ട് നിയമം കര്ശനമാക്കാൻ സര്ക്കാര് ഒരുങ്ങുന്നത്. സ്പീഡ് ഗവർണറുകളിൽ കൃത്രിമം കാണിക്കുന്ന വലിയ വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗത മന്ത്രിയും സർക്കാരും പ്രസ്താവനകൾ തുടരുമ്പോഴും അമിതവേഗതയിൽ ജീവൻ പൊലിയുന്ന സംഭവങ്ങൾ തുടർക്കാഴ്ചയാവുകയാണ്.

എന്താണ് അക്വ പ്ലെയ്നിങ്?

വെള്ളമുള്ള റോഡുകളിലൂടെ വാഹനം അമിതവേഗതയിൽ ഓടിക്കുമ്പോൾ, ടയറിനും റോഡിനും ഇടയിൽ ഒരു ജലപാളി രൂപപ്പെടുകയും ടയറിന് റോഡുമായുള്ള ബന്ധം പൂർണമായി നഷ്ടപ്പെടുകയും ചെയ്യുന്ന അപകടകരമായ പ്രതിഭാസമാണ് ജലപാളി പ്രവർത്തനം. സാധാരണയായി ടയറിലെ ചാലുകൾ റോഡിലെ വെള്ളത്തെ പുറന്തള്ളിയാണ് റോഡുമായി ഘർഷണം നിലനിർത്തുന്നത്. എന്നാൽ അമിതവേഗത കാരണം ടയറുകൾക്ക് വെള്ളം പൂർണമായി പുറന്തള്ളാൻ കഴിയാതെ വരുമ്പോൾ വാഹനം റോഡിന് മുകളിലൂടെയല്ല, മറിച്ച് വെള്ളത്തിന് മുകളിലൂടെയാണ് തെന്നി നീങ്ങുന്നത്. ഈ സമയത്ത് സ്റ്റിയറിങ്, ബ്രേക്ക് എന്നിവയുടെ നിയന്ത്രണം ഡ്രൈവർക്ക് പൂർണമായും നഷ്ടമാകുന്നു. വാഹനം വേഗതയിൽ ഓടിക്കുമ്പോൾ ടയറിന് അടിയിലെ വെള്ളം മാറാൻ സമയം ലഭിക്കില്ല. ടയറിലെ കട്ടകൾ തേഞ്ഞു തീരുമ്പോൾ വെള്ളം പുറത്തേക്ക് കളയാനുള്ള ശേഷി കുറയുന്നു. റോഡിൽ ആവശ്യത്തിന് ഡ്രെയിനേജ് ഇല്ലാതെ വെള്ളം കെട്ടിക്കിടക്കുന്നത് അക്വ പ്ലെയ്നിങിന് കാരണമാകുന്നു. ടയറുകളിൽ കാറ്റ് കുറവായിരിക്കുമ്പോൾ ജലപാളി രൂപപ്പെടാനുള്ള സാധ്യത കൂടുന്നു.

അക്വാ പ്ലെയിനിങ് ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭയം കാരണം പെട്ടെന്ന് ബ്രേക്ക് ചവിട്ടിയാൽ വാഹനം പൂർണമായി കൺട്രോൾ തെറ്റി മറിയാൻ സാധ്യതയുണ്ട്. പതുക്കെ ആക്സിലറേറ്ററിൽ നിന്നും കാൽ എടുത്ത് വാഹനത്തിൻ്റെ വേഗത കുറയ്ക്കുക. സ്റ്റിയറിങ് പെട്ടെന്ന് തിരിക്കാതെ, വാഹനം പോകുന്ന ദിശയിലേക്ക് തന്നെ നേരെ പിടിക്കുക. മാനുവൽ ഗിയർ വാഹനമാണെങ്കിൽ ക്ലച്ച് അമർത്തിപ്പിടിക്കുന്നത് ടയറുകളുടെ കറക്കം സ്വഭാവിക രീതിയിലാക്കാൻ സഹായിക്കും.

കേരളത്തിലെ ആറുവരി ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ തരത്തിലുള്ള ആക്ഷേപങ്ങളാണ് ഇതിനകം തന്നെ ഉയർന്നിരിക്കുന്നത്. തുടർച്ചയായി മഴപെയ്താൽ റോഡിൻ്റെ പല ഭാഗത്തും വലിയ തോതിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയുണ്ട്. വാഹനത്തിൻ്റെ വേഗത കൂടുമ്പോൾ ഇത് അപകടം ക്ഷണിച്ചു വരുത്തും. ഒപ്പം എതിർ ദിശയിൽ നിന്ന് ഒരു വാഹനം വേഗതയിൽ കടന്നുപോയാൽ ചില്ലിൻ്റെ മുകളിലേക്ക് വെള്ളമടിച്ച് കയറുന്ന അവസ്ഥ. ഇത് മുന്നോട്ടുള്ള യാത്രയെ തടസപ്പെടുത്തുന്നു. ഒപ്പം അപകടവും വിളിച്ചുവരുത്തും. രണ്ടു ഭാഗങ്ങളായി മൂന്നു വരികളാണ് ദേശീയപാതയ്ക്കുള്ളത്. ഒരു ഭാഗത്ത് കൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനം മറുഭാഗത്തേക്ക് പോലും തിരമാലകൾ പോലെ വെള്ളം ഉയർത്തുന്നു. ഇതും വലിയ അപകടമാണ്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ തോന്നിയത് പോലെയാണ് കേരളത്തിലെ ദേശീയപാത നിർമ്മാണം നടത്തിയിരിക്കുന്നത് എന്നതാണ് യാഥാർഥ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News