കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി എൻഎസ്യുഐ
Thiruvananthapuram, 29 ജൂലൈ (H.S.) കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി എൻഎസ്യുഐ (National Students Union Of India). എൻഎസ്യുഐ തീരുമാനിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം അംഗത്വ കാമ്പയിൻ നടത്തും. തുടർന്ന് ചീഫ് ഇലക്ഷൻ അതോറിറ്റി (CEA) അ
NSUI MEMBERSHIP CAMPAIGN


Thiruvananthapuram, 29 ജൂലൈ (H.S.)

കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി എൻഎസ്യുഐ (National Students Union Of India). എൻഎസ്യുഐ തീരുമാനിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം അംഗത്വ കാമ്പയിൻ നടത്തും. തുടർന്ന് ചീഫ് ഇലക്ഷൻ അതോറിറ്റി (CEA) അതത് സംസ്ഥാനങ്ങൾ സന്ദർശിച്ച് പത്രസമ്മേളനം നടത്തി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.

എൻഎസ്യുഐ തയാറാക്കുന്ന സമയപ്രകാരമാവും ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുക. മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയും സാങ്കേതികവിദ്യയുടെ സഹായത്തോടെ ആപ്പ് അധിഷ്ഠിത ഓൺലൈൻ സംവിധാനത്തിലൂടെയായിരിക്കും. സ്വതന്ത്രവും നീതിപൂർവകവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതാണ് ഈ സംവിധാനം.

മൂന്നംഗ ചീഫ് ഇലക്ഷൻ അതോറിറ്റി

തെരഞ്ഞെടുപ്പ് പ്രക്രിയകൾ സുഗമമാക്കാൻ മൂന്നംഗ ചീഫ് ഇലക്ഷൻ അതോറിറ്റിയെയാണ് എൻഎസ്യുഐ ചുമതലപ്പെടുത്തിയിരിക്കുന്നത്. കിരൺ മുഗബസവ്, കെകെ ശാസ്ത്രി, നിഷാന്ത് മണ്ഡൽ എന്നിവരെയാണ് എൻഎസ്യുഐ ചുമതല വഹിക്കുന്ന കനയ്യ കുമാർ നിയോഗിച്ചിട്ടുള്ളത്.

സംസ്ഥാന പ്രസിഡൻ്റാവാൻ കോളജ് യൂണിറ്റ് പ്രസിഡൻ്റാവണം: നോമിനേഷൻ ഫീസ് 1000 മുതൽ 5000 വരെ

കെഎസ്യു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ആദ്യം പഠിക്കുന്ന കോളജിൻ്റെയോ യൂണിവേഴ്സിറ്റിയുടെയോ യൂണിറ്റിൻ്റെ പ്രസിഡൻ്റാവണമെന്നാണ് പുതിയ മാനദണ്ഡം. ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവർ കോളജ് യൂണിറ്റ് കമ്മിറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ട അംഗമായിരിക്കണം. സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരിക്കുന്നവർക്കും ഇതേ മാനദണ്ഡമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഒരു കോളജ് യൂണിറ്റ് കമ്മിറ്റിയിൽ 11 അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്. ആയിരം രൂപയാണ് കോളജ് യൂണിറ്റ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിന് സംഘടന ഏർപ്പെടുത്തിയിട്ടുള്ള നോമിനേഷൻ ഫീസ്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവർ 5000 രൂപയും സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരിക്കുന്നവർ 3000 രൂപയും നോമിനേഷൻ ഫീസായി സംഘടനയ്ക്ക് നൽകണം. മറ്റ് പാർട്ടികളിൽ ഏതിലെങ്കിലും അംഗത്വമുണ്ടെന്ന് തെളിഞ്ഞാൽ കെഎസ്യു അംഗത്വം റദ്ദാകും. വിദ്യാർഥി സമരങ്ങളോട് ബന്ധപ്പെട്ടല്ലാതെ ഏതെങ്കിലും കേസിൽ കോടതി ശിക്ഷിച്ചിട്ടുണ്ടെങ്കിലും വ്യാജരേഖകൾ തെരഞ്ഞെടുപ്പിന് വേണ്ടി നിർമിച്ചാലും മെമ്പർഷിപ്പ് നിലനിൽക്കില്ല.

വാർഷിക അംഗത്വ ഫീസ് 15 രൂപഅംഗത്വത്തിനുള്ള പ്രായപരിധി 16 മുതൽ 27 വയസ്സ് വരെയായിരിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അംഗത്വം എടുക്കുന്ന തീയതിയിൽ 27 വയസ്സിന് താഴെയായിരിക്കണം. അംഗത്വം എടുക്കുമ്പോൾ അപേക്ഷകർ കോളജ് ഐഡി കാർഡും ആധാർ കാർഡും അപ്ലോഡ് ചെയ്യേണ്ടതാണ്. മൂന്ന് വർഷത്തേക്കുള്ള അംഗത്വ ഫീസ് 45 രൂപയായിരിക്കും. അതായത് ഒരു വർഷത്തേക്ക് 15 രൂപ മാത്രമാവും ഫീസുള്ളത്.

കോളജ് കമ്മിറ്റികൾ രൂപീകരിക്കുകയും കോളജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ നിശ്ചയിക്കുകയും ചെയ്തതിന് ശേഷം, അവർ ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യും. കോളജ് കമ്മിറ്റി, ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നിവയുടെ ഘടനയും അംഗസംഖ്യയും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രത്യേകം പ്രഖ്യാപിക്കും.

അംഗത്വ നടപടിക്രമം പൂർത്തിയായതിന് ശേഷം അപ്ലോഡ് ചെയ്ത എല്ലാ രേഖകളും കൃത്യമായി പരിശോധിക്കും. രേഖകളെ സംബന്ധിച്ച് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഉന്നയിക്കാൻ പ്രത്യേക സമയപരിധിയും അനുവദിക്കും. ഔദ്യോഗിക എൻഎസ്യുഐ വെബ്സൈറ്റ് ആയിരിക്കും പ്രധാന വിവരവിനിമയ വേദി. സംസ്ഥാനതല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തോടനുബന്ധിച്ച് പ്രത്യേക മൊബൈൽ ആപ്പും പുറത്തിറക്കും.

തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായിഇത്തവണ രണ്ട് ഘട്ടങ്ങളായാവും തെരഞ്ഞെടുപ്പ് നടത്തുക. ഒന്നാംഘട്ടത്തിൽ കോളജ്, സർവകലാശാല യൂണിറ്റുകളിലെ തെരഞ്ഞെടുപ്പും രണ്ടാം ഘട്ടത്തിൽ ജില്ലാ, സംസ്ഥാന തലങ്ങളിലെ തെരഞ്ഞെടുപ്പും നടക്കും. യോഗ്യത, അംഗത്വം, നാമനിർദേശം, വോട്ടെടുപ്പ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റെല്ലാ നിയമങ്ങളും നിശ്ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് നടപ്പിലാക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News