Enter your Email Address to subscribe to our newsletters

Ernakulam , 29 ജൂലൈ (H.S.)
ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കഞ്ചാവ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലെ പ്രത്യേക ഇൻസിനറേറ്ററിൽ എത്തിച്ച് പൂർണമായി കത്തിച്ചു കളഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി സിറ്റി പൊലീസ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവുകളിലൂടെയും റെയ്ഡുകളിലൂടെയും പിടിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കഞ്ചാവാണ് കത്തിച്ച് കളഞ്ഞത്.
ഇതോടൊപ്പം എംഡിഎംഎ ഉൾപ്പടെയുള്ള സിന്തറ്റിക്ക് ലഹരി മരുന്നുകളും നശിപ്പിച്ചു. ഇതൊരു തൂഫാൻ ഫയറാണെന്നും നിലവിൽ കോടതി നടപടികൾ പൂർത്തിയായ കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി മരുന്നുകളാണ് നശിപ്പിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായും ഇതിന് മുമ്പും ലഹരി മരുന്നുകൾക്കെതിരെ നഗരത്തിൽ പൊലീസ് ശക്തമാക്കിയ നടപടികളുടെ ഭാഗമായി പിടികൂടിയ ലഹരി വസ്തുക്കളാണ് നശിപ്പിച്ചത്. കേസ് നടപടികൾ പൂർത്തിയാക്കിയ 750 കിലോയോളം കഞ്ചാവും, എംഡിഎംഎ, ലഹരി ഗുളികകൾ, എന്നിവ സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും കൊച്ചി മേയറുടെയും സാന്നിധ്യത്തിലാണ് നശിപ്പിച്ചത്. പുറത്ത് ഒന്നും ഇത്ര സുരക്ഷിതമായി ഇത് കത്തിക്കാന് സാധിക്കില്ലാത്തത് കൊണ്ടാണ് ബ്രഹ്മപുരത്തെ ഇൻസിനറേറ്റർ ഇതിനായി ഉപയോഗിച്ചതെന്നും പുകയിൽ നിന്നുള്ള ചെറിയ വിഷാംശങ്ങൾ പോലും ഒഴിവാക്കികൊണ്ട് ഏറ്റവും സുരക്ഷിതമായിട്ടാണ് കത്തിക്കുന്നതെന്നും കൊച്ചി മേയർ വി.കെ മിനിമോൾ പറഞ്ഞു.
വൻ ശേഖരം, കൃത്യമായ മുൻകരുതൽ
വ്യത്യസ്ത കേസുകളിലായി പിടിച്ചെടുത്ത 750 കിലോഗ്രാം കഞ്ചാവാണ് അതീവ സുരക്ഷയിൽ ബ്രഹ്മപുരത്തേക്ക് മാറ്റിയത്. കോടതി നടപടികളും ശാസ്ത്രീയ പരിശോധനകളും പൂർത്തിയായ കേസുകളിലെ തൊണ്ടിമുതലുകളാണ് നശിപ്പിച്ചത്. കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചതിനെ തുടർന്ന് എആർ ക്യാമ്പിൽ നിന്ന് ശക്തമായ പൊലീസ് അകമ്പടിയോടെയാണ് ലഹരിശേഖരം ബ്രഹ്മപുരത്ത് എത്തിച്ചത്.
പരിസ്ഥിതി മലിനീകരണം ഉണ്ടാകാത്ത രീതിയിൽ, വിഷ പുക പുറത്തുപോകാത്ത അത്യാധുനിക ഇൻസിനറേറ്റർ സംവിധാനം ഉപയോഗിച്ചാണ് കഞ്ചാവ് കത്തിച്ചത്. നശീകരണ പ്രക്രിയ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കുകയും കൃത്യമായ കണക്കുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ലഹരി മാഫിയകൾക്ക് പൊലീസിൻ്റെ ശക്തമായ മുന്നറിയിപ്പ്
വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് സംസ്ഥാനത്തിന് പുറത്തുനിന്ന് ട്രെയിനുകളിലും അന്തർസംസ്ഥാന ബസുകളിലും രഹസ്യമായി എത്തിച്ച കഞ്ചാവാണ് വിവിധ സമയങ്ങളിലായി സിറ്റി പൊലീസ് പിടികൂടിയത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങളിലെ പ്രധാനികളെ അടക്കം കഴിഞ്ഞ വർഷം സിറ്റി പോലീസ് വലയിലാക്കിയിരുന്നു.
നഗരത്തിൽ ലഹരിയുടെ ഉപയോഗവും വിൽപ്പനയും പൂർണമായും തുടച്ചുനീക്കുകയാണ് ലക്ഷ്യം. പിടിയിലാകുന്ന തൊണ്ടിമുതലുകൾ കൃത്യമായി നശിപ്പിക്കുന്നത് ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ പ്രധാന ഘട്ടമാണ്. വരും ദിവസങ്ങളിലും ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പരിശോധനകളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും കൂടുതൽ ശക്തമായി തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നഗരവാസികളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയോടെ 'ഡ്രഗ് ഫ്രീ കൊച്ചി' എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ഈ ലഹരി നശീകരണത്തിലൂടെ സിറ്റി പൊലീസ് കൈവരിച്ചിരിക്കുന്നത്. ലഹരിവസ്തുക്കളുടെ കടത്തോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്നും വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR