സംസ്ഥാനത്ത് കേന്ദ്രാവിഷ്കൃത സ്കൂൾ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ അനിശ്ചിതത്വത്തിൽ
Thiruvananthapuram, 29 ജൂലൈ (H.S.) സംസ്ഥാനത്ത് കേന്ദ്രാവിഷ്കൃത സ്കൂൾ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ അനിശ്ചിതത്വത്തിൽ. പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാനത്തിൻ്
PM Shri


Thiruvananthapuram, 29 ജൂലൈ (H.S.)

സംസ്ഥാനത്ത് കേന്ദ്രാവിഷ്കൃത സ്കൂൾ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ അനിശ്ചിതത്വത്തിൽ. പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാനത്തിൻ്റെ നിബന്ധനകൾ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയ സമിതി രണ്ട് തവണ യോഗം ചേർന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.

ജൂൺ 17നാണ് മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ഉപസമിതി നിലവിൽ വന്നത്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ, മന്ത്രിമാരായ പിസി വിഷ്ണുനാഥ്, റോജി എം ജോൺ, എം ലിജു എന്നിവരാണ് സമിതിയിലുള്ളത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇതുവരെ അന്തിമ തീരുമാനത്തിലെത്താൻ സമിതിക്ക് കഴിഞ്ഞിട്ടില്ല. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് സംസ്ഥാനത്ത് പദ്ധതി കൊണ്ടുവരാൻ കരാറിൽ ഒപ്പുവച്ചത്. എന്നാൽ നിലവിൽ പ്രതിപക്ഷത്തുള്ള അവർ തന്നെ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രചാരണം സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ വളരെ ജാഗ്രതയോടെ തീരുമാനമെടുക്കാനാണ് സർക്കാരിൻ്റെ നീക്കം.

സംസ്ഥാനം പദ്ധതിയുടെ ഭാഗമെന്ന് മുഖ്യമന്ത്രികഴിഞ്ഞ എൽഡിഎഫ് സർക്കാർ പിഎം ശ്രീ കരാറിൽ ഒപ്പുവച്ചതിനാൽ സംസ്ഥാനം നിലവിൽ പദ്ധതിയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ സംസ്ഥാന സർക്കാരിനുള്ള അവകാശങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കാനുള്ള സ്കൂളുകൾ തെരഞ്ഞെടുക്കാനും അവിടുത്തെ പാഠ്യപദ്ധതി തീരുമാനിക്കാനുമുള്ള അവകാശം സംസ്ഥാന സർക്കാരിനു തന്നെ വേണമെന്നാണ് നിലപാട്. രാജ്യത്തുടനീളമുള്ള സ്കൂളുകളുടെ നിലവാരം ഉയർത്താനും ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പിഎം ശ്രീ പദ്ധതി. ഈ കാര്യങ്ങൾ കൂടി പരിഗണിച്ച് അന്തിമ രൂപം നൽകാനാണ് ഉപസമിതിയെ ചുമതലപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രിയെ സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി പദ്ധതിക്കെതിരെയുള്ള രാഷ്ട്രീയ എതിർപ്പ് അറിയിച്ചിരുന്നു. മന്ത്രിസഭാ ഉപസമിതി ഒരുതവണ കൂടി യോഗം ചേർന്ന ശേഷം നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകുമെന്നും മന്ത്രിസഭാ യോഗത്തിലാവും പദ്ധതി നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.

ഒപ്പിട്ടത് പിഎം ശ്രീ നടപ്പാക്കാനല്ല

കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീ സംബന്ധിച്ച കരാറിൽ ഒപ്പിട്ടത് പദ്ധതി നടപ്പാക്കാനായിരുന്നില്ലെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) ഫണ്ട് കേന്ദ്രം പിടിച്ചുവച്ചത് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ വരിഞ്ഞുമുറുക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയിൽ പണം ചെലവിടുന്നതിന് ഇത് തടസമായി. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ലെന്നും അങ്ങനെ വേണമെങ്കിൽ പുതിയ സർക്കാർ പദ്ധതിയിൽ നയപരമായ തീരുമാനമെടുക്കണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് കേന്ദ്രം തടഞ്ഞുവച്ചിരുന്നത്. ഇത് വിട്ടുകിട്ടാൻ വേണ്ടിയുള്ള സമ്മർദത്തിൻ്റെ ഭാഗമായാണ് അന്ന് കരാറിൽ ഏർപ്പെട്ടതെന്നാണ് ഇടതുപക്ഷത്തിൻ്റെ വിശദീകരണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News