Enter your Email Address to subscribe to our newsletters

Thiruvananthapuram, 29 ജൂലൈ (H.S.)
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയിലെ ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ പി.എസ്.സിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പി.എസ്.സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ എഫ്.ഐ.ആറിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല. ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി ഉദ്യോഗസ്ഥർ നാല് തവണ പി.എസ്.സി ആസ്ഥാനത്ത് പരിശോധന നടത്തിയിരുന്നു.
ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 54 മാർക്കിന്റെ പത്ത് ചോദ്യങ്ങൾക്ക് എന്തുകൊണ്ട് മൂല്യനിർണയം നടത്തിയില്ലെന്നതാണ് അന്വേഷണത്തിലെ പ്രധാന വിഷയം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ സൂചന.
പരീക്ഷാ മൂല്യനിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടി ഉദ്യോഗാർഥിയായ കെ. ശ്യാംകൃഷ്ണൻ നൽകിയ പരാതിയാണ് അന്വേഷണത്തിലേക്ക് നയിച്ചത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ചത്. ഐ.ജി അജിതാ ബീഗത്തിന് പുറമെ എസ്.പി സക്കറിയ മാത്യുവും ഡിവൈ.എസ്.പി ജി. അജയ് നാഖും അന്വേഷണസംഘത്തിലുണ്ട്.
---------------
Hindusthan Samachar / Sreejith S