നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണങ്ങൾ നിഷേധിക്കാനും അതുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനും ബിജെപി നേതൃയോഗത്തിൽ തീരുമാനം
Thiruvananthapuram, 29 ജൂലൈ (H.S.) നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണങ്ങൾ നിഷേധിക്കാനും അതുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനും ബിജെപി നേതൃയോഗത്തിൽ തീരുമാനം. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരും ജനറൽ സെക്രട്ടറിമാരും കോർ കമ്മിറ്റി അംഗങ
BJP ELECTION FUND  ALLEGATION


Thiruvananthapuram, 29 ജൂലൈ (H.S.)

നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണങ്ങൾ നിഷേധിക്കാനും അതുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനും ബിജെപി നേതൃയോഗത്തിൽ തീരുമാനം. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരും ജനറൽ സെക്രട്ടറിമാരും കോർ കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 'മിഷൻ 2029'നെക്കുറിച്ചും നേതൃയോഗം ചർച്ച ചെയ്തു. പാർട്ടി ജയസാധ്യത കാണുന്ന ആറു ലോക്സഭാമണ്ഡലങ്ങളിൽ ഇപ്പോൾ തന്നെ പ്രവർത്തനം ആരംഭിക്കാനും നേതൃയോഗം തീരുമാനിച്ചു. അതതു മണ്ഡലങ്ങളുടെ ചുമതലക്കാരെയും നിശ്ചയിച്ചു.

തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അത്തരം സംഘടിത ആക്രമണങ്ങളെ തള്ളിക്കളയണമെന്നും യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായമുയർന്നു. ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾ പരസ്യ പ്രതികരണം നടത്തരുതെന്ന നിർദേശവും യോഗത്തിൽ അംഗീകരിക്കപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലുണ്ടായ മുന്നേറ്റം നിലനിർത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും പരമ്പരാഗത വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടാക്കി, കേന്ദ്രസർക്കാരിൻ്റെ വികസന നേട്ടങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ 'നമോ ടാസ്ക് ഫോഴ്സ്' രൂപീകരിക്കാനും നേതൃയോഗം തീരുമാനിച്ചു. യോഗത്തിനു ശേഷം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ചുമലക്കാരാക്കിയവർ തന്നെയാകും മത്സരിക്കാനും സാധ്യത. സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ (തിരുവനന്തപുരം), മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ (ആറ്റിങ്ങൽ), ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി (പത്തനംതിട്ട), ബി ബി ഗോപകുമാർ (കൊല്ലം), സുരേഷ്ഗോപി (തൃശൂർ) എന്നിവർക്കാണ് ചുമതല നൽകിയത്. വി മുരളീധരൻ എംഎൽഎ മത്സരിക്കുന്നില്ലെങ്കിൽ പുന:സംഘടനാ സമയത്ത് കേന്ദ്രഘടകത്തിലേക്ക് അദ്ദേഹത്തെ പരിഗണിക്കും. തെരഞ്ഞെടുപ്പ് മാനേജിങ് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന എസ് സുരേഷിനെ തൽക്കാലം മാറ്റിനിർത്തി പാർട്ടിക്കുള്ളിലെ വിവാദങ്ങൾ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായാണ് സൂചന. ചൊവ്വാഴ്ച കഴക്കൂട്ടത്ത് വി മുരളീധരൻ്റെ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തത് രാജീവ് ചന്ദ്രശേഖറായിരുന്നു. കെ സുരേന്ദ്രനും പങ്കെടുത്തു. എസ് സുരേഷ് ഈ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

ബിജെപി സംസ്ഥാന നേതൃനിരയിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നതായും സൂചനയുണ്ട്. ഇതിൻ്റെ ഭാഗമായി രാജീവ് ചന്ദ്രശേഖറും മുരളീധരപക്ഷവുമായി ചർച്ചകൾ നടത്തിയതായും അഭ്യൂഹമുണ്ട്. രാജീവ് ചന്ദ്രശേഖറിൻ്റെ വിശ്വസ്തനായിരുന്ന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണിയുടെ പ്രവർത്തനമേഖല പത്തനംതിട്ടയിലേക്കു മാറ്റി. യുവമോർച്ചയുടെ പ്രഭാരിസ്ഥാനം ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടത്. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആളാകണം പ്രഭാരിയെന്ന നിർദ്ദേശത്തെത്തുടർന്ന് മുരളീധരപക്ഷത്തുള്ള സംസ്ഥാന വൈസ് പ്രസിഡൻ്റ് പി സുധീറിനാണ് ചുമതല നൽകിയത്. ഇത് മാറുന്ന ഗ്രൂപ്പ്സമവാക്യത്തിൻ്റെ തെളിവായിട്ടാണ് നേതാക്കൾ കാണുന്നത്.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളിയാഴ്ചത്തെ കൗൺസിൽ യോഗം ബിജെപിക്ക് നിർണായകമാകും. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ അയോഗ്യത മറികടക്കാൻ അഭിഭാഷകർ മുഖേന മേയർക്ക് അവധി അപേക്ഷ നൽകി. ഇത് മേയർ കൗൺസിലിൽ അംഗീകാരത്തിന് സമർപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് കൗൺസിൽ യോഗത്തിലും സുഗതൻ പങ്കെടുത്തിരുന്നില്ല. മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ സുഗതൻ അയോഗ്യനാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ബിജെപി ശ്രമം. ജൂൺ 29നാണ് കഴിഞ്ഞ കൗൺസിൽ യോഗം ചേർന്നത്. മാസത്തിൽ ഒരു കൗൺസിൽ യോഗം നിർബന്ധമാണെന്നിരിക്കെയാണ് വെള്ളിയാഴ്ച കൗൺസിൽ വിളിച്ചിരിക്കുന്നത്. ഈ മാസത്തെ കൗൺസിലിലും സുഗതൻ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News