Enter your Email Address to subscribe to our newsletters

Nilambur , 29 ജൂലൈ (H.S.)
നിലമ്പൂർ/മലപ്പുറം: മലപ്പുറം അകമ്പാടത്തെ സ്വകാര്യ ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. തിങ്കളാഴ്ച രാത്രി 12 മണിയോടെ കടുത്ത വയറുവേദനയെ തുടർന്നാണ് ചാലിയാർ സ്വദേശിയായ യുവതിയെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം അകമ്പാടത്തെ ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ, യുവതി ഗർഭിണിയാണെന്നുള്ള വിവരങ്ങളെല്ലാം പൂർണ്ണമായും മറച്ചുവെച്ചാണ് കുടുംബം ആശുപത്രി ജീവനക്കാരോട് സംസാരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആശുപത്രിയിലെത്തിയ യുവതിക്ക് അമിതമായ രക്തസ്രാവം ഉണ്ടാകുകയും ആ സമയത്ത് ഗൈനക്കോളജിസ്റ്റ് ലഭ്യമാകാതിരിക്കുകയും ചെയ്തു.
ശുചിമുറിയിൽ പ്രസവിച്ച് കുഞ്ഞിനെ ബക്കറ്റിലിട്ടു
തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ തയാറെടുക്കുന്നതിനിടെ ശുചിമുറിയിൽ പോകണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. വസ്ത്രം മാറാനെന്ന വ്യാജേന ശുചിമുറിയിൽ കയറിയ യുവതി അവിടെവെച്ച് പ്രസവിക്കുകയും, തുടർന്ന് കുഞ്ഞിനെ ശുചിമുറിയിലുണ്ടായിരുന്ന ബക്കറ്റിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക സൂചന.
ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ യുവതി, കുഞ്ഞിനെ അവിടെത്തന്നെ ഉപേക്ഷിച്ച് ഭർത്താവിനൊപ്പം നേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
വയറ്റിൽ എന്തോ പൊട്ടിയതാണെന്ന് വാദം
ആശുപത്രിയിൽ നിന്ന് നിലമ്പൂരിലേക്ക് പോകുന്നതിനിടെ വയറ്റിൽ എന്തോ പൊട്ടിയതുകൊണ്ടാണ് രക്തസ്രാവമുണ്ടായതെന്നാണ് യുവതി തങ്ങളെ അറിയിച്ചതെന്നാണ് വിവരം.
ചൊവ്വാഴ്ച രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് ബക്കറ്റിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രി അധികൃതർ നിലമ്പൂർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് തലേദിവസം രാത്രി ആശുപത്രിയിലെത്തിയ യുവതിയുടെതാണ് കുഞ്ഞെന്ന് സ്ഥിരീകരിച്ചത്.
അന്വേഷണം ഊർജ്ജിതം
നിലവിൽ യുവതി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലും പ്രസവശേഷമുള്ള നിരീക്ഷണത്തിലുമാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ യുവതിയുടെയും ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഗർഭവിവരം മനഃപൂർവ്വം മറച്ചുവെച്ചതിലും കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിലും വലിയ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പൊലീസ് വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K