ന്യൂനമർദ സ്വാധീനം: സംസ്ഥാനത്ത് മഴ കനക്കുന്നു; വിവിധ ജില്ലകളിൽ ഓഗസ്റ്റ് ഒന്നു വരെ യെലോ അലർട്ട്
Thiruvananthapuram , 29 ജൂലൈ (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും തീവ്രമാകുമെന്ന് മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും പരക്കെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനൊപ്പം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്
ന്യൂനമർദ സ്വാധീനം: സംസ്ഥാനത്ത് മഴ കനക്കുന്നു; വിവിധ ജില്ലകളിൽ ഓഗസ്റ്റ് ഒന്നു വരെ യെലോ അലർട്ട്


Thiruvananthapuram , 29 ജൂലൈ (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും തീവ്രമാകുമെന്ന് മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും പരക്കെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനൊപ്പം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കപ്പെടുന്നു. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് വരും ദിവസങ്ങളിലും ഓഗസ്റ്റ് ഒന്നാം തീയതി വരെയും സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.

ഒഡീഷക്കും ഛത്തീസ്ഗഡിനും മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നത്. മഴയുടെ തീവ്രത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ യെലോ അലർട്ട് വിവരങ്ങൾ

മഴ മുന്നറിയിപ്പിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ജില്ല തിരിച്ച് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് താഴെ പറയുന്ന രീതിയിലാണ്:

-

ജൂലൈ 29: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

-

ജൂലൈ 30: ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

-

ജൂലൈ 31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

-

ഓഗസ്റ്റ് 01: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട്.

മലയോര മേഖലകളിലും തീരദേശത്തും ജാഗ്രതാ നിർദേശം

മഴ കനക്കുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം. തുടർച്ചയായി മഴ ലഭിക്കുന്ന മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയേറെയാണ്. രാത്രികാലങ്ങളിൽ മലയോര മേഖലകളിലൂടെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ സഹകരിക്കാൻ തയാറായിരിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

നദികളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങളിൽ ഇറങ്ങുന്നതും മീൻപിടിക്കുന്നതും കുളിക്കുന്നതും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ശക്തമായ മഴയ്ക്കൊപ്പം പെട്ടെന്ന് ഉണ്ടാകുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ, വൈദ്യുത പോസ്റ്റുകൾ, പരസ്യ ബോർഡുകൾ എന്നിവയ്ക്ക് സമീപം നൽകാതിരിക്കാൻ ശ്രദ്ധിക്കണം.

നഗരമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഗതാഗത തടസ്സങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. വാഹനമോടിക്കുന്നവർ വേഗത കുറച്ചും ആവശ്യമായ മുൻകരുതലുകൾ എടുത്തും മാത്രം യാത്ര ചെയ്യുക. തീരദേശമേഖലകളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മീൻപിടുത്തക്കാരും ജാഗ്രത പാലിക്കണം. അടിയന്തര സഹായങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്തനിവാരണ സേനകളും സജ്ജമായി പ്രവർത്തിക്കുന്നുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News