Enter your Email Address to subscribe to our newsletters

Newdelhi , 03 ജൂലൈ (H.S.)
ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനകളെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണ നിർദ്ദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. കരസേനാ മേധാവി ജനറൽ ധീരജ് സേത്ത് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യൻ സൈന്യത്തിന്റെ പ്രഹരശേഷിയും പ്രതിരോധവും ഇരട്ടിയാക്കുന്ന അത്യാധുനിക മിസൈലുകളും ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നതിനാണ് ഈ തുക വിനിയോഗിക്കുക.
കരസേനയ്ക്കായി ആന്റി-യുഎവി (Anti-UAV) ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം ആയ 'ആകാശ് തരംഗ്' (AKASH TARANG), മാൻ പോർട്ടബിൾ ആന്റി-ടാങ്ക് ഗൈഡഡ് മിസൈൽ (MPATGM) സംവിധാനങ്ങൾ, മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈൽ (MRSAM) വെപ്പൺ സിസ്റ്റം എന്നിവ വാങ്ങാൻ കൗൺസിൽ അനുമതി നൽകി. കൂടാതെ, വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (V-SHORADS), ടാങ്കുകൾക്കായുള്ള ആക്ടീവ് പ്രൊട്ടക്ഷൻ സിസ്റ്റം, ജെറ്റ് അധിഷ്ഠിത കാമികാസെ ഡ്രോൺ സിസ്റ്റം (Kamikaze Drone System) എന്നിവയും ഇതിലൂടെ സൈന്യത്തിന്റെ ഭാഗമാകും. ഇന്ത്യൻ നാവികസേനയ്ക്കായി കപ്പലുകളിൽ നിന്ന് പ്രവർത്തിപ്പിക്കാവുന്ന അൺമാൻഡ് ഏരിയൽ സിസ്റ്റവും (NSUAS) ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൈന്യത്തിന് നേരെ ശത്രുരാജ്യങ്ങൾ പ്രയോഗിക്കുന്ന ഡ്രോണുകളെയും യുഎവികളെയും ഫലപ്രദമായി ചെറുക്കാൻ 'ആകാശ് തരംഗ്' സംവിധാനത്തിന് സാധിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നു. കാലാൾപ്പടയ്ക്ക് (Infantry) കൂടുതൽ കരുത്തുപകരുന്ന മാൻ പോർട്ടബിൾ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകൾ (MP-ATGM) ശത്രുക്കളുടെ കവചിത വാഹനങ്ങളെയും ടാങ്കുകളെയും തകർക്കാൻ ശേഷിയുള്ളതാണ്. ആകാശത്തുനിന്നുള്ള വിവിധ തരത്തിലുള്ള ദൂരവ്യാപകമായ ഭീഷണികളെ വായുവിൽ വെച്ചുതന്നെ തകർക്കാൻ മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈലുകൾക്ക് (MRSAM) സാധിക്കും.
അതിർത്തിയിലെ പ്രതികൂല സാഹചര്യങ്ങളിലും ശത്രുക്കളുടെ വ്യോമാക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ V-SHORADS സഹായിക്കുമെന്നാണ് വിലയിരുത്തൽ. യുദ്ധഭൂമിയിൽ ഇന്ത്യൻ ടാങ്കുകളുടെ അതിജീവന ശേഷി വർദ്ധിപ്പിക്കുന്നതാണ് പുതിയ ആക്ടീവ് പ്രൊട്ടക്ഷൻ സിസ്റ്റം. കുറഞ്ഞ ചിലവിൽ ശത്രുപാളയങ്ങളിൽ വലിയ നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ള കാമികാസെ ഡ്രോണുകൾ ഇലക്ട്രോണിക് യുദ്ധമുറകളിൽ ഇന്ത്യക്ക് വലിയ മേൽക്കൈ നൽകും. ഇന്ത്യൻ സായുധ സേനകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആധുനികവൽക്കരണ പദ്ധതികളിലൊന്നായാണ് ഈ 52,000 കോടിയുടെ അനുമതിയെ പ്രതിരോധ വിദഗ്ധർ കാണുന്നത്.
---------------
Hindusthan Samachar / Roshith K