Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 ജൂലൈ (H.S.)
സ്വകാര്യബസുകളും കെഎസ്ആര്ടിസി ബസുകളും ഒരേസമയം സര്വീസ് നടത്തുന്ന ഇടങ്ങള് ഉടന് കണ്ടെത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്. പ്രിയദര്ശിനി പദ്ധതിയെക്കുറിച്ച് സ്വകാര്യബസുടമകള് ഉയര്ത്തിയ ആശങ്കയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ മാസം മുതലാണ് സംസ്ഥാന സര്ക്കാര് പ്രിയദര്ശിനി പദ്ധതി ആരംഭിച്ചത്. സ്ത്രീകള്ക്ക് സര്ക്കാര് ഓര്ഡിനറി ബസുകളില് തികച്ചും സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണിത്. ഇത് മൂലം സ്വകാര്യ ബസുകള്ക്ക് വലിയ നഷ്ടം സംഭവിക്കുന്നുവെന്ന ആരോപണവുമായി അവര് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള് മിക്ക സര്വീസുകളും നിര്ത്തേണ്ട സ്ഥിതിയിലാണെന്നും ഇവര് വ്യക്തമാക്കുന്നു.
അതേസമയം പദ്ധതി എല്ലാ സ്വകാര്യബസുടമകളെയും ബാധിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്ത് ഏതാണ്ട് എണ്ണായിരത്തോളം ബസുകള് സര്വീസ് നടത്തുന്നുണ്ട്. ഈ ബസുകള്ക്കെല്ലാം ഈ പ്രശ്നമില്ല. സ്വകാര്യ ബസുകള് സര്വീസ് നടത്തുന്ന നിരവധിയിടങ്ങളില് കെഎസ്ആര്ടിസിയുടെ സര്വീസുകള് ഇല്ല. വിഷയം മുഖ്യമന്ത്രി വി ഡി സതീശനുമായി ചര്ച്ച ചെയ്തതായും ഗതാഗതമന്ത്രി വ്യക്തമാക്കി. നേരത്തെ ട്രാന്സ്പോര്ട്ട് കമ്മീഷണറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കെഎസ്ആര്ടിസിയും സ്വകാര്യ ബസുകളും ഒരുമിച്ച് സര്വീസ് നടത്തുന്ന ഇടങ്ങള് കണ്ടെത്തും. ഇതിന് മുഖ്യമന്ത്രി അനുമതി നല്കിക്കഴിഞ്ഞു. സ്വകാര്യ ബസുകള്ക്ക് ബുദ്ധിമുട്ടുള്ള സ്ഥലങ്ങള് കണ്ടെത്തും.
സ്വകാര്യബസുകള്ക്ക് പ്രതിഷേധിക്കാന് അവകാശമുണ്ടെന്നായിരുന്നു പണിമുടക്ക് ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തോട് മന്ത്രി പ്രതികരിച്ചത്. ഈഞ്ചക്കലിലെ കെഎസ്ആര്ടിസി ഭൂമിയില് തിരുവനന്തപുരം കോര്പ്പറേഷന് നിക്ഷേപിച്ച മാലിന്യം ഉടന് നീക്കുമെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി നല്കി. ഭൂമി മറ്റാവശ്യങ്ങള്ക്കായി ഉപ യോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില് വയനാട്ടില് സ്വകാര്യ ബസ് ഉടമകൾ സർവീസ് നിർത്തിവയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി ജില്ലയിൽ 300 സ്വകാര്യ ബസുകളിൽ 160 ബസുകളുടെ ഉടമകൾ ജി-ഫോം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് കെ. അജീഷിൻ്റെ നേതൃത്വത്തിൽ ചേർന്ന ചർച്ചയെ തുടർന്ന് കഴിഞ്ഞ ദിവസം സമരനടപടി തൽക്കാലം പിൻവലിക്കാൻ ബസ് ഉടമകൾ തയ്യാറായി. കെഎസ്ആർടിസി സർവീസുകൾ സ്വകാര്യ ബസുകളെ പ്രതികൂലമായി ബാധിക്കുന്നതും വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട അവ്യക്തതയും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി നടപ്പായതോടെ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ചതെന്ന് ബസ് ഉടമകൾ പറയുന്നത്. പ്രതിദിനം 2000 മുതൽ 5000 രൂപവരെ നഷ്ടമുണ്ടാകുന്നതായാണ് ഇവര് പറയുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR