Enter your Email Address to subscribe to our newsletters

Ernakulam , 03 ജൂലൈ (H.S.)
ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് പിരിച്ച് വിടൽ നടപടിയുമായി അമേരിക്ക ആസ്ഥാനമായ പ്രമുഖ ഹെൽത്ത്കെയർ ബിപിഒ കമ്പനിയായ കോറോ ഹെൽത്ത്. യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് കൂട്ടപിരിച്ചുവിടൽ നടപടിയിലേക്ക് കോറോ ഹെൽത്ത് കടന്നത്. കമ്പനിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തലാക്കുന്നതിൻ്റെ ഭാഗമായി കൊച്ചി, കോഴിക്കോട് ബ്രാഞ്ചുകളിലെ തൊള്ളായിരത്തോളം ജീവനക്കാരുടെ ജോലിയാണ് ഒരൊറ്റ ദിവസം കൊണ്ട് മാനേജ്മെൻ്റ് ഇല്ലാതാക്കിയത്.
അപ്രതീക്ഷിത നടപടിയിൽ അമ്പരന്ന് ജീവനക്കാർ
ഇന്ന് രാവിലെ പതിവുപോലെ ഓഫീസിലെത്തിയ ജീവനക്കാരെ ഞെട്ടിച്ചുകൊണ്ടാണ് മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്നും അപ്രതീക്ഷിത നടപടിയുണ്ടായത്. ലോഗിൻ ചെയ്ത ഉടൻ തന്നെ സിസ്റ്റം ക്ലോസ് ചെയ്യാൻ അധികൃതർ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. യാതൊരു സൂചനയും നൽകാതെ കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകൾ പൂർണ്ണമായും പൂട്ടുകയാണെന്നും പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്നുമുള്ള മാനേജ്മെൻ്റിൻ്റെ പെട്ടെന്നുള്ള പ്രഖ്യാപനം ജീവനക്കാരെ അമ്പരപ്പിലാക്കി. ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റ ദിവസം കൊണ്ട് ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടതോടെ സ്ത്രീകളടക്കം നൂറുകണക്കിന് ജീവനക്കാരാണ് കടുത്ത ആശങ്കയിലായത്. ഇതോടെ ജീവനക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.
മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടിക്ക് പകരമായി ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം കോമ്പൻസേഷനായി നൽകാമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. നിലവിൽ മറ്റൊരു ജോലി ലഭിക്കാൻ പ്രയാസമായതിനാൽ തങ്ങളെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
മുമ്പും സമാനമായ രീതിയിൽ ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ അർഹമായ നഷ്ടപരിഹാരം നൽകാതെ കമ്പനി വഞ്ചിച്ചതായും ജീവനക്കാർ ആരോപിക്കുന്നുണ്ട്. കൃത്യമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതും പെട്ടെന്നുള്ള തൊഴിൽ നഷ്ടവും ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
വിഷയത്തിൽ ഇടപെട്ട് ഉമ തോമസ്
മുന്നറിയിപ്പില്ലാതെ ജീവനക്കാരെ പിരിച്ചുവിട്ട കേസിൽ പ്രതികരിച്ച് ഉമ തോമസ് എംഎൽഎ . കോറോ ഹെൽത്തിലെ അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്ന് കൂട്ടപ്പിരിച്ചുവിടൽ നടപടികൾ തിങ്കളാഴ്ച വരെ മരവിപ്പിച്ചതായി ഉമ തോമസ് എം.എൽ.എ അറിയിച്ചു.
തിങ്കളാഴ്ച കമ്പനി അധികൃതരുമായി വീണ്ടും ചർച്ച നടത്തുമെന്നും അതുവരെ ജീവനക്കാരുടെ കാര്യത്തിൽ നിലവിലെ സ്ഥിതി തുടരുമെന്നും എം.എൽ.എ വ്യക്തമാക്കി. ജീവനക്കാരുടെ പിരിച്ചുവിടൽ ഒഴിവാക്കി മുന്നോട്ട് പോകാനുളള ഒത്തുതീർപ്പ് ശ്രമങ്ങളാണ് നടത്തുകയെന്നും എം.എൽ അറിയിച്ചു.
തിങ്കളാഴ്ചത്തെ ചർച്ച നിർണായകം
തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഉമ തോമസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും കമ്പനി പ്രതിനിധികളുമായി പ്രാഥമിക ചർച്ച നടത്തുകയും ചെയ്തു. ഈ ചർച്ചയിലാണ് പിരിച്ചുവിടൽ നടപടികൾ തിങ്കളാഴ്ച വരെ മരവിപ്പിക്കാൻ തീരുമാനമായത്.
തിങ്കളാഴ്ച നടക്കുന്ന അടുത്ത ഘട്ട ചർച്ചയിൽ ജീവനക്കാരുടെ ആവശ്യങ്ങളും നഷ്ട പരിഹാര പാക്കേജും വിശദമായി ചർച്ച ചെയ്യും. എം.എൽ.എ യുടെ ഇടപെടലിനെത്തുടർന്ന് തൽസ്ഥിതി തുടരുമെന്ന പ്രഖ്യാപനം താൽക്കാലിക ആശ്വാസമേകുന്നുണ്ടെങ്കിലും തങ്ങളുടെ ഭാവി എന്താകുമെന്ന കടുത്ത ആശങ്കയിലാണ് തൊള്ളായിരത്തോളം തൊഴിലാളികൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR