Enter your Email Address to subscribe to our newsletters

Ernakulam , 03 ജൂലൈ (H.S.)
ഇന്ത്യൻ സമുദ്ര ഗവേഷണ രംഗത്ത് നിർണായക നേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). അറബിക്കടലിൻ്റെ ആഴങ്ങളിൽ നിന്ന് തികച്ചും പുതിയൊരു ഇനം ആഴക്കടൽ മത്സ്യത്തെ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ കണ്ടെത്തി.
ലക്ഷദ്വീപ് സമുദ്രത്തിൻ്റെ കിഴക്കൻ മേഖലയിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള ഭാഗത്താണ് ഈ അപൂർവ്വ മത്സ്യത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
പൊതുവേ ഇന്ത്യൻ ഡോറി എന്ന് വിളിക്കുന്ന ഈ മത്സ്യത്തിന് ശാസ്ത്രലോകം 'സിറ്റോപ്സിസ് ഇൻഡിക്ക' (Zenopsis indica) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ എത്തിയ ആഴക്കടൽ ട്രോളിങ് ബോട്ടുകളിൽ നിന്നാണ് ഗവേഷണത്തിന് ആവശ്യമായ ആറ് മത്സ്യങ്ങളെ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞനായ ഡോ. ആർ. രതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്.
പരമ്പരാഗത ശാസ്ത്രീയ വർഗീകരണ രീതികളും അത്യാധുനിക ഡി.എൻ.എ. (DNA) പരിശോധനയും സമന്വയിപ്പിച്ചാണ് ഇത് ഇതുവരെ രേഖപ്പെടുത്താത്ത പുതിയ ഇനം മീനാണെന്ന് ഗവേഷകർ സ്ഥിരീകരിച്ചത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന് തീരങ്ങളിലെ ആഴക്കടലില് ഇനിയും കണ്ടെത്താത്ത വലിയൊരു സമുദ്ര ജൈവവൈവിധ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് സൂചന നല്കുന്നതാണ് പുതിയ കണ്ടെത്തല്.
'സിറ്റോപ്സിസ് ഇൻഡിക്ക' കണ്ടെത്തലിലേക്ക്....
ഇതുവരെ ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെട്ടിരുന്ന ഈ വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങൾ, അറ്റ്ലാൻ്റിക് സമുദ്രത്തിൽ വ്യാപകമായി കാണപ്പെടുന്ന 'സിറ്റോപ്സിസ് റോസിയ എന്ന വിഭാഗത്തിൽപ്പെട്ടതാണെന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാൽ പുതിയ ജനിതക പഠനങ്ങളിലൂടെയും ശാരീരിക ഘടനയിലെ വ്യത്യാസങ്ങൾ വിലയിരുത്തിയതിലൂടെയും അറ്റ്ലാൻ്റിക് ഇനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ജനിതകഘടനയാണ് ഈ ഇന്ത്യൻ ഡോറിക്കുള്ളതെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.
സമുദ്ര ജൈവവൈവിധ്യത്തിലെ പുതിയ വാതിൽ
രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ 'ഇന്ത്യൻ ജേണൽ ഓഫ് ഫിഷറീസ്' എന്ന ശാസ്ത്ര മാസികയിൽ ഈ പഠനത്തിൻ്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരങ്ങളിലെ ആഴക്കടൽ മേഖലകളിൽ ഇനിയും മനുഷ്യ നേത്രങ്ങൾ പതിയാത്തതും ശാസ്ത്രം തൊട്ടറിയാത്തതുമായ വലിയൊരു സമുദ്ര ജൈവവൈവിധ്യം ഒളിഞ്ഞിരിപ്പുണ്ടെന്നതിൻ്റെ വ്യക്തമായ സൂചനയാണ് ഈ കണ്ടെത്തൽ നൽകുന്നത്.
ആഴക്കടൽ സസ്യ-ജീവി സമ്പത്തിനെക്കുറിച്ചും അവയുടെ പരിണാമത്തെക്കുറിച്ചും കൂടുതൽ പഠനങ്ങൾ നടത്തുന്നതിന് 'സിറ്റോപ്സിസ് ഇൻഡിക്ക'യുടെ കണ്ടെത്തൽ വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ ഈ മേഖല കേന്ദ്രീകരിച്ച് കൂടുതൽ ആഴത്തിലുള്ള പര്യവേക്ഷണങ്ങൾക്ക് ഈ പുതിയ കണ്ടുപിടിത്തം കാരണമായേക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR