Enter your Email Address to subscribe to our newsletters

Wayanad , 03 ജൂലൈ (H.S.)
മോട്ടർ ന്യൂറോൺ രോഗം ബാധിച്ച് ദുരിതത്തിലായ കമ്പളക്കാട് സ്വദേശി അനീഷിന് സർക്കാർ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശ്വാസ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ നൽകുമെന്നും അദ്ദേഹം. അനീഷിന്റെ മകന്റെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
വാഹന വായ്പയുമായി ബന്ധപ്പെട്ട പ്രശ്നവും പരിശോധിക്കുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പുനൽകി. കൽപ്പറ്റയിൽ കായകല്പം പദ്ധതിയുടെ ഉദ്ഘാടനത്തിന് മന്ത്രി എത്തിയപ്പോഴാണ് അനീഷിന്റെ കുടുംബം അദ്ദേഹത്തെ നേരില് കണ്ടത്. ഇതിന് പിന്നാലെയാണ് ചികിത്സ ഏറ്റെടുക്കാമെന്ന് അറിയിച്ചത്.
44കാരൻ അനീഷിന് മോട്ടർ ന്യൂറോൺ രോഗം ബാധിച്ചതിനെ തുടർന്ന് ഇരു കൈകളുടെയും ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. നിലവില് വിരല് പോലും അനക്കാന് കഴിയാത്ത അവസ്ഥയാണുള്ളത്. രോഗം മൂർച്ഛിച്ചതോടെ കുടുംബത്തിന്റെ ഏക വരുമാന മാർഗവും ഇല്ലാതായി. മൂന്ന് മാസം മുമ്പുവരെ ഓട്ടോറിക്ഷ ഓടിച്ചാണ് അനീഷ് കുടുംബം പുലർത്തിയിരുന്നത്.
രോഗത്തിന്റെ ആരംഭത്തില് ഒരു കൈയിന്റെ സ്വാധീനം നഷ്ടപ്പെട്ട അനീഷ് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങി ജോലി തുടര്ന്നു. എന്നാല് ഇതിന് പിന്നാലെ ഇടതും കൈയും തളരുകയായിരുന്നു. ഇതോടെ ഓട്ടോറിക്ഷയുടെ വായ്പ പോലും അടക്കാനാകാത്ത അവസ്ഥയിലായി.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ഭാര്യ രജിതയ്ക്കും ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. ഇതോടെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും മകൻ യദുവിന്റെ ചുമലിലായി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അനീഷിന്റെ ചികിത്സ തുടരുന്നത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് കുടുംബം മുന്നോട്ടുപോകുന്നത്. ചികിത്സയ്ക്കും ദൈനംദിന ചെലവുകൾക്കുമായി ആരംഭിച്ച സഹായനിധിയിലൂടെയും പിന്തുണ തുടരുകയാണ്. മന്ത്രിയുടെ പ്രഖ്യാപനം കുടുംബത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
മോട്ടർ ന്യൂറോൺ രോഗം: തലച്ചോറിലെയും സുഷുമ്നയിലെയും പേശികളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങള് നശിക്കുന്ന അപൂര്വ്വ രോഗമാണ് മോട്ടർ ന്യൂറോൺ. നാഡീകോശങ്ങള് നശിക്കാന് തുടങ്ങുമ്പോള് തലച്ചോറില് നിന്നുള്ള സന്ദേശങ്ങള് പേശികളില് എത്താതിരിക്കും. ഇത് പിന്നീട് കൈകാലുകളിലെ ബലഹീനതയ്ക്കും മരവിപ്പിനും കാരണമാകും. സംസാരിക്കാനും ഭക്ഷണം കഴിക്കാനും നടക്കാനുമെല്ലാം പ്രയാസം അനുഭവപ്പെടും. മാത്രമല്ല ശരീര പേശികളില് സ്ഥിരമായി കോച്ചിപ്പിടിത്തവും അനുഭവപ്പെടും. ശ്വാസകോശത്തിന്റെ പ്രവര്ത്തനത്തെയും ഇത് ദുര്ബലമാക്കും. ഉമിനീര് ധാരാളമായി ഉത്പാദിപ്പിക്കപ്പെടും.
ഏത് പ്രായത്തിലുള്ളവര്ക്കും ഈ അസുഖം വന്നേക്കാം. എന്നാല് ഇത് കൂടുതലായും കാണപ്പെടുന്നത് 50 വയസ് കഴിഞ്ഞവരിലാണ്. ചിലപ്പോള് കുട്ടികളിലും ഈ അവസ്ഥയുണ്ടാകാറുണ്ട്. എന്നാല് ഇത് പാരമ്പര്യമായി വരുന്നതായിരിക്കും. അപൂര്വ്വങ്ങളില് അപൂര്വ്വമായ ഈ അസുഖത്തിന് നിലവില് ചികിത്സകള് ലഭ്യമല്ല. എന്നാല് ഏതാനും ചില മരുന്നുകളും ഫിസിയോതെറാപ്പിയും ലഭ്യമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR