Enter your Email Address to subscribe to our newsletters

Newdelhi , 03 ജൂലൈ (H.S.)
രാജ്യത്ത് തെക്ക്-പടിഞ്ഞാറൻ മൺസൂൺ കൂടുതൽ ശക്തിപ്രാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഡൽഹി ഉൾപ്പെടെ രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മൺസൂൺ എത്തിയിട്ടുണ്ട്. രാജസ്ഥാൻ്റെ പടിഞ്ഞാറൻ മേഖലകളിൽ മാത്രമാണ് ഇനിയും മൺസൂൺ എത്താനുള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദവും സജീവമായ മൺസൂൺ പാത്തിയും മഴ ശക്തമാകാൻ കാരണമാകുമെന്ന് ഐഎംഡി വ്യക്തമാക്കി. പശ്ചിമഘട്ട മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മഴയുണ്ടായിട്ടും ചൂടും ഈർപ്പവും എന്തുകൊണ്ട്?
മഴ ലഭിച്ചിട്ടും പല സംസ്ഥാനങ്ങളിലും ചൂടും ഉയർന്ന ഈർപ്പവും തുടരുന്നതിന് പ്രധാന കാരണം വായുവിലെ ഈർപ്പത്തിൻ്റെ അളവ് കൂടുതലായതിനാലാണെന്ന് പരിസ്ഥിതി പ്രവർത്തകൻ ഹിഷ്മി ഹുസൈൻ വിശദീകരിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിന്ന് എത്തുന്ന മൺസൂൺ കാറ്റ് വലിയ അളവിൽ ജലാംശം വഹിക്കുന്നതിനാൽ വായു കൂടുതൽ ഈർപ്പമുള്ളതാകുന്നു.
ചെറിയ മഴയ്ക്ക് പിന്നാലെ സൂര്യപ്രകാശം ശക്തമാകുന്നതും നനഞ്ഞ ഭൂമി വേഗത്തിൽ ചൂടാകുന്നതും ഈർപ്പം വർധിപ്പിക്കുന്നു. രാത്രിയിൽ മേഘാവൃതമായ കാലാവസ്ഥ ചൂട് പുറത്തേക്ക് പോകുന്നത് തടയുന്നതിനാൽ താപനില കുറയാതെ തുടരുകയും ചെയ്യുന്നു.
സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം:
വടക്കേ ഇന്ത്യയിൽ ഡൽഹി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജൂലൈ 8 വരെ വ്യാപക മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ഉത്തരാഖണ്ഡിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, വിദർഭ മേഖലകളിൽ അതിശക്തമായ മഴ ലഭിച്ചേക്കും.
കിഴക്കൻ ഇന്ത്യയിൽ ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, സിക്കിം എന്നിവിടങ്ങളിലും മഴ ശക്തമാകും. അസം, മേഘാലയ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിൽ വ്യാപക മഴ തുടരുമെന്നാണ് പ്രവചനം. പശ്ചിമേന്ത്യയിലെ ഗുജറാത്ത്, കൊങ്കൺ, ഗോവ, സൗരാഷ്ട്ര-കച്ച്, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ജൂലൈ 3 മുതൽ 5 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളം, തീരദേശ കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, റായലസീമ എന്നിവിടങ്ങളിലും അടുത്ത ഒരാഴ്ച ശക്തമായ മഴയും ഇടിമിന്നലും കാറ്റും ഉണ്ടാക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങളിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഗുജറാത്ത്, കൊങ്കൺ, ഗോവ, കർണാടക തീരങ്ങളിലെയും മറ്റ് തീരപ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികൾ അടുത്ത ദിവസങ്ങളിൽ കടലിൽ പോകരുതെന്ന് ഐഎംഡി നിർദേശം നൽകി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR