Enter your Email Address to subscribe to our newsletters

Thiruvananthapuram,03 ജൂലൈ (H.S.)
വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് വിൽക്കുന്നത് സംബന്ധിച്ച് സർക്കാരിൻ്റെ മദ്യനയത്തിൽ തീരുമാനമുണ്ടാവുമെന്ന് എക്സൈസ് മന്ത്രി എം ലിജു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. വിൽപ്പന ഉണ്ടാവുകയാണെങ്കിൽ അന്ന് ചുമത്താനുള്ള നികുതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. മദ്യനയത്തിൽ മാത്രമാവും വിൽപ്പന സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപ്പന സംബന്ധിച്ച ചർച്ചകൾ തുടങ്ങിവെച്ചതും അവതരിപ്പിച്ചതും എൽഡിഎഫാണ്. നികുതി ഘടന തീരുമാനിച്ചത് കൊണ്ട് മാത്രം ഇത് സംസ്ഥാനത്ത് വിൽക്കാനാവില്ല. സംസ്ഥാനത്ത് ഇതിൻ്റെ ലേബൽ, ബ്രാൻഡ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ബീവറേജ്സ് കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിടണം. എന്നാൽ മാത്രമേ ഇവിടെ വിൽക്കാനാവൂ. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ ആരംഭിക്കും. സിപിഎമ്മിൽ പിണറായിക്ക് മറുവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കോൺഗ്രസിൽ ഏകഛത്രാധിപധികൾ ഇല്ല. യെസ്ബോസ് സംവിധാനമല്ല പാർട്ടിക്കുള്ളത്. ഇതൊരു ജനാധിപത്യ പ്ലാറ്റ്ഫോമാണ്. എല്ലാ അഭിപ്രായങ്ങൾ ഉയർന്നു വരികയും സംവാദങ്ങള് നടക്കുകയും കൂട്ടായ തീരുമാനത്തിലെത്തുകയും ചെയ്യുന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 23 വയസുള്ള ആൾക്കാണ് മദ്യം വാങ്ങാൻ കഴിയൂവെന്നും അത് പാലിക്കപ്പേടേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി അറിയിച്ചു.
സഹകരണ ദിനാഘോഷം
ഇത്തവണത്തെ സഹകരണ ദിനാഘോഷം നാളെ കാര്യവട്ടം സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കും. 'കോപ്പറേറ്റീവ്സ് ഫോർ എ പീസ്ഫുൾ വേൾഡ് 'എന്നണ് ഇത്തവണത്തെ സഹകരണദിനത്തിൻ്റെ മുദ്രാവാക്യം. 2025 വർഷത്തെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും മികച്ച അർബൻ സഹകരണ ബാങ്കായി പെരിന്തൽ മണ്ണ അർബൻ കോപ്പറേറ്റീവ് ബാങ്കിനെ തെരഞ്ഞെടുത്തു. മികച്ച പ്രാഥമിക സഹകരണ കാർഷിക ബാങ്കായി കാസർകോട് പ്രാഥമിക സഹകരണ കാർഷിക ബാങ്കിനെയും പ്രാഥമിക കാർഷിക വായ്പ സഹകരണസംഘങ്ങളുടെ വിഭാഗത്തിൽ നന്മണ്ട കോർപ്പറേറ്റീവ് റൂറൽ ബാങ്കിനെയും തെരഞ്ഞെടുത്തു.
എംപ്ലേയീസ് സഹകരണ സംഘങ്ങളിൽ മികച്ച സംഘമായി തൃശൂർ ജില്ലാ കോപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തെ തെരഞ്ഞെടുത്തു. വനിതാ സഹകരണ സംഘങ്ങളിൽ കണ്ണൂരിലെ ചെണ്ടയാട് വനിതാ കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് ലഭിച്ചത്. പട്ടികജാതി- പട്ടിക വർഗ സഹകരണസംഘങ്ങളിൽ മികച്ച സംഘമായി എളങ്കുന്നപ്പുഴ പട്ടികജാതി പട്ടിക വർഗ കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നൽകിയിട്ടുള്ളത്. ആകെ 165 അപേക്ഷകളാണ് ലഭിച്ചത്.
കേരള ബാങ്ക് തുടരും
കേരളബാങ്ക് രൂപീകരണ സമയത്ത് യുഡിഎഫ് എതിർപ്പറിയിച്ചിരുന്നു. നിലവിൽ ഇത് വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് നയപരമായി ഒരു തീരുമാനവും എടുത്തിട്ടില്ല. യുഡിഎഫ് നയം സഹകരണപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുകയെന്നതാണെന്നും എം ലിജു വ്യക്തമാക്കി. 129000 കോടിയുടെ ബിസിനസ് നടക്കുന്ന സ്ഥാപനത്തെ ദുർബലപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ജില്ലാ സഹകരണ ബാങ്കുകൾ പുന:സ്ഥാപിക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. എന്നാൽ വിഷയത്തിൽ നയപരമായ തീരുമാനം എടുത്തിട്ടില്ല. കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയും സഹകരണമേഖലയ്ക്കും ഗുണകരമാകുന്ന നിലപാടുകൾ മാത്രമാവും സ്വീകരിക്കുക.
ആശ്വാസ് വായ്പാ പദ്ധതി പ്രകാരമുള്ള കാര്യങ്ങൾ നിർവ്വഹിക്കാൻ ചില സഹകരണ സംഘങ്ങൾ തയ്യാറാകുന്നില്ല. മാന്യമായ സമീപനമാണ് സംഘങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്. മൂന്ന് മാസത്തേക്ക് ഈ പദ്ധതി നടപ്പാക്കുകയാണ്. ഇത് വായ്പ എടുത്തവർക്കും സംഘങ്ങൾക്കും ഒരു പോലെ രപയോജനകരമാണ്. നിക്ഷേപകരുടെ കാര്യത്തിലും സർക്കാർ ശ്രദ്ധ പുലർത്തുന്നുണ്ട്. നിക്ഷേപ ഗ്യാരൻ്റി സ്കീമിൽ എല്ലാ സംഘങ്ങളും ചേർന്ന് ഇതിനെ വിപുലപ്പെടുത്തണം.
നിക്ഷേപ ഗ്യാരൻ്റി ഫണ്ട് ചിലവഴിക്കുന്നതിൽ ഭേദഗതി വരുത്തും. പ്രതിസന്ധി നേരിടുന്ന സംഘങ്ങൾക്ക് ഇതിൽ നിന്നും സഹായം ലഭ്യമാക്കും. സാങ്കേതിക കാരണങ്ങൾ കൊണ്ട് തകർച്ച നേരിടുന്നവർക്ക് പുനരുജ്ജീവന ഫണ്ട് നൽകുന്ന തരത്തിൽ നിയമമുണ്ടാക്കും. തട്ടിപ്പ് നടത്തിയ സ്ഥലങ്ങളിൽ അതീടാക്കാനുള്ള നടപടി സ്വീകരിക്കും. നിക്ഷേപകരുടെ പണം സംരക്ഷിക്കാനുള്ള ഉത്തരവാദിതവം സർക്കാരിനുണ്ട്. സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള പ്രവർത്തന പദ്ധതികളും ആവിഷ്ക്കരിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR