പാലക്കാട് ഓപ്പറേഷൻ തുഫാൻ്റെ ഭാഗമായുള്ള വാഹനപരിശോധനയ്ക്കിടെ വനിതാ എസ്ഐ ഉൾപ്പെടെയുള്ളവർക്കു നേരെ മദ്യപാനിസംഘത്തിൻ്റെ ആക്രമണം
Palakkad , 03 ജൂലൈ (H.S.) ഓപ്പറേഷൻ തുഫാൻ്റെ ഭാഗമായുള്ള വാഹനപരിശോധനയ്ക്കിടെ വനിതാ എസ്ഐ ഉൾപ്പെടെയുള്ളവർക്കു നേരെ മദ്യപാനിസംഘത്തിൻ്റെ ആക്രമണം. രണ്ട് എസ്ഐമാർ ഉൾപ്പെടെ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അക്രമ
Operation thoofan


Palakkad , 03 ജൂലൈ (H.S.)

ഓപ്പറേഷൻ തുഫാൻ്റെ ഭാഗമായുള്ള വാഹനപരിശോധനയ്ക്കിടെ വനിതാ എസ്ഐ ഉൾപ്പെടെയുള്ളവർക്കു നേരെ മദ്യപാനിസംഘത്തിൻ്റെ ആക്രമണം. രണ്ട് എസ്ഐമാർ ഉൾപ്പെടെ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അക്രമം നടത്തിയ സൈനികൻ അടക്കമുള്ള നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിൻ്റെ ജോലി തടസപ്പെടുത്തുന്ന തരത്തിൽ സൈനികൻ ഉൾപ്പടെയുള്ള നാല് പേർക്കെതിരെയാണ് പെലീസ് കേസ് എടുത്തിരിക്കുന്നത്. അക്രമണത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ ചികിത്സയിലാണ്.

പയറ്റാംകുന്നം പഴമ്പുള്ളിയിൽ ഇന്നലെ വൈകിട്ട് 6.15നായിരുന്നു സംഭവം. പ്രധാന പ്രതി റാഞ്ചിയിൽ ജോലി ചെയ്യുന്ന ലീവിനു നാട്ടിലെത്തിയ സൈനികനും മണ്ണാർക്കാട് കാഞ്ഞിരപ്പുഴ തൃക്കളൂർ സ്വദേശിയുമായ ജിനേഷ്, സുഹൃത്തുക്കളായ തൃക്കാളൂർ സ്വദേശികളായ രഞ്ജിത്ത് , അനീഷ്, അരിയൂർ സ്വദേശി പ്രവീൺ എന്നിവരാണു പിടിയിലായത്. ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ എസ്. സുദർശന, എസ്ഐ ജോൺ സേവ്യർ, സീനിയർ സിപിഒ രജീഷ് എന്നിവർക്കാണു മർദനമേറ്റത്.

ലഹരി കടത്തു തടയുന്നതിൻ്റെ ഭാഗമായി വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ കാറിലെത്തിയ പ്രതികൾ പരിശോധന ചോദ്യം ചെയ്ത് പൊലീസിനെ ആക്രമിക്കുകയായിരുന്നു. വാഹനം കൈകാട്ടി നിർത്തിച്ചു പരിശോധന നടത്തിയ ജോൺ സേവ്യറിയാണ് ആദ്യം ആക്രമിച്ചത്. പിൻസീറ്റിൽ ഇരിക്കുകയായിരുന്ന ജിനേഷ് ഇദ്ദേഹത്തിൻ്റെ മുഖത്തടിച്ചു. കണ്ണട അടിച്ചു പൊട്ടിച്ചു. തടയാൻ ചെന്നപ്പോഴാണു വനിതാ എസ്ഐ ഉൾപ്പെടെയുള്ളവർക്കു നേരെ ആക്രമണമുണ്ടായത്.

ഇതിനിടെ ഒരു പ്രതി സേവ്യറിൻ്റെ കഴുത്തിൽ ചവിട്ടി ഞെരിച്ചതായും പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഹോം ഗാർഡ് വിവരം നൽകിയതോടെ സ്റ്റേഷനിൽ നിന്നു കൂടുതൽ ഉദ്യോഗസ്ഥരെത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരെ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ ജോലി തടസ്സപ്പെടുത്തിയതിനും വനിതാ എസ്ഐ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു പരുക്കേൽപിച്ചതിനും അസഭ്യം പറഞ്ഞതിനുമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ഓപ്പറേഷൻ തുഫാനിലൂടെ കേരളത്തെ ലഹരിയിൽ നിന്നും മുക്തമാക്കുന്നതിനും, കേരത്തിലെ ലഹരി ഉപയോഗിക്കുന്ന യുവക്കളെ അതിൽനിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ്. ഇതിനായി കേരള പൊലീസും സംസ്ഥാന അഭ്യന്തര വകുപ്പും സംയുക്തമായി നടപടികൾ സ്വീകരിക്കുന്നു. എന്നാൽ പൊലീസിൻ്റെ സുരക്ഷ ഇവിടെ പ്രധാനപ്പെട്ട കാര്യമാണ്. അതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News