ലഹരി മാഫിയയ്ക്കെതിരെ പുതിയ നീക്കം; ഓപ്പറേഷൻ തൂഫാന് പ്രത്യേക ടാസ്ക് ഫോഴ്സ്
Thiruvananthapuram, 03 ജൂലൈ (H.S.) ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ ഏറ്റവു
Mukesh Singh, New Manipur DGP मणिपुर के ने डीजीपी मुकेश सिंह


Thiruvananthapuram, 03 ജൂലൈ (H.S.)

ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പോലീസ് സംഘടിപ്പിച്ച 'തൂഫാൻ ജാഗരൺ' പെരുമ്പാവൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളമുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനങ്ങൾ കടന്നുള്ള ലഹരി ശൃംഖലകളെ തകർക്കുന്നതിനും ഈ ടാസ്‌ക് ഫോഴ്‌സ് നേതൃത്വം നൽകും. അതോടൊപ്പം, പെരുമ്പാവൂരിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അധിക പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കും. ഓപ്പറേഷൻ തൂഫാനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പെരുമ്പാവൂർ പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു. ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നത്. അതിനാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ഇന്റലിജൻസ് വിവരങ്ങൾ പങ്കുവെച്ചും സംയുക്ത ഓപ്പറേഷനുകൾ നടത്തിയും ലഹരി മാഫിയയെ വേരോടെ പിഴുതെറിയും. ഇതിനായി കർണാടക, തമിഴ്‌നാട്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി ജൂലായ്‌ 10ന്‌ സംസ്ഥാന പോലീസ്‌ മേധാവിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്‌.

മനുഷ്യന്റെ അധ്വാനത്തിന്റെ മഹത്തായ ഉദാഹരണമാണ് പെരുമ്പാവൂർ. ഏഷ്യയിലെ പ്ലൈവുഡ് തലസ്ഥാനമായി വളർന്ന ഈ നാടിന്റെ അഭിമാനത്തെ മറയാക്കിയാണ് ലഹരി മാഫിയ പ്രവർത്തിക്കാൻ ശ്രമിക്കുന്നത്. പെരുമ്പാവൂരിന്റെ യഥാർഥ തിരിച്ചറിയൽ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് 'ഓപ്പറേഷൻ തൂഫാൻ'. കേരളത്തിലെ ഉയർന്ന വേതനം തേടിയെത്തിയ അതിഥി തൊഴിലാളികളെ മറയാക്കിയും ദുരുപയോഗം ചെയ്തും ലഹരി മാഫിയ കേരളത്തെ വൻലാഭം കൊയ്യുന്ന ലഹരി വ്യാപാരത്തിന്റെ കേന്ദ്രമാക്കാൻ ശ്രമിച്ചു. പ്ലൈവുഡ് ക്യാപിറ്റൽ എന്ന പേര് തിരിച്ചെടുക്കാനുള്ള വലിയ പോരാട്ടത്തിലാണ്‌ പെരുമ്പാവൂർ. ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ വിശ്രമമില്ല.

'തൂഫാൻ കെയർ' പദ്ധതിയുമായി ആദ്യമായി സഹകരിച്ച അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയെ അഭിനന്ദിക്കുന്നു. ഇതോടൊപ്പം 35 ഓളം ആശുപത്രികൾ സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. തൂഫാൻ ശക്തമായി മുന്നോട്ടു പോകും. ലഹരി വേട്ടയിൽ ഒതുങ്ങുന്നതല്ല ഓപ്പറേഷൻ തൂഫാൻ. കർശനമായ നിയമനടപടികളും തുടർനിരീക്ഷണവും ഒരുപോലെ ശക്തമാക്കും. അതിനുദാഹരണമാണ്‌ ഇവിടെ നടന്നത്‌. പെരുമ്പാവൂരിലെ മുഴുവൻ ജനങ്ങളെയും 'തൂഫാൻ വാറിയേഴ്സ്' ആയി പ്രഖ്യാപിക്കുന്നതായും മന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികളുമായി ദീർഘനേരം മന്ത്രി ഹിന്ദിയിൽ സംസാരിച്ചു.

ലഹരിമുക്ത നാടായി പെരുമ്പാവൂരിനെ മാറ്റാനുള്ള ജൈത്രയാത്രയാണ് ആഭ്യന്തരമന്ത്രി ഇവിടെനിന്ന് ആരംഭിക്കുന്നതെന്ന്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ച മനോജ്‌ മുത്തേടൻ എം.എൽ.എ അഭിപ്രായപ്പെട്ടു. പാർലമെന്റ്‌ തുടങ്ങുമ്പോൾ തന്റെ ആദ്യ സബ്‌മിഷൻ എൻ.ഡി.പി.സ്‌ ആക്‌ടിലെ പോരായ്‌മ പരിഹരിക്കുന്നതിനു വേണ്ടിയുള്ളതാകുമെന്ന്‌ ബെന്നി ബെഹനാൻ എം.പി പറഞ്ഞു. ഏറ്റവും മികച്ച മാർക്ക്‌ തൂഫാനും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കും പോലീസിനുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കേസിൽ പിടിക്കപ്പെടുന്നവർക്കായി ഒരു പിന്തുണയും നൽകരുതെന്ന്‌ പറഞ്ഞ വി.പി സജീന്ദ്രൻ എം.എൽ.എ ഏറ്റവും കൂടുതൽ ലഹരിക്കേസ്‌ പിടിക്കുന്ന ഉദ്യോഗസ്ഥർക്ക്‌ പാരിതോഷികം നൽകണമെന്ന അഭിപ്രായവും മുന്നോട്ടുവച്ചു. വിപത്ത്‌ തടയണമെന്ന്‌ ലക്ഷ്യമിട്ട്‌ ഒരു സമൂഹം തന്നെ മുന്നോട്ടു വന്നാൽ ലഹരി മാഫിയ ഒരിക്കലും വിജയിക്കില്ലെന്ന്‌ സംസ്ഥാന പോലീസ്‌ മേധാവി റവാഡ ആസാദ്‌ ചന്ദ്രശേഖർ പറഞ്ഞു.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ജനശ്രദ്ധയിലെത്തിച്ച റസൽ സി.എ., സഹലബത്ത് എം.എസ്. ഉൾപ്പെടെയുള്ള പ്രമുഖർക്ക് ആഭ്യന്തര മന്ത്രി 'തൂഫാൻ വാറിയർ' ബാഡ്ജ് സമ്മാനിച്ചു. പെരുമ്പാവൂർ പൗരാവലിയുടെ ഉപഹാരവും മന്ത്രിക്ക് ചടങ്ങിൽ സമർപ്പിച്ചു. അഡ്വ. എൽദോസ്‌ കുന്നപ്പിള്ളി, ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ, ബ്ളോക്ക്‌ പ്രസിഡന്റ്‌ സുനിൽ,എസ്‌. ഷറഫ്‌, ഒ. ദേവസ്യ, പി. സക്കീർഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർപേഴ്സൺ സംഗീത കെ.എൻ സ്വാഗതവും ആലുവ റൂറൽ എസ്‌.പി സുദർശൻ നന്ദിയും അറിയിച്ചു.

'തൂഫാൻ ജാഗരണി'ൽ ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, സാമൂഹിക-സാമുദായിക സംഘടനാ പ്രതിനിധികൾ, വിദ്യാർഥികൾ, വ്യാപാര-വ്യവസായ മേഖലയിലെ പ്രമുഖർ, അതിഥി തൊഴിലാളികൾ തുടങ്ങി ആയിരങ്ങൾ പങ്കെടുത്തു.

ഉച്ചയ്ക്ക് രണ്ട് മണിക്ക് പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ആരംഭിച്ച ലഹരിവിരുദ്ധ ബഹുജന റാലി മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ സമാപിച്ചു. ആഭ്യന്തര മന്ത്രി 'തൂഫാൻ' പതാക ഉയർത്തി. ലഹരിവിരുദ്ധ സന്ദേശമുയർത്തി തൂഫാൻ ബലൂണുകൾ ആകാശത്തേക്ക് പറത്തിവിട്ടു. ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വ്യാപാര-വ്യവസായ മേഖലയിലെ പ്രതിനിധികളുമായി മുഖാമുഖം സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രി കണ്ടന്തറ ഭായ് കോളനി സന്ദർശിച്ച് പ്രദേശവാസികളുമായി ആശയവിനിമയം നടത്തി. തുടർന്ന് അതിഥി തൊഴിലാളികളുമായി മുഖാമുഖം സംഘടിപ്പിച്ചു. പ്രതിനിധികൾക്ക് 'തൂഫാൻ വാറിയർ' ബാഡ്ജ് സമ്മാനിച്ച മന്ത്രി, ഹിന്ദിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. തുടർന്ന് ജനപ്രതിനിധികളും സംസ്ഥാന പോലീസ് മേധാവിയും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഭായ് കോളനി നിവാസികളുമായും തദ്ദേശവാസികളുമായും കൂടിക്കാഴ്ച നടത്തി.

---------------

Hindusthan Samachar / Sreejith S


Latest News