പി.എസ്.സി നിയമനങ്ങളിലെ ക്രമക്കേടുകളും പിഎസ്സി അംഗങ്ങളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി.
Thiruvananthapuram, 03 ജൂലൈ (H.S.) കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) നടത്തുന്ന വിവിധ നിയമനങ്ങളിൽ കഴിഞ്ഞ ഒരു ദശകമായി തുടരുന്ന ഗുരുതരമായ ക്രമക്കേടുകൾ, അഴിമതികൾ, ചോദ്യപേപ്പർ ചോർച്ച എന്നിവയെക്കുറിച്ചും പി.എസ്.സി അംഗങ്ങളുടെ സാമ്പത്തിക സ്രോതസ്സിനെ
Psc


Thiruvananthapuram, 03 ജൂലൈ (H.S.)

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) നടത്തുന്ന വിവിധ നിയമനങ്ങളിൽ കഴിഞ്ഞ ഒരു ദശകമായി തുടരുന്ന ഗുരുതരമായ ക്രമക്കേടുകൾ, അഴിമതികൾ, ചോദ്യപേപ്പർ ചോർച്ച എന്നിവയെക്കുറിച്ചും പി.എസ്.സി അംഗങ്ങളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് 'സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി' സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സമിതി ചെയർമാൻ ആർ. എസ്. ശശികുമാർ ഗവർണർക്കും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിശദമായ നിവേദനം നൽകി.

ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയായ പി.എസ്.സിയുടെ സുതാര്യതയെയും വിശ്വാസ്യതയെയും തകർക്കുന്ന തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് അടുത്തിടെയായി പുറത്തുവന്നിട്ടുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫീസർ അടക്കമുള്ള തസ്തികകളിലേക്ക് നടന്ന പരീക്ഷകളിൽ 'കുഫോസ്' (KUFOS) സർവകലാശാലയിലെ എസ്.എഫ്.ഐ നേതാക്കൾക്ക് വലിയ തോതിൽ മുൻഗണന ലഭിച്ചു. ആകെ നടത്തിയ 44 നിയമനങ്ങളിൽ 38 പേരും കുഫോസിലെ വിദ്യാർത്ഥികളാണ്. ചോദ്യപേപ്പർ തയ്യാറാക്കിയതിലും ഇന്റർവ്യൂ ബോർഡിലും ഈ സർവകലാശാലയുമായി ബന്ധപ്പെട്ടവരാണ് ഉണ്ടായിരുന്നത്. മറ്റ് സർവകലാശാലകളിലെ ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ബോധപൂർവ്വം ഒഴിവാക്കിയ ഈ സംഭവത്തിൽ, വകുപ്പുതലത്തിന് പുറത്തുള്ള ഏജൻസി അന്വേഷണം വേണമെന്ന് ഫിഷറീസ് ഡയറക്ടർ തന്നെ ശുപാർശ ചെയ്തിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഇതിനുപുറമേ, പ്ലാനിംഗ് ബോർഡിലെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഉത്തരക്കടലാസുകൾ കൃത്യമായി മൂല്യനിർണ്ണയം നടത്തിയില്ലെന്നും ആരോപണമുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് ഒന്നാം റാങ്ക് നൽകാൻ റാങ്ക് ലിസ്റ്റ് ധൃതിപിടിച്ച് പ്രസിദ്ധീകരിച്ചതായും പരാതി ഉയർന്നുകഴിഞ്ഞു. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, ഡി.വൈ.എസ്.പി (സ്പെഷ്യൽ റിക്രൂട്ട്മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്), സർവകലാശാല പി.ആർ.ഓ എന്നിവയിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും പരീക്ഷാ സബ് കമ്മിറ്റികളെ മറികടന്നും കടുത്ത ക്രമക്കേടുകൾ നടത്തിയതായി ആക്ഷേപമുണ്ട്.

മുൻപ് സി.പി.ഓ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ യൂണിവേഴ്സിറ്റി കോളേജ് അക്രമസംഭവത്തിലെ പ്രതികളായ വിദ്യാർത്ഥി നേതാക്കൾ എങ്ങനെ റാങ്ക് ലിസ്റ്റിന്റെ മുൻപന്തിയിൽ എത്തിയെന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ പി.എസ്.സി തയ്യാറാകാത്തതും വലിയ വീഴ്ചയായി സമിതി ചൂണ്ടിക്കാണിക്കുന്നു.

പി.എസ്.സിയിലെ ചെയർമാനും അംഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ഉപജാപക സംഘമാണ് ക്വസ്റ്റ്യൻ പേപ്പർ സെറ്റേഴ്സിനെ നിയോഗിക്കുന്നതെന്നും, ചോദ്യങ്ങൾ കാലേകൂട്ടി ലഭിക്കാൻ വഴിയൊരുക്കുന്നതിലൂടെയാണ് എഴുത്തുപരീക്ഷകളിൽ കൃത്രിമം നടക്കുന്നതെന്നും ആരോപണമുണ്ട്. അടുത്തിടെ താരതമ്യേന പ്രായം കുറഞ്ഞ ഡി.വൈ.എഫ്.ഐയുടെ ഒരു വനിതാ നേതാവിനെ പി.എസ്.സി അംഗമായി നിയമിച്ചത്, ചോദ്യകർത്താക്കളെ സ്വാധീനിക്കുന്നതിനായി ആസൂത്രിതമായി ചെയ്തതാണെന്നും സമിതി ആരോപിക്കുന്നു

ഇത്തരം തുടർച്ചയായ സംഭവങ്ങൾ പി.എസ്.സി എന്ന ഭരണഘടനാ സ്ഥാപനം പൂർണ്ണമായും രാഷ്ട്രീയവൽക്കരിക്കപ്പെട്ടു എന്ന പൊതുജനധാരണയ്ക്ക് കാരണമായിട്ടുണ്ടെന്ന് സമിതി വ്യക്തമാക്കുന്നു. ഇത് രാത്രിയും പകലും കഷ്ടപ്പെട്ട് പഠിക്കുന്ന സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ ആത്മവിശ്വാസം തകർക്കുകയും കേരളത്തിലെ പ്രതിഭകളായ യുവാക്കൾ സുരക്ഷിതമായ തൊഴിൽ തേടി വിദേശങ്ങളിലേക്ക് കുടിയേറാൻ ഇടയാക്കുകയും ചെയ്യുന്നു.

അതുകൊണ്ട്, സത്യസന്ധരും കാര്യശേഷിയുള്ളവരുമായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഈ ക്രമക്കേടുകളെക്കുറിച്ച് എത്രയും വേഗം ഒരു ഉന്നതതല വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News