Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 ജൂലൈ (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ രാഷ്ട്രീയ അലയൊലികൾ ശക്തമാകുന്നു. പാർട്ടി ഉന്നത നേതൃത്വത്തിൻ്റെ മുൻ തീരുമാനങ്ങളെയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളെയും പരസ്യമായി ചോദ്യം ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ പുത്തലത്ത് ദിനേശൻ രംഗത്തെത്തി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാർട്ടിക്ക് കടുത്ത പ്രതിരോധം തീർക്കുന്ന ഗുരുതരമായ ആഭ്യന്തര വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
കണ്ണൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ വൻ വീഴ്ച
പയ്യന്നൂർ, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പാർട്ടി എടുത്ത തീരുമാനങ്ങൾ പാളിപ്പോയെന്ന് പുത്തലത്ത് ദിനേശൻ തുറന്നടിക്കുന്നു. പയ്യന്നൂരിൽ ടി വി മധുസൂദനൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ നിലവിലെ എംഎൽഎ വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളെ പരോക്ഷമായി ശരിവയ്ക്കുന്നതാണ് ഈ പ്രതികരണം. കൂടാതെ, തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
ശബരിമല വിവാദവും വിമത ഭീഷണിയും തിരിച്ചടിയായി
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ ജയിലിലായിരുന്ന സമയത്ത് നടപടിയെടുക്കുന്നതിൽ പരിമിതികൾ ഉണ്ടായിരുന്നുവെന്നത് നേരാണ്. എങ്കിലും, വിഷയത്തിൻ്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി നടപടി സ്വീകരിക്കാത്തത് പാർട്ടിയുടെ വലിയ പോരായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമേ, പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചിരുന്ന ആറ് പ്രമുഖർ എൽഡിഎഫിനെതിരെ വിമതരായി മത്സരിച്ചത് ജനങ്ങൾക്കിടയിൽ പാർട്ടിയുടെ അവമതിപ്പ് വർദ്ധിപ്പിക്കാൻ ഇടയാക്കിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
പ്രചാരണ തന്ത്രങ്ങളിലെ പാളിച്ചകളും പ്രസ്താവനകളും
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളോട് സി പി ഐ എമ്മിന് വിയോജിപ്പുണ്ടായിരുന്നു. എന്നാൽ അത് കുറേക്കൂടി വ്യക്തമായും ശക്തമായും പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റി. ഇത് രാഷ്ട്രീയ എതിരാളികൾക്ക് തെറ്റായ പ്രചരണം നടത്താൻ അവസരമൊരുക്കി.
പാർട്ടിയുടെ പ്രകടന പത്രികയിലെ കാഴ്ചപ്പാടുകൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ കാലങ്ങളിലെന്നപോലെ എൽ ഡി എഫിൻ്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾക്ക് ഇത്തവണ ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന ഗുരുതരമായ കണ്ടെത്തലും അദ്ദേഹം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്തെ ചില നേതാക്കളുടെ പ്രസ്താവനകളും ജനങ്ങളുടെ യഥാർത്ഥ മനോഭാവം മനസ്സിലാക്കുന്നതിൽ പാർട്ടി ഘടകങ്ങൾക്ക് സംഭവിച്ച വീഴ്ചയുമാണ് ഈ ദയനീയ പരാജയത്തിന് ആക്കം കൂട്ടിയതെന്നും പുത്തലത്ത് ദിനേശൻ വിലയിരുത്തുന്നു. പ്രതിസന്ധി ഘട്ടത്തിൽ ഉയർന്നുവന്ന ഈ പരസ്യ പ്രതികരണം വരും ദിവസങ്ങളിൽ സി പി എമ്മിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിതുറക്കുമെന്നുറപ്പാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR