Enter your Email Address to subscribe to our newsletters

Ayodhya , 03 ജൂലൈ (H.S.)
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് അന്വേഷണം പുരോഗമിക്കവെ ട്രസ്റ്റിൻ്റെ അഞ്ച് വർഷത്തെ മുഴുവൻ സാമ്പത്തിക രേഖകളും എസ്ഐടി വീണ്ടും ഓഡിറ്റ് ചെയ്യാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകള്. ക്ഷേത്ര ട്രസ്റ്റിൻ്റെ കഴിഞ്ഞ അഞ്ച് വർഷത്തെ അക്കൗണ്ടുകളടക്കം മുഴുവന് രേഖകളും പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായ രേഖകള് ലഭിച്ചതിനെ തുടര്ന്നാണ് എസ്ഐടി റീ ഓഡിറ്റിങ് നടത്തുന്നതെന്ന് വൃത്തങ്ങള് വ്യക്തമാക്കി. അയോധ്യ നിർമ്മാണം സംബന്ധിച്ച ചെലവുകൾ, സംഭാവനയായി ലഭിച്ച ആഭരണങ്ങൾ, മറ്റ് സ്വർണം, വെള്ളി വസ്തുക്കൾ എന്നിവ പുനഃപരിശോധനയിൽ ഉൾപ്പെടുത്തുമെന്നും വൃത്തങ്ങള് അറിയിച്ചു.
പ്രധാന പ്രതിയായ അവിനാശ് ശുക്ലയെ കസ്റ്റഡിയിലെടുത്ത ശേഷം അയോധ്യ പൊലീസ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്തു. ക്ഷേത്രത്തിലെ സംഭാവന എണ്ണൽ ജോലികളിൽ ഏർപ്പെട്ടിരുന്ന ശുക്ലയെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച പ്രാദേശിക കോടതി അദ്ദേഹത്തിന് 24 മണിക്കൂർ പൊലീസ് കസ്റ്റഡി അനുവദിച്ചു. കേസിൽ ഇതുവരെ ഏറ്റവും കൂടുതൽ പണം കണ്ടെടുത്തത് ശുക്ലയുടെ കൈവശമാണെന്നും അതിനാൽ അദ്ദേഹത്തിനെതിരെ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര, ക്ഷേത്ര നിർമ്മാണ, മാനേജ്മെന്റുമായി ബന്ധപ്പെട്ട ഗോപാൽ റാവു എന്നിവരെ എസ്ഐടി ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. റായും മിശ്രയും അവരവരുടെ സ്ഥാനങ്ങളിൽ നിന്ന് രാജി സമർപ്പിച്ചിട്ടുണ്ട്. ജൂലൈ 6 ന് നടക്കാനിരിക്കുന്ന യോഗത്തിൽ ട്രസ്റ്റ് നിര്ണായക തീരുമാനങ്ങളെടുക്കമെന്ന് പ്രതീക്ഷിക്കുന്നു.
അന്വേഷണത്തില് കണ്ടെടുത്തത് ലക്ഷങ്ങള്
പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കേസിൽ കണ്ടെടുത്ത പണത്തിൽ ശുക്ലയിൽ നിന്ന് 20.39 ലക്ഷം രൂപയും, കരുണേഷ് പാണ്ഡെയിൽ നിന്ന് 18.07 ലക്ഷം രൂപയും, അനുകൽപ് മിശ്രയിൽ നിന്ന് 16.82 ലക്ഷം രൂപയും, ലവ്കുഷ് മിശ്രയിൽ നിന്ന് 14.25 ലക്ഷം രൂപയും, രാമശങ്കർ മിശ്രയിൽ നിന്ന് 7.32 ലക്ഷം രൂപയും, ടിന്നു എന്ന രാമശങ്കർ യാദവിൽ നിന്ന് ഒരു ലക്ഷം രൂപയും കണ്ടെടുത്തു. അന്വേഷണത്തിനിടെ പോലീസ് ഏകദേശം 11 ഗ്രാം സ്വർണ്ണം, ഏകദേശം 375 ഗ്രാം വെള്ളി, 1,121 യുഎസ് ഡോളർ എന്നിവയും കണ്ടെടുത്തു.
അയോധ്യയിലെ ഒരു യോഗ കേന്ദ്രത്തിൽ നിന്ന് രാമരാജ്യ കോശ് എന്ന് ലേബൽ ചെയ്ത പേടിഎം ക്യുആർ കോഡ് ഉൾക്കൊള്ളുന്ന സംഭാവനപ്പെട്ടിയും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അവിടെ ഒരു പതിറ്റാണ്ടോളമായി ശുക്ല താമസിച്ചിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു.
ഉത്തരവാദികള്ക്ക് കടുത്ത ശിക്ഷയെന്ന് ബാഗേശ്വർ ധാം മേധാവി
സംഭാവന തട്ടിപ്പ് അന്വേഷണത്തില് ബാഗേശ്വർ ധാം മേധാവി ആചാര്യ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തട്ടിപ്പിന് ഉത്തരവാദികളായവർ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ ദൈവം ശിക്ഷിക്കും. രാജ്യത്തെ ക്രമസമാധാന സംവിധാനത്തിലും എസ്ഐടിയിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഇപ്പോഴത്തെ യുഗം കലിയുഗത്തിൻ്റെ മാത്രം യുഗമല്ല. ഇത് 'ഛലിയുഗ'ത്തിൻ്റെ (വഞ്ചന) യുഗമാണ്. വഞ്ചനയുടെ ഈ യുഗത്തിൽ, ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. നിലവിൽ, സന്യാസിമാർ, മഹാന്ത്മാർ, മഠങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ ആസൂത്രിതമായി ലക്ഷ്യമിടുന്നു. ഈ പാപം ചെയ്തവരെ ദൈവം ശിക്ഷിക്കും. എസ്ഐടിയും രാജ്യത്തെ നിയമവും സർക്കാരും അവരെ ശിക്ഷിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 7 ന് ആണ് രാമക്ഷേത്രത്തിൽ സംഭാവനകളുടെ തട്ടിപ്പ് നടന്നതായി ആരോപിക്കപ്പെടുന്ന കേസ് പുറത്തു വന്നത്. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജൂൺ 25 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ക്ഷേത്രത്തിലെ സംഭാവന എണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ട എട്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അന്വേഷണം തുടരുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR