സംസ്ഥാനത്ത് ഷിഗെല്ലയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ പെരുകുന്നതിനിടെ, സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരുടെ വിശദ വിവരങ്ങൾ ആരോഗ്യ വകുപ്പിന് ലഭ്യമാക്കണമെന്ന കർശന നിർദ്ദേശം നൽകി സർക്കാർ.
Thiruvananthapuram , 03 ജൂലൈ (H.S.) സംസ്ഥാനത്ത് ഷിഗെല്ലയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ പെരുകുന്നതിനിടെ, സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരുടെ വിശദ വിവരങ്ങൾ ആരോഗ്യ വകുപ്പിന് ലഭ്യമാക്കണമെന്ന കർശന നിർദ്ദേശം നൽകി സർക്കാർ. ഇന്നലെ മാത്രം സർക്കാർ ആ
Shigella


Thiruvananthapuram , 03 ജൂലൈ (H.S.)

സംസ്ഥാനത്ത് ഷിഗെല്ലയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ പെരുകുന്നതിനിടെ, സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരുടെ വിശദ വിവരങ്ങൾ ആരോഗ്യ വകുപ്പിന് ലഭ്യമാക്കണമെന്ന കർശന നിർദ്ദേശം നൽകി സർക്കാർ. ഇന്നലെ മാത്രം സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തിയ പനി ബാധിതർ 12,276 പേരാണ്.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസം കൊണ്ട് 13 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്നലെ ആറുപേർക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് നാലും, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓരോ കേസുകളുമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചവരുടെ ആകെ എണ്ണം 294 ആയി ഉയർന്നു.

മഴക്കാലം ആരംഭിച്ച ജൂൺ മുതലാണ് സംസ്ഥാനത്ത് ഷിഗെല്ല കേസുകളിൽ പെട്ടെന്നുള്ള വർദ്ധനവുണ്ടായത്. ആറുപേർ രോഗം മൂലം മരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗവ്യാപനത്തിൻ്റെ തീവ്രത കണക്കിലെടുത്ത് കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ എന്നീ നാല് ജില്ലകളിൽ ആരോഗ്യവകുപ്പ് ഔദ്യോഗികമായി 'ഔട്ട്ബ്രേക്ക്' പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്ട് 76 കേസുകളും, വയനാട്ടിൽ 26 കേസുകളും, തൃശൂരിൽ 14 കേസുകളും, ആലപ്പുഴയിൽ 5 കേസുകളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ച ജില്ലകൾക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പല ഭാഗങ്ങളിലും ജൂൺ, ജൂലൈ മാസങ്ങളിലായി ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് 2025 ൽ 132 പേർക്കായിരുന്നു ഷിഗെല്ല രോഗം ബാധിച്ചത്. 2024ൽ 121 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 2023ൽ 90 പേർക്കും 2022ൽ 83 പേർക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വർഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ.

സർക്കാർ ആശുപത്രികളിൽ പനിബാധിതരുടെ തിരക്ക് വർധിക്കുന്നതിനാൽ അധിക ഡോക്ടർമാരുടെ താത്ക്കാലിക നിയമനവും സർക്കാർ പരിഗണനയിലാണ്. സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ കൃത്യമായ കണക്കുകൾ മാത്രമേ ആരോഗ്യ വകുപ്പിന് ലഭിക്കുന്നുള്ളു. സ്വകാര്യ ആശുപത്രികളിലെത്തുന്നവരുടെ കണക്കുകൾ ആരോഗ്യ വകുപ്പിന് നൽകണമെന്ന നിർദ്ദേശം നിലവിലുണ്ടെങ്കിലും ചില ആശുപത്രികൾ അത് പാലിക്കുന്നില്ല. പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ കണക്കുകൾ ഇനിമുതൽ കൃത്യമായി നൽകണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ നിപ്പ ഭീതി ഒഴിഞ്ഞതായാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. നിപ്പ രോഗബാധിതനായിരുന്ന ആളിൻ്റെ ഒരാഴ്ചക്കുള്ളിലെ രണ്ട് സ്രവസാമ്പിളുകളും നെഗറ്റീവായിട്ടുണ്ട്. രോഗി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. തുടർ ചികിത്സാനടപടികൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും.

നിപ്പ ബാധിതൻ്റെ സമ്പർക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറൻ്റൈൻ പൂർത്തിയാക്കിയെന്നും കൃത്യമായ രോഗനിർണയത്തിൻ്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും വിജയമാണിതെന്നും മന്ത്രി കെ മുരളീധരൻ അറിയിച്ചു. 42 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് കോഴിക്കോടിനെ നിപ്പ രഹിതമായി പ്രഖ്യാപിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യം, ആയുഷ് വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാൻ ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

ആയുഷ് വിഭാഗങ്ങളിൽ എത്തുന്ന രോഗികളിൽ സാംക്രമിക രോഗം സംശയിക്കുന്നവരെ ഉടൻ മറ്റ് ആശുപത്രികളിലേയ്ക്ക് റഫർ ചെയ്യാനും രോഗികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പിൽ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളും പോസ്റ്ററുകളും ആയുഷ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News