Enter your Email Address to subscribe to our newsletters

Wayanad , 03 ജൂലൈ (H.S.)
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ പതിവാകുന്ന വയനാട്ടിൽ, നിരവധി കുടുംബങ്ങളെ കണ്ണിരിലാഴ്ത്തിയ ആ മണ്ണിലെ ജനത ഒരു കാട്ടാനയുടെ മരണത്തിൽ വിലപിക്കുകയാണ്. കേൾക്കുമ്പോൾ ഒരു അതിശയം ഇല്ലേ... ഒരു ഭാഗത്ത് വന്യജീവി സംഘർഷങ്ങൾക്കെതിരെ ശബ്ദം ഉയർത്തുമ്പോൾ മറു ഭാഗത്ത് മനുഷ്യർ അതേ വന്യജീവിക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്നു. എന്ത് വിരോധാഭാസമാണല്ലേ.. എന്നാൽ ഇതിലെ നമ്മുടെ നായിക പിടിയാന ലക്ഷ്മിയാണ്.
വർഷങ്ങളായി ഗ്രാമവാസികളുടെ പ്രിയങ്കരിയായിരുന്ന പിടിയാന ലക്ഷ്മി ചരിഞ്ഞതോടെ ചേകാടിക്കടുത്ത ചന്ദ്രോത്ത് ഉന്നതി ദുഃഖത്തിലാണ്. മനുഷ്യനും വന്യജീവിയും തമ്മിലുള്ള അപൂർവമായൊരു ആത്മബന്ധത്തിൻ്റെ ഓർമകളാണ് ഇനി ഗ്രാമത്തിന് ബാക്കി.
പഴവർഗങ്ങൾ നൽകിയുള്ള ലക്ഷ്മിയുടെ വരവേൽപ്പ്
പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടിക്കടുത്ത ചന്ദ്രോത്ത് ഉന്നതിയിൽ കഴിഞ്ഞ കുറച്ചുകാലമായി പതിവായി എത്തുന്ന പിടിയാനയായിരുന്നു ലക്ഷ്മി. പകൽസമയങ്ങളിൽ ഗ്രാമപരിസരത്ത് എത്തി നിൽക്കുമെങ്കിലും ആളുകളെയോ കൃഷിയെയോ ഉപദ്രവിക്കാറില്ലായിരുന്നു.
അവളുടെ ആ സ്നേഹം കൊണ്ടാണ് ഗ്രാമവാസികൾക്ക് ആനയ്ക്ക് ലക്ഷ്മി എന്ന പേര് നൽകിയത്. വനാതിർത്തിയിൽ നിന്ന് ലക്ഷ്മി എത്തുമ്പോൾ ഭയമല്ല, സ്നേഹമാണ് ഗ്രാമവാസികൾക്ക് ഉണ്ടായിരുന്നത്.കൃഷിയിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ചക്കയും മാങ്ങയും ഉൾപ്പെടെയുള്ള പഴവർഗങ്ങൾ നൽകി ലക്ഷ്മിയെ സ്വീകരിക്കുന്നത് ഗ്രാമത്തിലെ പതിവ് കാഴ്ച യായിരുന്നു.
കുട്ടികൾ മുതൽ മുതിർന്നവർ വരെ ലക്ഷ്മിയെ സ്വന്തം വീട്ടുകാരിയെപ്പോലെയാണ് കണ്ടിരുന്നത്. മനുഷ്യനും കാട്ടാനയും തമ്മിലുള്ള ഈ അപൂർവ സൗഹൃദം നേരത്തെ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ഇന്ന് രാവിലെ ചന്ദ്രോത്ത് ഉന്നതിക്ക് സമീപമുള്ള പാതിരി വെള്ളപ്പാടി വനമേഖലയിൽ ലക്ഷ്മിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഏകദേശം 70 വയസ്സ് പ്രായമുണ്ടായിരുന്ന ആനയാണിതെന്ന് വനപാലകർ അറിയിച്ചു. സൗത്ത് വയനാട് വനവിഭാഗത്തിലെ ചെതലത്ത് റേഞ്ച്, പാതിരി സെക്ഷനിലാണ് സംഭവം.
പ്രായാധിക്യം കൊണ്ടാവാം മരണം
ഗ്രാമത്തിൻ്റെ പ്രിയങ്കരിയായ ലക്ഷിമിക്ക് പ്രായം എഴുപതായി എന്നാണ് ചെതലയം റേഞ്ച് ഓഫീസർ രാജീവ്കുമാർ പറയുന്നത്. മരണകാരണം വന്യജീവികളെ കുടുക്കാൻ വെച്ചിരിക്കുന്ന ഫെൻസിങിൽ നിന്നും ഷോക്കേ മറ്റോ ഏറ്റതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രായാധിക്യം കൊണ്ടാവാം മരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ വ്യക്തമാക്കാൻ സാധിക്കുകയുള്ളു എന്നും ഓഫീസർ രാജീവ്കുമാർ പറഞ്ഞു.
മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ കഥകൾക്കിടയിൽ, മനുഷ്യഹൃദയങ്ങളിൽ ഇടംനേടിയ ഒരു കാട്ടാനയുടെ ഓർമ്മയാണ് ഇനി ചന്ദ്രോത്ത് ഉന്നതിക്ക്. ലക്ഷ്മിയുടെ വിയോഗം ഒരു വന്യമൃഗത്തിൻ്റെ മരണം മാത്രമല്ല, ഒരു ഗ്രാമത്തിൻ്റെ പ്രിയ കൂട്ടുകാരിയുടെ വിടവാങ്ങൽ കൂടിയാണ്. അവൾ തുടരും ആ ഗ്രാമത്തിൻ്റെ ഓർമ്മയിൽ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR