വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ലാ കോടതി
Kozhikode, 03 ജൂലൈ (H.S.) കോഴിക്കോട് ∙ കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ച വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ വടകര ഒ
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ലാ കോടതി


Kozhikode, 03 ജൂലൈ (H.S.)

കോഴിക്കോട് ∙ കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ച വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹർജി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതിഭാഗം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചതും അനുകൂല വിധി സമ്പാദിച്ചതും.

പൊലീസ് കൂടുതൽ ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ, ജിതിൻ ഭാസ്കർ തന്റെ മൊബൈൽ ഫോൺ ബോധപൂർവ്വം റീസെറ്റ് ചെയ്ത് പ്രധാന ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചുവെന്നും, ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച നിലപാട്. ഇരുഭാഗത്തിന്റെയും വിശദമായ വാദപ്രതിവാദങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ജില്ലാ കോടതി ജാമ്യം അനുവദിക്കാൻ ഉത്തരവിട്ടത്.

'വടകര സ്ക്വാഡ്' ഗ്രൂപ്പും വിവാദവും

വടകര ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ തൊട്ടുതലേ ദിവസമാണ് സോഷ്യൽ മീഡിയയിൽ വലിയ വിദ്വേഷ പ്രചാരണത്തിന് കാരണമായ വിവാദ വാട്സ്ആപ്പ് സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെടുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന 'ദീനിയായ മുസ്ലിമായും' എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെ 'കാഫിറായും' ചിത്രീകരിച്ച് വോട്ട് അഭ്യർത്ഥിക്കുന്ന തരത്തിലായിരുന്നു വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചിരുന്നത്.

ഈ വിവാദ സ്ക്രീൻഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ട ഇടത് അനുകൂല വാട്സ്ആപ്പ് കൂട്ടായ്മയായ 'വടകര സ്ക്വാഡ്' (Vadakara Squad) എന്ന ഗ്രൂപ്പിന്റെ അഡ്മിനാണ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമായ ജിതിൻ ഭാസ്കർ. ഡിജിറ്റൽ തെളിവുകളുടെയും ഫോറൻസിക് പരിശോധനകളുടെയും അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) ജൂൺ മാസ മധ്യത്തോടെയാണ് ജിതിനെ അറസ്റ്റ് ചെയ്യുന്നത്. ജിതിൻ ഭാസ്കറോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഏതെങ്കിലും സഹായികളോ ആകാം ഈ സ്ക്രീൻഷോട്ട് നിർമ്മിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തുടർന്ന് ഈ സന്ദേശം ഇരുന്നൂറോളം മറ്റ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതായും കണ്ടെത്തിയിരുന്നു.

രാഷ്ട്രീയ വിവാദങ്ങളും കേസിന്റെ വഴിത്തിരിവും

ലോക്സഭാ തെരഞ്ഞെടുപ്പ് കാലം മുതൽ വലിയ തോതിലുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്ക് ഈ കേസ് വഴിവെച്ചിരുന്നു. ആദ്യ ഘട്ടത്തിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനായ പി.കെ. കാസിമിന്റെ പേരിലാണ് ഈ സ്ക്രീൻഷോട്ട് പ്രചരിച്ചിരുന്നത്. ഇതിനെതിരെ സിപിഎം വലിയ രീതിയിൽ പ്രതിഷേധിക്കുകയും കാസിമിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ, തന്റെ പേരിൽ വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ടാണിതെന്ന് വ്യക്തമാക്കി കാസിം ഹൈക്കോടതിയെ സമീപിക്കുകയും തന്റെ മൂന്ന് ഫോണുകളും അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു.

തുടർന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ, പി.കെ. കാസിമിന് ഈ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. ഇതോടെ കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് എസ്ഐടി കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഡിവൈഎഫ്ഐ നേതാക്കളായ ജിതിൻ ഭാസ്കർ, റിബേഷ് രാമകൃഷ്ണൻ എന്നിവരിലേക്ക് നീങ്ങിയത്. കേസിൽ മറ്റൊരു ഡിവൈഎഫ്ഐ നേതാവായ റിബേഷ് രാമകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്. ജിതിൻ ഭാസ്കറിന് ജാമ്യം ലഭിച്ചെങ്കിലും ഫോണിലെ ഡാറ്റ വീണ്ടെടുക്കുന്നതിനായി ഫോൺ തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് ലാബിലേക്ക് അയക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

---------------

Hindusthan Samachar / Roshith K


Latest News