കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിന് ഒരാണ്ട്: അന്ന് ബിന്ദുവിന്റെ ജീവനെടുത്ത വിവാദ കെട്ടിടം ഒടുവിൽ പൊളിച്ചു നീക്കുന്നു
Kottayam, 03 ജൂലൈ (H.S.) കോട്ടയം: കേരളത്തെ ഒന്നടങ്കം നടുക്കിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിട ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. കഴിഞ്ഞവർഷം ജൂലൈ മൂന്നിനാണ് മെഡിക്കൽ കോളജിലെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് തലയോലപ്പറമ്പ് ഉമാംകു
കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിന് ഒരാണ്ട്: അന്ന് ബിന്ദുവിന്റെ ജീവനെടുത്ത വിവാദ കെട്ടിടം ഒടുവിൽ പൊളിച്ചു നീക്കുന്നു


Kottayam, 03 ജൂലൈ (H.S.)

കോട്ടയം: കേരളത്തെ ഒന്നടങ്കം നടുക്കിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിട ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. കഴിഞ്ഞവർഷം ജൂലൈ മൂന്നിനാണ് മെഡിക്കൽ കോളജിലെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാട്ടുകുന്നേൽ ബിന്ദു (52) എന്ന വീട്ടമ്മയ്ക്ക് ദാരുണമായി ജീവൻ നഷ്ടമായത്. മകൾ നവമിയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ബിന്ദു. കുളിക്കുന്നതിനായി വാർഡ് 14-നോട് ചേർന്നുള്ള ശുചിമുറിയിൽ കയറിയ സമയത്താണ് മേൽക്കൂരയടക്കം കെട്ടിടം വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീണത്.

അന്ന് വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്കാണ് ഈ ദുരന്തം വഴിവെച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന അധികൃതരുടെ പ്രാരംഭ നിഗമനവും, തുടർന്ന് രക്ഷാപ്രവർത്തനം രണ്ടു മണിക്കൂറോളം വൈകിയതുമാണ് ബിന്ദുവിന്റെ മരണത്തിന് കാരണമായതെന്ന ആക്ഷേപം ശക്തമായിരുന്നു. ബിന്ദുവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് മകൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. സുരക്ഷാ ബോർഡുകളോ നിയന്ത്രണങ്ങളോ ഇല്ലാതെ ജീർണ്ണാവസ്ഥയിലുള്ള കെട്ടിടം പൊതുജനങ്ങൾക്കായി തുറന്നിട്ടതിനെതിരെ അന്ന് വലിയ ജനരോഷം ഉയർന്നിരുന്നു.

ഈ കറുത്ത ഓർമ്മകൾ അവശേഷിക്കുന്ന ആശുപത്രിക്കെട്ടിടം ഇപ്പോൾ പൂർണ്ണമായും പൊളിച്ചു നീക്കാനുള്ള നടപടികൾക്ക് ഒടുവിൽ തുടക്കമായിരിക്കുകയാണ്. 58 വർഷത്തിലധികം പഴക്കമുള്ള പഴയ സർജിക്കൽ ബ്ലോക്ക് കെട്ടിടമാണ് ഇപ്പോൾ മെഡിക്കൽ കോളജ് അധികൃതർ പൊളിച്ചു മാറ്റുന്നത്. അപകടാവസ്ഥയിലായ ഇത്തരം പഴയ നിർമ്മിതികൾ ക്യാമ്പസിൽ നിലനിർത്തുന്നത് തുടർന്നും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് വൈകിയാണെങ്കിലും ഈ നടപടി.

പഴയ ഓർത്തോപീഡിക്സ്, സർജറി വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്ന ഈ മൂന്ന് നില കെട്ടിടം കാലപ്പഴക്കം കൊണ്ട് പൂർണ്ണമായും ദ്രവിച്ച നിലയിലായിരുന്നു. പുതിയ കെട്ടിടത്തിലേക്ക് ഈ വാർഡുകൾ മാറ്റിയ ശേഷവും പഴയ കെട്ടിടം പൊളിച്ചു മാറ്റാൻ അധികൃതർ തയ്യാറാകാതിരുന്നതാണ് മുൻപ് വലിയൊരു ദുരന്തത്തിന് കാരണമായത്. ഈ അപകടത്തിന് ശേഷവും ക്യാമ്പസിലെ മറ്റ് പഴയ കെട്ടിടങ്ങളുടെ സൺഷേഡുകൾ തകർന്നു വീണ് അതിഥി തൊഴിലാളിക്ക് ജീവൻ നഷ്ടമാകുന്നതടക്കം തുടർച്ചയായ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഇനി ഒരു ജീവനും ഇത്തരത്തിലുള്ള അനാസ്ഥ കാരണം പൊലിയരുതെന്ന കർശന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പും ആരോഗ്യ വകുപ്പും ഇപ്പോൾ കെട്ടിടം പൊളിച്ചു നീക്കാൻ തയാറായിരിക്കുന്നത്. വൻ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കെട്ടിടം പൊളിക്കുന്നതിനുള്ള പ്രാരംഭ ജോലികൾ പുരോഗമിക്കുന്നത്. ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ, ആ ഓർമ്മപ്പെടുത്തൽ എന്നവണ്ണം കെട്ടിടം മണ്ണടിയുമ്പോൾ തലയോലപ്പറമ്പിലെ ബിന്ദുവിന്റെ കുടുംബത്തിന് ഇനിയും ഈ നഷ്ടത്തിൽ നിന്നും പൂർണ്ണമായി കരകയറാൻ കഴിഞ്ഞിട്ടില്ല.

---------------

Hindusthan Samachar / Roshith K


Latest News