കോഴിക്കോട് മുസ്ലിം ലീഗിൽ പൊട്ടിത്തെറി: മിന്നും ജയം നേടിയിട്ടും ജില്ലയ്ക്ക് മന്ത്രിസ്ഥാനവുമില്ല, പഴ്സനൽ സ്റ്റാഫുമില്ല; ജില്ലാ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം
Kozhikode, 03 ജൂലൈ (H.S.) കോഴിക്കോട് ∙ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയിട്ടും കോഴിക്കോട് ജില്ലയിൽ നിന്ന് മന്ത്രിമാരോ പഴ്സനൽ സ്റ്റാഫുകളോ ഇല്ലാത്തതിൽ മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം. മികച്ച വിജയം കൈ
കോഴിക്കോട് മുസ്ലിം ലീഗിൽ പൊട്ടിത്തെറി: മിന്നും ജയം നേടിയിട്ടും ജില്ലയ്ക്ക് മന്ത്രിസ്ഥാനവുമില്ല, പഴ്സനൽ സ്റ്റാഫുമില്ല; ജില്ലാ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം


Kozhikode, 03 ജൂലൈ (H.S.)

കോഴിക്കോട് ∙ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയിട്ടും കോഴിക്കോട് ജില്ലയിൽ നിന്ന് മന്ത്രിമാരോ പഴ്സനൽ സ്റ്റാഫുകളോ ഇല്ലാത്തതിൽ മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം. മികച്ച വിജയം കൈവരിച്ചിട്ടും ജില്ലയ്ക്ക് അർഹമായ പരിഗണന ഉറപ്പാക്കുന്നതിൽ ജില്ലാ നേതൃത്വം പൂർണ്ണമായും പരാജയപ്പെട്ടുവെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആക്ഷേപം.

പ്രവർത്തകരുടെ വികാരവും പാർട്ടിയുടെ അടിത്തറയും കണക്കിലെടുത്ത് അർഹമായ സ്ഥാനങ്ങൾ നേടിയെടുക്കാൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ തുറന്നടിച്ചു. ലീഗിന് ശക്തമായ സ്വാധീനമുള്ള കോഴിക്കോട് ജില്ലയെ ഇത്തരത്തിൽ അവഗണിച്ചത് താഴേത്തട്ടിലുള്ള അണികളിലും വലിയ നിരാശയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന മുന്നറിയിപ്പും ചില അംഗങ്ങൾ നൽകി.

യൂത്ത് ലീഗിലും എംഎസ്എഫിലും കടുത്ത അതൃപ്തി

മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തിൽ മാത്രമല്ല, പഴ്സനൽ സ്റ്റാഫ് നിയമനങ്ങളിൽ പോലും കോഴിക്കോട് ജില്ലയോട് കടുത്ത അവഗണനയാണ് ഉണ്ടായതെന്ന് യോഗത്തിൽ വിമർശനമുയർന്നു. പഴ്സനൽ സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ്, എംഎസ്എഫ് (MSF) എന്നീ പോഷക സംഘടനകളുടെ ജില്ലാ നേതൃത്വങ്ങൾ നൽകിയ ശുപാർശകൾ സംസ്ഥാന നേതൃത്വവും ജില്ലാ ഭാരവാഹികളും പൂർണ്ണമായും അവഗണിച്ചതായാണ് ആക്ഷേപം.

വർഷങ്ങളായി പാർട്ടിക്കും മുന്നണിക്കും വേണ്ടി സജീവമായി രംഗത്തുള്ള യുവജന, വിദ്യാർത്ഥി നേതാക്കളെ തഴഞ്ഞ് മറ്റ് താല്പര്യങ്ങൾക്ക് മുൻഗണന നൽകിയതിനെതിരെ പോഷക സംഘടനകൾക്കിടയിൽ കടുത്ത എതിർപ്പാണ് നിലനിൽക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് രാപ്പകലില്ലാതെ അധ്വാനിച്ച തങ്ങളുടെ ശുപാർശകൾക്ക് ഒരു വിലയും കൽപിച്ചില്ലെങ്കിൽ ഭാവിയിൽ മുന്നണി പ്രക്ഷോഭങ്ങളിലും ക്യാമ്പയിനുകളിലും സജീവമായി ഇറങ്ങാൻ കഴിയില്ലെന്ന വികാരമാണ് യുവനേതാക്കൾ പങ്കുവെച്ചത്.

നേതൃത്വത്തിന്റെ പരാജയമെന്ന് വിമർശനം

ജില്ലയിലെ ജനപ്രതിനിധികളുടെ എണ്ണവും രാഷ്ട്രീയ പ്രാധാന്യവും പരിഗണിക്കുമ്പോൾ കോഴിക്കോടിന് വലിയ പ്രാധാന്യം ലഭിക്കേണ്ടതായിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിന് മുന്നിൽ ജില്ലയുടെ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കാനോ സമ്മർദ്ദം ചെലുത്താനോ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. ഈ വീഴ്ച സാധാരണ പ്രവർത്തകർക്കിടയിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി.

സംഘടനാ പുനഃസംഘടനയും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത ജില്ലാ പ്രവർത്തക സമിതി യോഗം, ഒടുവിൽ നേതൃത്വത്തിനെതിരെയുള്ള കൂട്ടവിമർശന വേദിയായി മാറുകയായിരുന്നു. വരും ദിവസങ്ങളിൽ അതൃപ്തി പരിഹരിക്കാനുള്ള അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ പാർട്ടിയിൽ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

---------------

Hindusthan Samachar / Roshith K


Latest News