Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 ജൂലൈ (H.S.)
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പണം പുറത്തേക്ക് പോകുന്നതിനെക്കുറിച്ചും ('റിവേഴ്സ് റെമിറ്റൻസ്') ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചും നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി പ്രമുഖ സാഹിത്യകാരനും കവിയുമായ കെ. സച്ചിദാനന്ദൻ. മുഖ്യമന്ത്രി നടത്തിയത് തികച്ചും ലജ്ജാകരമായ പ്രസ്താവനയാണെന്നും അത് എത്രയും വേഗം പിൻവലിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും സച്ചിദാനന്ദൻ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കവി മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ രംഗത്തുവന്നത്.
പുറത്തുനിന്നു വരുന്ന തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ ഭാഷ അപമാനകരമാണ്. അവർ ഇവിടെ സൗജന്യമായി പണം വാങ്ങുകയല്ല ചെയ്യുന്നത്. കഠിനമായ അധ്വാനത്തിലൂടെ അവർ നൽകുന്ന സേവനങ്ങൾക്കുള്ള കൃത്യമായ പ്രതിഫലം മാത്രമാണ് അവർക്ക് നൽകുന്നത്. അത് ഇവിടെ നിലവിലുള്ള വിപണി നിരക്കനുസരിച്ചോ, ചിലപ്പോൾ അതിനേക്കാൾ കുറഞ്ഞ നിരക്കിലോ മാത്രമാണ് നാം നൽകുന്നതെന്നും സച്ചിദാനന്ദൻ ഓർമ്മിപ്പിച്ചു. സ്വന്തം ജന്മനാട്ടിൽ ജീവിക്കാൻ സാഹചര്യമില്ലാത്തതിനാലും കുടുംബം പുലർത്താൻ നിവൃത്തിയില്ലാത്തതിനാലുമാണ് അവർ നാടുവിട്ട് കേരളത്തിൽ വന്ന് പണിയെടുക്കുന്നത്.
തങ്ങളുടെ അധ്വാനത്തിന്റെ വിഹിതം സ്വന്തം നാട്ടിലേക്ക് അയക്കുന്നതിനെ സാമ്പത്തിക ചോർച്ചയായി ചിത്രീകരിക്കുന്നതിലുള്ള യുക്തികേടും സച്ചിദാനന്ദൻ ചൂണ്ടിക്കാണിച്ചു. ലക്ഷക്കണക്കിന് മലയാളികൾ മറ്റു ദേശങ്ങളിലും വിദേശ രാജ്യങ്ങളിലും പോയി പണിയെടുത്തുണ്ടാക്കി നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ടു കൂടിയാണ് ഇവിടുത്തെ കേരളീയർ ഇന്നും സുഖമായി കഴിഞ്ഞുകൂടുന്നത് എന്ന യാഥാർത്ഥ്യം മുഖ്യമന്ത്രി മറക്കരുത്. ഇവിടെ തൊഴിലെടുക്കാൻ വരുന്നവർ ആരും തന്നെ വിദേശികളല്ല, മറിച്ച് സഹജീവികളായ ഇന്ത്യൻ പൗരന്മാരാണെന്ന ബോധ്യം മുഖ്യമന്ത്രിക്ക് ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ നിർമ്മാണ മേഖലയിലാകെ ഇതര സംസ്ഥാന തൊഴിലാളികളാണെന്നും, കേരളത്തിൽ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്നുമായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ചത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് സർക്കാർ വിശദമായി പഠിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടിരുന്നു. നിലവിൽ 40 മുതൽ 50 ലക്ഷം വരെ അതിഥി തൊഴിലാളികൾ കേരളത്തിലുണ്ടെന്നും, അവർ ഇവിടെ വളരെ കുറഞ്ഞ തുക മാത്രമാണ് ചെലവഴിക്കുന്നതെന്നും, മദ്യപാനത്തിലൂടെ സർക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരിൽ നിന്നുള്ള പ്രധാന വരുമാനമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകളാണ് വലിയ തോതിലുള്ള വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
മുഖ്യമന്ത്രിയുടേത് വംശീയതയും അപരവിദ്വേഷവും നിറഞ്ഞ ഭാഷയാണെന്ന തരത്തിൽ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിന്ന് കടുത്ത വിമർശനമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സച്ചിദാനന്ദനെപ്പോലെയുള്ള ഒരു മുതിർന്ന സാംസ്കാരിക നായകൻ തന്നെ ഈ പ്രസ്താവന പിൻവലിക്കണമെന്ന ശക്തമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K