ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: സോനം രഘുവംശിയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു; മേഘാലയ സർക്കാരിനോട് മറുപടി തേടി
Newdelhi, 03 ജൂലൈ (H.S.) ന്യൂഡൽഹി: ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശിക്ക് സുപ്രീം കോടതിയിൽ നിന്നും വൻ ആശ്വാസം. സോനത്തിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന മേഘാലയ സർക്കാരിന്റെ ആവശ്യം കോടതി നിരസിച്ചു. കേസിൽ
സോനം രഘുവംശിയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു


Newdelhi, 03 ജൂലൈ (H.S.)

ന്യൂഡൽഹി: ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശിക്ക് സുപ്രീം കോടതിയിൽ നിന്നും വൻ ആശ്വാസം. സോനത്തിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന മേഘാലയ സർക്കാരിന്റെ ആവശ്യം കോടതി നിരസിച്ചു. കേസിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് മേഘാലയ സർക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അടുത്ത ഹിയറിങ് വരും വ്യാഴാഴ്ച നടക്കും.

വിചാരണക്കോടതി നൽകിയ ജാമ്യവ്യവസ്ഥകൾ അനുസരിച്ച് സോനം രഘുവംശി നിലവിൽ ജയിലിൽ നിന്ന് മോചിതയായി ഷില്ലോങ്ങിൽ കഴിയുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രതി ഇതിനകം ജാമ്യത്തിൽ ഇറങ്ങിയ സാഹചര്യത്തിൽ, ജാമ്യ ഉത്തരവ് റദ്ദാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും വിഷയം വിചാരണ വേളയിൽ തീരുമാനിക്കേണ്ടതാണെന്നും ബെഞ്ച് വ്യക്തമാക്കി. മേഘാലയ സർക്കാരിന്റെ ഹർജിക്ക് മറുപടിയായി കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ സോനത്തിന്റെ അഭിഭാഷകനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതി കുറെക്കാലം ജയിലിൽ കഴിഞ്ഞ കാര്യവും കോടതി കണക്കിലെടുത്തു. കുറ്റകൃത്യം എത്രതന്നെ ക്രൂരമാണെങ്കിലും, ജാമ്യം ഒരു നിയമവും ജയിൽ ഒരു അപവാദവുമാണ് (Bail is the rule and jail is exception) എന്ന തത്വം തങ്ങൾക്ക് പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ഓർമ്മിപ്പിച്ചു. എങ്കിലും ഹൈക്കോടതി ഈ കേസ് കൈകാര്യം ചെയ്ത രീതിയിൽ ചില വിയോജിപ്പുകൾ ഉണ്ടെന്നും സുപ്രീം കോടതി ബെഞ്ച് വാക്കാൽ പരാമർശിച്ചു.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ സോനം രഘുവംശിയെ, വ്യവസായിയായ ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ വർഷം ജൂണിലാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2025 മെയ് 23-ന് മേഘാലയയിലെ സോഹ്റ പ്രദേശത്ത് വിനോദയാത്രയ്ക്ക് പോയ ദമ്പതികളെ കാണാതാവുകയായിരുന്നു. തുടർന്ന് ജൂൺ 2-ന് രാജാ രഘുവംശിയുടെ മൃതദേഹം ആഴത്തിലുള്ള ഒരു മലയിടുക്കിൽ നിന്ന് കണ്ടെത്തി. കാമുകനോടൊത്ത് ജീവിക്കാനായി വാടകക്കൊലയാളികളെ ഉപയോഗിച്ച് സോനം ഭർത്താവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് ആരോപണം.

ഏപ്രിൽ 27-ന് വിചാരണക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ മേഘാലയ സർക്കാർ നൽകിയ ക്രിമിനൽ ഹർജി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ഡബ്ല്യു ദീങ്ദോ തള്ളുകയും വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവ് ശരിവെക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ രീതിയിൽ കൃത്യമായ നിയമപരമായ ചിന്തയോ പരിശോധനയോ നടന്നിട്ടില്ലെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. പ്രതിക്കെതിരെയുള്ള യഥാർത്ഥ കുറ്റങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളോ ആരോപണങ്ങളോ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. അന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചകൾ ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി സർക്കാരിന്റെ അപ്പീൽ തള്ളിയത്. ഈ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് മേഘാലയ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെങ്കിലും തൽക്കാലം പ്രതിക്ക് അനുകൂലമായ നിലപാടാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News