വയനാട്-കോഴിക്കോട് യാത്ര എളുപ്പമാക്കാൻ തുരങ്കപ്പാത: മീനാക്ഷിയിൽ പ്രാരംഭ നിർമാണം ദ്രുതഗതിയിൽ; ആനക്കാംപൊയിലിൽ 75 മീറ്റർ തുരന്നു കഴിഞ്ഞു
Meppadi, 03 ജൂലൈ (H.S.) മേപ്പാടി: മലബാറിന്റെ യാത്രാ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരമാകാൻ പോകുന്ന കള്ളാടി– ആനക്കാംപൊയിൽ തുരങ്കപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകുന്നു. പദ്ധതിയുടെ പ്രധാന കവാടങ്ങളിലൊന്നായ മേപ്പാടി– ചൂരൽമല റോഡിലെ മീനാക്ഷി ഭാഗ
വയനാട്-കോഴിക്കോട് യാത്ര എളുപ്പമാക്കാൻ തുരങ്കപ്പാത: മീനാക്ഷിയിൽ പ്രാരംഭ നിർമാണം ദ്രുതഗതിയിൽ; ആനക്കാംപൊയിലിൽ 75 മീറ്റർ തുരന്നു കഴിഞ്ഞു


Meppadi, 03 ജൂലൈ (H.S.)

മേപ്പാടി: മലബാറിന്റെ യാത്രാ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരമാകാൻ പോകുന്ന കള്ളാടി– ആനക്കാംപൊയിൽ തുരങ്കപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകുന്നു. പദ്ധതിയുടെ പ്രധാന കവാടങ്ങളിലൊന്നായ മേപ്പാടി– ചൂരൽമല റോഡിലെ മീനാക്ഷി ഭാഗത്ത് ഇപ്പോൾ പ്രാരംഭ നിർമാണ ജോലികൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. തുരങ്കം നിർമിക്കേണ്ട പാറക്കെട്ടുകൾക്ക് സമീപത്തുള്ള മണ്ണ് മാറ്റി പാത ഒരുക്കുന്ന ജോലികളാണ് ഇവിടെ ഇപ്പോൾ പ്രധാനമായും നടക്കുന്നത്.

മേപ്പാടി– ചൂരൽമല റോഡിന്റെ സ്വാഭാവിക ഘടനയ്ക്ക് സമാനമായ രീതിയിൽ, സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് മലയിടുക്കുകളിൽ നിന്നുള്ള മണ്ണു നീക്കൽ പ്രക്രിയ നടക്കുന്നത്. തുരങ്കം ആരംഭിക്കുന്ന മീനാക്ഷി മലയടിവാരത്തിലേക്ക് യന്ത്രസാമഗ്രികളും വാഹനങ്ങളും എത്തിക്കുന്നതിനായി വിശാലമായ റോഡാണ് ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം 60 മീറ്റർ വീതിയിലും 300 മീറ്റർ നീളത്തിലുമാണ് ഈ താൽക്കാലിക നിർമാണ പാത ഒരുക്കുന്നത്. ഈ പ്രാഥമിക ഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് മീനാക്ഷി ഭാഗത്തുനിന്നുള്ള പ്രധാന തുരങ്ക നിർമാണത്തിലേക്ക് തൊഴിലാളികൾ കടക്കും. അപ്രോച്ച് റോഡ് നിർമാണം അതിവേഗം പൂർത്തിയാക്കാനാണ് അധികൃതരുടെ ലക്ഷ്യം.

അതേസമയം, പദ്ധതിയുടെ മറുവശമായ ആനക്കാംപൊയിൽ ഭാഗത്ത് തുരങ്ക നിർമാണം ഇതിനകം തന്നെ നല്ലൊരു ഘട്ടം പിന്നിട്ടുകഴിഞ്ഞു. ഇവിടെ ആദ്യം നിർമാണം ആരംഭിച്ച വലതുവശത്തെ തുരങ്കം നിലവിൽ 75 മീറ്ററോളം ഉള്ളിലേക്ക് തുരന്നു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. നിലവിലെ ഘട്ടത്തിൽ പാറ തുരക്കുന്ന ജോലികൾക്ക് ചില സാങ്കേതിക വെല്ലുവിളികൾ ഉണ്ടെങ്കിലും, തുരങ്കദൂരം 100 മീറ്റർ പിന്നിടുന്നതോടെ ഇപ്പോഴത്തെ നിർമാണ രീതി മാറ്റുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 100 മീറ്റർ ആകുന്നതോടെ അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് കൂടുതൽ വേഗത്തിൽ പാറ തുരന്ന് മുന്നോട്ട് പോകാൻ സാധിക്കും. ഇത് നിർമാണത്തിന്റെ വേഗത ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുരങ്കത്തിന്റെ ആരംഭ ഭാഗത്ത് ശക്തമായ കോൺക്രീറ്റ് പാളികൾ നിർമിച്ച്, തുരങ്ക മുഖം (Tunnel Mouth) പൂർണ്ണമായും സുരക്ഷിതമായി രൂപപ്പെടുത്തിയ ശേഷമാണ് ഉള്ളിലെ പാറ തുരക്കുന്ന പ്രവൃത്തി ആരംഭിച്ചത്. മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രവേശന കവാടം കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചത് വഴി തൊഴിലാളികളുടെ സുരക്ഷയും ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ഈ സ്വപ്ന പദ്ധതി പൂർത്തിയാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിധി വരെ ആശ്വാസമാകും. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കോൺക്രാഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികൾ നിർമാണം മുന്നോട്ട് കൊണ്ടുപോകുന്നത്.

---------------

Hindusthan Samachar / Roshith K


Latest News