Enter your Email Address to subscribe to our newsletters

Alappuzha , 30 ജൂലൈ (H.S.)
ഭരണസൗകര്യമെന്ന പേരിൽ ചേർത്തല താലൂക്ക് ഓഫിസിലെ അറ്റൻഡറെ 71 കിലോമീറ്ററിലധികം ദൂരമുള്ള ചെങ്ങന്നൂർ താലൂക്ക് ഓഫിസിലേക്ക് സ്ഥലംമാറ്റിയ ആലപ്പുഴ ജില്ല കലക്ടറുടെ ഉത്തരവിന് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവ് മരവിപ്പിച്ചത്. ജൂലൈ 24ന് ജില്ല കലക്ടർ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവിനെതിരെയാണ് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ട്രൈബ്യൂണലിൻ്റെ സുപ്രധാന ഇടപെടൽ ഉണ്ടായിരിക്കുന്നത്.
കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ ചേർത്തല മേഖലാ പ്രസിഡൻ്റായ രാജേഷ് ഖന്നയെയാണ് ഇത്തരത്തിൽ സ്ഥലംമാറ്റിയത്. ഭരണപരമായ ആവശ്യത്തിൻ്റെ പേരിലാണ് നടപടി നടപ്പാക്കിയതെങ്കിലും ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ജീവനക്കാരുടെയും സംഘടനയുടെയും ആരോപണം. വിഷയത്തിൽ കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷനും ജോയിൻ്റ് കൗൺസിലും നേരത്തെ ജില്ല കലക്ടർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടി പിൻവലിക്കാൻ അധികൃതർ തയാറായില്ല. തുടർന്നാണ് റവന്യൂ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മിഷണർ, ആലപ്പുഴ ജില്ല കലക്ടർ എന്നിവരെ എതിർകക്ഷികളാക്കി രാജേഷ് ഖന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ഹർജി പരിഗണിച്ച ട്രൈബ്യൂണൽ സ്ഥലംമാറ്റ ഉത്തരവ് നിലവിലുള്ള സർക്കാർ ഉത്തരവുകളുടെയും മുൻ കോടതി വിധികളുടെയും ലംഘനമാണെന്ന് പ്രാഥമികമായി വിലയിരുത്തി. ട്രൈബ്യൂണലിൻ്റെ ഇടക്കാല ഉത്തരവ് പ്രകാരം ഹർജിക്കാരന് വിശദമായി വാദം കേൾക്കാനുള്ള അവസരം നൽകണം. കൂടാതെ ഒരു മാസത്തിനകം സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കുകയും വേണം. അതുവരെ ജില്ല കലക്ടറുടെ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കരുതെന്നും ട്രൈബ്യൂണൽ കർശന നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഈ ഉത്തരവ് നിർണായകമാകും.
സർക്കാർ ഉത്തരവുകൾ ലംഘിച്ചാൽ ശക്തമായ സമരം
ഈ വിഷയത്തിൽ ലാൻഡ് റവന്യൂ കമ്മിഷണർ ജൂൺ 24ന് പുറപ്പെടുവിച്ച ഉത്തരവ് നിലവിലുണ്ടായിരിക്കെയാണ് പുതിയ സ്ഥലംമാറ്റ നടപടി സ്വീകരിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സമാന സാഹചര്യത്തിൽ മലപ്പുറം ജില്ല കലക്ടർ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവ് ലാൻഡ് റവന്യൂ കമ്മിഷണർ നേരത്തെ റദ്ദാക്കിയിരുന്നു. അതേ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആലപ്പുഴയിൽ വീണ്ടും ജീവനക്കാരനെ ദൂരെയുള്ള സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കി.
കോടതിയുടെയും സർക്കാരിൻ്റെയും ഉത്തരവുകൾ അവഗണിച്ച് ജില്ലയിലെ റവന്യൂ ജീവനക്കാരെ മനുഷ്യത്വരഹിതമായി വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നടപടികൾ തുടർന്നാൽ അനിശ്ചിതകാല സമരപ്രക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്ന് ജില്ല സെക്രട്ടറി കെ.ജി ഐബുവും പ്രസിഡൻ്റ് ഷഹീർ ഷരീഫും സംയുക്ത പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. പ്രതികാര നടപടികൾ അവസാനിപ്പിച്ച് ജീവനക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR