Enter your Email Address to subscribe to our newsletters

Ernakulam , 30 ജൂലൈ (H.S.)
കശുവണ്ടി അഴിമതിക്കേസ് പ്രതി കെ എ രതീഷ് പദവികളിൽ തുടരാൻ അയോഗ്യനെന്ന് ഹൈക്കോടതി. കെ എ രതീഷിനെ സുപ്രധാന പദവികളിൽ നിയമിച്ചതിൽ സർക്കാരിനെ വിമർശിക്കുകയും ചെയ്തു. ഒരു മാസത്തിനുള്ളിൽ സർക്കാരിനോട് റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇത്രയും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവിയിൽ ഇരുത്തുന്നതെന്ന് കോടതി ചോദിച്ചു. അഴിമതി നടത്താൻ സാധ്യതയുള്ള സ്ഥാനങ്ങളെന്നും വിമർശിച്ചു. നാലാഴ്ച്ചയ്ക്കകം വിശദീകരണം നൽകണമെന്ന് സർക്കാരിന് നിർദേശം നൽകുകയും ചെയ്തു. കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ ഒന്നാം പ്രതി കെ എ രതീഷിനെ ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എം ഡി സ്ഥാനങ്ങളിൽ നിയമിച്ചതിലാണ് ഹൈക്കോടതി സർക്കാരിനെ കുടഞ്ഞത്.
നാലാഴ്ചയ്ക്കകം ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകാനും ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചു. ആരോപണങ്ങൾ അതീവ ഗുരുതരമെന്ന് വിലയിരുത്തിയ കോടതി കെ എ രതീഷിന് നോട്ടീസ് അയച്ചു. അടുത്ത വാദം ഓഗസ്റ്റ് ആറിലേക്ക് മാറ്റി.അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി കൊടുത്ത ആളെത്തന്നെ സുപ്രധാന പദവിയിൽ മുഖ്യമന്ത്രി നിയമിച്ചുവെന്ന് ഹർജിക്കാരനായ കെ എം ഷാജഹാൻ്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദമുയർത്തി. കശുവണ്ടി അഴിമതിക്കേസിൽ വിജിലൻസ് എന്തുകൊണ്ട് കേസെടുത്തില്ലെന്നും ഹർജിക്കാരൻ ചോദ്യമുന്നയിച്ചു. കെ എ രതീഷിനെ സുപ്രധാന പദവികളിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതിലും സംസ്കരണത്തിനും കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോർപറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസിന് ആധാരം. ഈ കാലയളവിൽ 1400 കോടി രൂപയുടെ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ഏകദേശം 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തൽ.
വിദേശ രാജ്യങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയർന്ന വിലയ്ക്ക് വാങ്ങിയതിലൂടെ കോർപറേഷന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിവച്ചു. ഇതിനുപുറമെ, ടെൻഡർ നടപടികളിൽ അട്ടിമറി നടത്തുകയും സ്വകാര്യ വ്യക്തികൾക്ക് വഴിവിട്ട് കരാറുകൾ നൽകുകയും ചെയ്തു. അക്കാലത്ത് വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യാൻ അനുമതി ലഭിച്ചത് ജെ.എം.ജെ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് മാത്രമായിരുന്നു. ഇതിനായി ചട്ടങ്ങൾ ലംഘിച്ചതായും ടെൻഡർ നടപടികളിൽ കൃത്രിമം കാണിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കോർപറേഷൻ മുൻ ചെയർമാൻ ആർ.ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ രതീഷ്, ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജെയ്മോൻ ജോസഫ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. കെ.എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം ആദ്യം വിജിലൻസും പിന്നീട് 2015ൽ സിബിഐയുമാണ് കേസ് അന്വേഷിച്ചത്.
അന്വേഷണത്തിൽ കോർപറേഷന് കോടികളുടെ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തുകയും 2020ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ, പ്രതികളെ വിചാരണ ചെയ്യുന്നതിനുള്ള ഔദ്യോഗിക പ്രോസിക്യൂഷൻ അനുമതി നൽകാൻ മുൻ എൽഡിഎഫ് സർക്കാർ തയാറായിരുന്നില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR