മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകളെ പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റികൾക്കും കൊല്ലാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
Thiruvananthapuram, 30 ജൂലൈ (H.S.) മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകളെ പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റികൾക്കും കൊല്ലാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ച് ഇറക്കിയ ഉത്തരവിന്മേലുള്ള വിശദമായ മാർഗനിർദേശം പിന
STRAY DOG CULLING ORDER


Thiruvananthapuram, 30 ജൂലൈ (H.S.)

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകളെ പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റികൾക്കും കൊല്ലാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ച് ഇറക്കിയ ഉത്തരവിന്മേലുള്ള വിശദമായ മാർഗനിർദേശം പിന്നാലെ പുറത്തിറക്കാനാണ് തദ്ദേശ വകുപ്പിൻ്റെ തീരുമാനം. മൃഗസ്നേഹികളുടെ എതിർപ്പ് ഉയരുകയാണെങ്കിൽ പരിഹാരം കാണാൻ വിവിധതലങ്ങളിലുള്ള ചർച്ചകൾ നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തെരുവുനായ ശല്യം രൂക്ഷമായ നഗരസഭകളുമായി ബന്ധപ്പെട്ടാകും വിശദചർച്ചകൾ നടക്കുക.

കാട്ടുപന്നികൾക്കു പുറമെ തെരുവുനായകളെയും കൊല്ലാം

സംസ്ഥാന സർക്കാർ നേരത്തെ കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകിയിരുന്നു. തദ്ദേശ വകുപ്പിനാണ് അതിനുള്ള അനുമതി നൽകിയിരുന്നത്. നിലവിൽ സംസ്ഥാനത്ത് ഒൻപതു ലക്ഷത്തോളം തെരുവുനായകളുണ്ടെന്നാണ് സർക്കാരിൻ്റെ പ്രാഥമിക കണക്കുകൾ. അപകടകാരികളായ തെരുവുനായകളെ കൊല്ലാൻ കഴിഞ്ഞ മെയ് 19നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ, വിധി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. അതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. നായകളെ എങ്ങനെ, എപ്പോൾ കൊല്ലാമെന്നതു സംബന്ധിച്ച വിശദമായ മാർഗനിർദേശം ഒരുമാസത്തിനുള്ളിൽ പുറത്തിറക്കാനാണ് തദ്ദേശ വകുപ്പിൻ്റെ തീരുമാനം.

അഞ്ചുവർഷത്തിനിടെ കടിയേറ്റത് 15 ലക്ഷംപേർക്ക്

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 15,02,737 പേർക്കാണ് സംസ്ഥാനത്ത് തെരുവുനായകളുടെ കടിയേറ്റത്. 122 പേർ അഞ്ചുവർഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചു. ഓരോ വർഷവും കടിയേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടുന്നു. 2021ൽ 2,21,379 പേർക്കാണു കടിയേറ്റത്. 2025ൽ അത് 3,69,272 ആയി. 2021ൽ 11 ആയിരുന്ന മരണസംഖ്യ 2025ൽ 33 ആയി. തിരുവനന്തപുരത്താണ് കൂടുതൽ പേർക്ക് കടിയേറ്റത്, 58,108 പേർക്ക്. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 43 പേർക്കു മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടുള്ളത്. പരമാവധി ഒന്നരലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്.

എബിസി പദ്ധതികൾ പ്രതിസന്ധിയിൽ

തെരുവുനായ്ക്കളുടെ ജനന നിയന്ത്രണത്തിനായി സംസ്ഥാനത്ത് പ്രഖ്യാപിച്ച എബിസി പദ്ധതികളും നിലവിൽ പ്രതിസന്ധിയിലാണ്. എല്ലാ പഞ്ചായത്തുകളിലും എബിസി കേന്ദ്രങ്ങൾ തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിൽ 20 കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. മൂന്ന് ജില്ലകളിൽ ഒരു കേന്ദ്രം പോലും നിലവിലില്ല. കേന്ദ്ര മാനദണ്ഡങ്ങളിലെ കർശനമായ നിബന്ധനകളാണ് പുതിയ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് തടസമാകുന്നത്. ഓരോ നായയ്ക്കും പ്രത്യേകം കൂടുകൾ, ശീതീകരിച്ച ഓപ്പറേഷൻ തിയറ്ററുകൾ, പ്രത്യേക അടുക്കള, അഞ്ചു ദിവസത്തെ നിരീക്ഷണം തുടങ്ങിയ നിർദേശങ്ങൾ പാലിക്കാൻ പല തദ്ദേശ സ്ഥാപനങ്ങൾക്കും സാധിക്കുന്നില്ല. കൂടാതെ, വെറ്ററിനറി ഡോക്ടർമാരുടെ കുറവും തിരിച്ചടിയാകുന്നുണ്ട്.

കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്ന എബിസി (അനിമൽ ബെർത്ത് കൺട്രോൾ) ചട്ടങ്ങൾ സംസ്ഥാനത്തിൻ്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നെന്നാണ് സർക്കാർ നിലപാട്. 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 38 പ്രകാരം നിലവിൽവന്ന ഈ ചട്ടങ്ങൾ മൃഗസംരക്ഷണത്തിനാണ് മുൻഗണന നൽകുന്നത്. ഈ ചട്ടങ്ങൾ വന്നതിനുശേഷമാണ് രാജ്യവ്യാപകമായി തെരുവുനായ ആക്രമണങ്ങൾ വർധിച്ചതെന്നും ഇത് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും സംസ്ഥാന സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

കൊല്ലാൻ മാനദണ്ഡങ്ങൾ പാലിക്കണം

തെരുവുനായകളെ കൊല്ലുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയ സർക്കാർ മറ്റു നിർദേശങ്ങളും നൽകിയിട്ടുണ്ട്. പേവിഷം ബാധിച്ചതും ആക്രമണകാരികളുമായ നായ്ക്കളെയാണ് കൊല്ലേണ്ടത്. മരുന്ന് കുത്തിവച്ച് അനുകമ്പാപൂർവം കൊല്ലണമെന്നാണ് പ്രാഥമിക നയം. ആക്രമണം പതിവായ സ്ഥലങ്ങളിലാണ് നായ്ക്കളെ കൊല്ലാവുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും അനിമൽ ബെർത്ത് കൺട്രോൾ ചട്ടങ്ങളും പാലിക്കണം. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ- വെറ്ററിനറി വകുപ്പുകൾ എന്നിവയുടെ ഏകോപനം വേണം. വന്ധീകരണപദ്ധതികൾ സമാന്തരമായി നടപ്പാക്കണം. പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിനുകളും ഇമ്യൂണോഗ്ലോബുലിനുകളും ആവശ്യത്തിന് ലഭ്യമാക്കണം. ഉത്തരവുകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് നിയമപരമായ പരിരക്ഷ നൽകണം. ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ പേരിൽ അവർക്കെതിരെ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News