സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്
Ernakulam , 30 ജൂലൈ (H.S.) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 600 രൂപ വർധിച്ച് 1,05,840 രൂപയിലെത്തി. ഗ്രാമിന് 75 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,230 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ
Gold rate increased


Ernakulam , 30 ജൂലൈ (H.S.)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 600 രൂപ വർധിച്ച് 1,05,840 രൂപയിലെത്തി. ഗ്രാമിന് 75 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,230 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് വില 1,05,240 രൂപയായിരുന്നു വിപണി നിരക്ക്. വിവിധ കാരറ്റുകളുടെ വിലയിലും മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.

18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ വർധിച്ച് 10,870 രൂപയായി. ഒരു പവനാകട്ടെ 86,960 രൂപയാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ വർധിച്ച് 8,470 രൂപയും പവന് 67,760 രൂപയുമായി. ഒമ്പത് കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ വർധിച്ച് 5,460 രൂപയും പവന് 43,680 രൂപയുമായി. സ്വർണം പോലെതന്നെ ആവശ്യക്കാരേറെയുള്ള വെള്ളിയുടെ വിലയിലും വ്യത്യാസമുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ് ഇന്നത്തെ നിരക്ക്. 10 ഗ്രാമിനാകട്ടെ 2,350 രൂപയും നൽകണം.

ആഗോളതലത്തിലുള്ള ലഭ്യതക്കുറവ്, വ്യാവസായിക ആവശ്യങ്ങളിലെ വർധന, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വീകാര്യത എന്നിവയാണ് വെള്ളി വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. ഇന്ത്യയിലെ ഇറക്കുമതി തീരുവയും നികുതി വ്യവസ്ഥകളും ആഭ്യന്തര വിപണിയിൽ വില കൂടാൻ കാരണമാകുന്നുണ്ട്. സ്വർണം വാങ്ങുമ്പോൾ പണിക്കൂലിയായി അഞ്ച് ശതമാനമാണ് മിക്ക ജ്വല്ലറികളും ഈടാക്കുന്നത്. എന്നാൽ ചെറുകിട സ്ഥാപനങ്ങളിൽ ഇത് വ്യത്യാസപ്പെടാം. പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് നിരക്ക് എന്നിവ സ്വർണവിലയുടെ കൂടെ ഉൾപ്പെടുത്തണം. ഇതോടെ ഇന്നത്തെ നിരക്കിൽ ഒരു പവൻ സ്വർണം വാങ്ങാൻ 1.25 ലക്ഷം രൂപയെങ്കിലും ഉപഭോക്താവ് നൽകണം.

ഇന്നലത്തെ യുഎസ് ഫെഡറൽ റിസർവ് യോഗം, സ്വർണവിപണിക്ക് നൽകുന്ന സൂചനകൾ

ജൂലൈ മാസത്തിലെ ഫെഡറൽ റിസർവ് യോഗത്തിൽ നയപലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി. എന്നാൽ ഇത് പലിശവർധനവിൻ്റെ അവസാനമല്ലെന്നും പണപ്പെരുപ്പത്തിൻ്റെ ഗതി വിലയിരുത്തി വരും മാസങ്ങളിൽ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കാമെന്നും ഫെഡ് ചെയർമാൻ കെവിൻ വാർഷ് സൂചന നൽകി. പശ്ചിമേഷ്യൻ സംഘർഷങ്ങളും പുതിയ സാമ്പത്തിക സൂചകങ്ങളും ആഗോള വിപണിയുടെ ഹ്രസ്വകാല ദിശ നിർണ്ണയിക്കുന്നതിൽ ഇനി നിർണായകമാകും. പലിശ നിരക്കുകൾ ഉയർന്ന നിലയിൽ തുടരുമ്പോൾ ബോണ്ടുകളിൽ നിന്നുള്ള ആദായം വർദ്ധിക്കുകയും, സ്വർണ്ണം പോലുള്ള പലിശ ലഭിക്കാത്ത നിക്ഷേപങ്ങളുടെ ആകർഷണീയത കുറയുകയും ചെയ്യുന്നത് വിലയെ ബാധിക്കുന്നു.

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ

പശ്ചിമേഷ്യയിൽ വീണ്ടും ഉടലെടുത്ത സംഘർഷങ്ങൾ വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ജോർദാനിലെ യു.എസ് താവളങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണവും തുടർന്ന് അമേരിക്ക ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ തിരിച്ചടിയും ഭൗമരാഷ്ട്രീയ അന്തരീക്ഷം വഷളാക്കിയിട്ടുണ്ട്. ഇത്തരം യുദ്ധപ്രതീതികൾ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വലിയ നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിയുന്നത് വിലയെ പെട്ടെന്ന് ഉയർത്താൻ കാരണമാകുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News