Enter your Email Address to subscribe to our newsletters

Kozhikode , 30 ജൂലൈ (H.S.)
മാവൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരനെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) പിടികൂടി. ബംഗ്ലാദേശിലെ കുസ്തിയ കുൽന ജില്ലക്കാരനായ ദൗളത്ത് പുര താനയിൽ മുഹമ്മദ് ഹസൻ (22) ആണ് പിടിയിലായത്. മാവൂർ കായലത്തെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എടിഎസ് സംഘം കായലം അങ്ങാടിയിലെ വാടക വീട്ടിൽ എത്തിയത്. കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഹസനും സുഹൃത്തും ഇവിടെ താമസത്തിനെത്തിയത്. വീട്ടിലെത്തിയ പൊലീസ് വാതിലിൽ തട്ടിയതിനെ തുടർന്ന് ഇവർ തുറക്കുകയായിരുന്നു. എന്നാൽ പൊലീസാണെന്ന് മനസ്സിലായതോടെ മുറിയിലുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. എടിഎസ് സംഘം ഇയാളെ ഏറെ ദൂരം പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. രക്ഷപ്പെട്ടയാളാണ് വീട് വാടകയ്ക്ക് എടുത്തിരുന്നതെന്നും ഇയാൾ മുഖാന്തരമാണ് മുഹമ്മദ് ഹസൻ കായലത്ത് എത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.
രേഖകൾ പിടിച്ചെടുത്തു
തുടർന്ന് വാടക വീടിനകത്ത് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ഹസൻ പിടിയിലാകുന്നത്. ഇവിടെനിന്ന് ബംഗ്ലാദേശിലെ തിരിച്ചറിയൽ രേഖയും ബംഗ്ലാദേശി കറൻസിയും എടിഎസ് സംഘം പിടിച്ചെടുത്തു. ഹിന്ദി അറിയാത്ത മുഹമ്മദ് ഹസനെ മറ്റൊരു ദ്വിഭാഷിയെ വച്ചാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ഇയാൾ മുഖാന്തരം ബംഗ്ലാദേശിലെ കുടുംബവുമായി പൊലീസ് ബന്ധപ്പെടുകയും മുഹമ്മദ് ഹസൻ ബംഗ്ലാദേശ് പൗരൻ തന്നെയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
പിടിയിലായ മുഹമ്മദ് ഹസൻ്റെ മറ്റൊരു സുഹൃത്ത് കൂടി ഇവിടെ താമസിച്ചിരുന്നതായി എടിഎസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ഊർജിത ശ്രമം ആരംഭിച്ചു. സംഭവമറിഞ്ഞ് മാവൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് പ്രതിയെ മാവൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പൊലീസിൻ്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങളാണ് ലഭിച്ചത്. ഇതിനു സമാനമായ വിധത്തിൽ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കൂടുതൽ ബംഗ്ലാദേശ് പൗരന്മാർ ഒളിച്ചു താമസിക്കുന്നുണ്ടെന്നാണ് സൂചന. ചാലിയാർ പുഴയുടെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ കൂടുതലായും തമ്പടിക്കുന്നത്.
അതിഥിത്തൊഴിലാളികൾ എന്ന വ്യാജേനയാണ് ഇവർ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ എത്തുന്നത്. നിർമാണ മേഖലകളിലും മറ്റും ജോലി ചെയ്യുന്ന ഇവർ പ്രാദേശികമായി വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കാറുണ്ടെന്നും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം വ്യാജ രേഖകൾ നിർമിച്ച് നൽകുന്ന സംഘങ്ങളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കേന്ദ്ര ഏജൻസികളും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പിടിയിലായ മുഹമ്മദ് ഹസന് തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യവും എടിഎസ് വിശദമായി പരിശോധിച്ചുവരികയാണ്. ഇയാളുടെ ഫോൺ രേഖകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
പിടിയിലായ മുഹമ്മദ് ഹസനെതിരെ എമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരം കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്ത് അനധികൃതമായി തങ്ങുന്ന വിദേശ പൗരന്മാരെ കണ്ടെത്താൻ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പൊലീസിൻ്റെ തീരുമാനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR