Enter your Email Address to subscribe to our newsletters

Kannur , 30 ജൂലൈ (H.S.)
കണ്ണൂർ കുറുമത്തൂരിൽ 'കനിവ്' അതിരാവിലെ അഞ്ചിന് തുറക്കുന്ന തട്ടുകടയാണ്. റബർ ടാപ്പിങ്ങിന് പോകുന്നവരുടെ പ്രധാന ചായകുടി കേന്ദ്രമാണ് അഷ്റഫിൻ്റെ 'കനിവ്'. ബുധനാഴ്ച പുലർച്ചെ 4.45 നു പതിവുകാരല്ലാത്ത രണ്ടുപേർ എത്തി രണ്ട് സ്ട്രോങ്ങ് ചായ ഓർഡർ ചെയ്തു. തട്ടുകടയിലെ ജീവനക്കാരൻ അപ്പോഴും എത്തിയിരുന്നില്ല. ചായ നൽകി കടിയെന്തെങ്കിലും വേണോ എന്നായി അഷ്റഫ്. ചായ കുടിച്ചുകഴിഞ്ഞ ഒരാൾ
മൊബൈലിൽ ഒരു ഫോട്ടോ കാണിച്ച് ഇദ്ദേഹത്തെ അറിയുമോ എന്ന് അന്വേഷിച്ചു. മൊബൈൽ സ്ക്രീനിൽ തൻ്റെ മുഖം കണ്ട അഷ്റഫ് ഞെട്ടി. അപ്പോഴേക്കും തട്ടുകടയിലെ ജീവനക്കാരനുമെത്തി. ഒരു കേസുണ്ട് അഷ്റഫിനെ ഞങ്ങൾ കൊണ്ടുപോകുന്നു എന്നുമാത്രം അവര് പറഞ്ഞു.
തുടര്ന്ന് രണ്ട് പൊലീസുകാർ അഷ്റഫിനെ പിടിച്ച് വാഹനത്തിൽ കയറ്റി. കൊലപാതക കേസിലെ പ്രതിയായിരുന്നു അഷ്റഫ് എന്നും ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതാണെന്നും നാട്ടുകാര് അറിഞ്ഞത് അപ്പോള് മാത്രമാണ്. പിന്നീട് നാടും വീടുമായി ബന്ധമില്ലാതെയാണ് 10 വർഷം അഷ്റഫ് കഴിഞ്ഞത്.
സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും അഷ്റഫിനെ കുറിച്ച് കുറുമാതൂറിലെ ആളുകൾക്ക് ഒക്കെ പറയാനുള്ളത് നല്ലതു മാത്രമാണ്. അദ്ദേഹത്തെ പോലെ തട്ടുകട നടത്തുന്ന മുഹമ്മദിനും അഷ്റഫിനെ കുറിച്ച് നല്ല വാക്കുകള് മാത്രമേ പറയാനുള്ളു. സംഭവത്തിന് മുൻപേ പയ്യന്നൂരിലെ യുവതിയെ വിവാഹം ചെയ്തിരുന്നു. അതിൽ രണ്ട് മക്കളും ഉണ്ടായിരുന്നു. പത്തുവർഷത്തെ ഒളിവുജീവിതത്തിനുശേഷം പയ്യന്നൂരിലെത്തി. പാചകക്കാരനായിരുന്ന അഷ്റഫ് മാങ്ങപറിച്ച് വിൽക്കുകയും പഴയ കെട്ടിടം പൊളിച്ച് വിൽക്കുകയും ചെയ്തു ജീവിക്കുകയായിരുന്നു. പൊലീസ് ആദ്യം കണ്ടെത്തിയത് അഷ്റഫിൻ്റെ കുടുംബത്തെയാണ്. അവരിൽനിന്നാണ് ഫോട്ടോയും ബാക്കി വിവരങ്ങളും ലഭിച്ചത്.
കേസിൻ്റെ നാൾവഴികൾ ഇങ്ങനെ
കതിരൂർ സ്വദേശി വേറ്റുമ്മൽ ടി കെ രതീഷ് (19) കൊല്ലപ്പെട്ടത് 2001 ഇൽ ആണ്. വധക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയാണ് അഷ്റഫ്. ഈ കേസിൽ ആണ് 25 വർഷത്തിനുശേഷം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് അഷ്റഫിനെ ചെയ്തത്. പ്രതിയെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2001-ൽ നടന്ന കൊലപാതകത്തിനുശേഷം 10 വർഷത്തോളം മൈസൂരു, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഹോട്ടൽ തൊഴിലാളിയായി ഒളിവിൽകഴിഞ്ഞ പ്രതി, 15 വർഷത്തോളമായി തളിപ്പറമ്പിന് സമീപം താമസിച്ച് തട്ടുകട നടത്തുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് അന്വേഷണം ഊർജിതമാക്കിയത്. സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മുംബൈ, ചെന്നൈ, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. പ്രതി പയ്യന്നൂരിന് സമീപത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പയ്യന്നൂർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
ബുധനാഴ്ച പുലർച്ചെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കേസിൽ ബാക്കി പ്രതികളുടെ വിചാരണ നേരത്തേ കഴിഞ്ഞിരുന്നു. എട്ട് പ്രതികളിൽ പുല്യോടിയിലെ പൊനോൻ്റവിട ഗുരുനാനാക്ക് (25), ഓട്ടോഡ്രൈവർ പുല്യോട്ടെ കളത്തിൽ മീത്തൽ ഷൈജു (22), ചോയ്യാടത്ത് മാനസൻ (25), പുല്യോട്ടെ ഷീജൻ (28), ചോയ്യോടം പ്രശാന്തൻ (22) എന്നീ സിപിഎം പ്രവർത്തകരെ സംഭവശേഷം ദിവസങ്ങൾക്കുള്ളിൽ കതിരൂര് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പ്രതികളെ കോടതി വെറുതേവിട്ടിരുന്നു. കേസില് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് അഷ്റഫ് ഒളിവില് പോയത്.
വേറ്റുമ്മലിൽ അക്രമിസംഘം ബോംബെറിഞ്ഞും വെട്ടിയുമാണ് രതീഷിനെ കൊലപ്പെടുത്തിയത്. വിദഗ്ധചികിത്സയ്ക്കായി എറണാകുളം ആശുപത്രിയിലേക്കുള്ള വഴിയിലായിരുന്നു രതീഷിൻ്റെ മരണം സംഭവിച്ചത്.
ചുണ്ടങ്ങാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിപ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ ആളുമാറി രതീഷ് കൊല്ലപ്പെടുകയായിരുന്നെന്നാണ് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞത്. ബിജെപി പ്രവർത്തകരെ വെട്ടാനായിരുന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറി നിർദേശിച്ചതെന്നും അടയാളമായി നൽകിയ ചുവന്ന കുപ്പായം മാറി മറ്റൊരാൾ ധരിച്ചതുമൂലമാണ് രതീഷ് കൊല്ലപ്പെട്ടതെന്നുമാണ് പ്രതികൾ നേരത്തെ പൊലീസിന് നൽകിയ മൊഴി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR