രാഷ്ട്രീയ കേരളത്തിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ച വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ കോടതിയിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു
Ernakulam , 30 ജൂലൈ (H.S.) രാഷ്ട്രീയ കേരളത്തിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ച വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ കോടതിയിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ആറ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം നൽകിയത്. പ്രളയബാധി
KERALA LIFE MISSION CASE


Ernakulam , 30 ജൂലൈ (H.S.)

രാഷ്ട്രീയ കേരളത്തിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ച വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ കോടതിയിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ആറ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം നൽകിയത്. പ്രളയബാധിതരുടെ പുനരധിവാസത്തിനായി വിദേശ ഏജൻസി നൽകിയ തുകയിൽ നിന്ന് പതിനൊന്ന് കോടിയോളം രൂപ പ്രതികൾ തിരിമറി നടത്തിയും കമ്മിഷനായും തട്ടിയെടുത്തെന്നാണ് സിബിഐ കണ്ടെത്തൽ.

എന്നാൽ ഏറെ ചർച്ച ചെയ്യപ്പെട്ട കേസിൻ്റെ ആദ്യഘട്ട കുറ്റപത്രത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ, ലൈഫ് മിഷൻ മുൻ സിഇഒ യുവി ജോസ് എന്നിവർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വരുംഘട്ടങ്ങളിൽ കൂടുതൽ പേർ പ്രതിപ്പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ ഏജൻസി നൽകുന്ന സൂചന.

പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർയൂണിടാക് ബിൽഡേഴ്സ് എംഡി സന്തോഷ് ഈപ്പൻ, സന്തോഷ് ഈപ്പൻ്റെ കമ്പനിയായ സെയ്ൻ വെഞ്ച്വേഴ്സ്, ലൈഫ് മിഷൻ, സ്വർണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായർ, സ്വപ്ന സുരേഷ്, മുൻ യുഎഇ കോൺസുലേറ്റ് പിആർഒ പിഎസ് സരിത്ത് എന്നിവരാണ് കുറ്റപത്രത്തിലുള്ളത്. വിദേശ സഹായ നിയന്ത്രണ നിയമം അഥവാ എഫ്സിആർഎ ലംഘിച്ചും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുമാണ് വൻ തുകയുടെ അഴിമതി നടത്തിയതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കേസിൽ സിബിഐയുടെ തുടർ അന്വേഷണം പുരോഗമിക്കുകയാണ്.

കരാർ നൽകിയതിൽ വൻ തിരിമറിരണ്ടായിരത്തി പതിനെട്ടിലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ഫ്ലാറ്റുകളും ആശുപത്രി സമുച്ചയവും നിർമിക്കുന്നതിനായി യുഎഇയിലെ പ്രമുഖ സന്നദ്ധ സംഘടനയായ റെഡ് ക്രസൻ്റ് ഇരുപത്തിയൊന്ന് കോടി രൂപയാണ് നൽകിയത്. ലൈഫ് മിഷനും റെഡ് ക്രസൻ്റും ഒപ്പുവച്ച ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പണം അനുവദിച്ചത്.

എന്നാൽ ആശുപത്രി നിർമാണത്തിനായി മുൻകൂട്ടി നിശ്ചയിച്ചിരുന്ന നടപടിക്രമങ്ങളോ ടെൻഡറോ വിളിക്കാതെയാണ് കൊച്ചി സ്വദേശിയായ സന്തോഷ് ഈപ്പൻ്റെ നിർമാണ കമ്പനിക്ക് കരാർ കൈമാറിയതെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന് കീഴിലുള്ള ഹാബിറ്റാറ്റ് എന്ന സ്ഥാപനത്തിനായിരുന്നു യഥാർഥത്തിൽ നിർമാണ കരാർ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇതിൽ വൻ തിരിമറി നടത്തി ഹാബിറ്റാറ്റിനെ ഒഴിവാക്കി സന്തോഷ് ഈപ്പൻ്റെ യൂണിടാക്, സെയ്ൻ വെഞ്ച്വേഴ്സ് കമ്പനികൾക്ക് കരാർ നൽകുകയായിരുന്നു.

റെഡ് ക്രസൻ്റ് നൽകിയ ഇരുപത്തിയൊന്ന് കോടി രൂപയിൽ വലിയൊരു തുക വകമാറ്റിയെന്നാണ് അന്വേഷണസംഘം കണ്ടെത്തുന്നത്. പദ്ധതി നടപ്പിലാക്കാൻ ലൈഫ് മിഷൻ വഴി സൗകര്യം ഒരുക്കി നൽകിയതിന് സന്തോഷ് ഈപ്പൻ, സന്ദീപ്, സരിത്ത്, സ്വപ്ന എന്നിവരടങ്ങുന്ന സംഘം നാലരക്കോടി രൂപ കമ്മിഷനായി തട്ടിയെടുത്തു. ഇതിനുപുറമേ നിർമാണത്തിൽ ലാഭം എന്ന നിലയിൽ സന്തോഷ് ഈപ്പൻ വീണ്ടും അഞ്ചു കോടി രൂപയോളം വകമാറ്റി ഉപയോഗിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിലൊന്നായ ലൈഫ് മിഷനിൽ നടന്ന ഈ അഴിമതി വരും ദിവസങ്ങളിലും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News