Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ജൂലൈ (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് വെയര്‍ഹൗസുകളില്‍ സൂക്ഷിച്ച കോടികളുടെ മരുന്ന് ഉപയോഗശൂന്യമായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍. പത്തുവര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ മന്ത്രി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മരുന്നുകളുടെയും കമ്പനികളുടെയും വിവരങ്ങളെക്കുറിച്ചും അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
മരുന്നുകള്‍ക്ക് പുറമേ ശസ്ത്രക്രിയാ സാമഗ്രികള്‍, കൊവിഡ് കാലത്ത് വാങ്ങിയ പിപിഇ കിറ്റുകള്‍ എന്നിവയും പാഴായ കൂട്ടത്തിലുണ്ട്. സംസ്ഥാനത്തെ വിവിധ ഗോഡൗണുകളില്‍ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന സാധനങ്ങളുടെ കാലാവധി കഴിഞ്ഞതിനാല്‍ ഇനി ഉപയോഗയോഗ്യമല്ല. പൊതുപണം പാഴാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. 50 കോടിയോളം രൂപയുടെ സാമഗ്രികള്‍ ഇത്തരത്തില്‍ കെട്ടികിടക്കുന്നതായാണ് പ്രാഥമികവിവരം. കാലഹരണപ്പെട്ട ഇവ നശിപ്പിക്കാനും ലക്ഷങ്ങള്‍ വേണ്ടിവരും.
മരുന്നുകളുടെ സംഭരണം, ഗോഡൗണ്‍ സംവിധാനം, വിതരണം എന്നിവയില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനുണ്ടായ വീഴ്ച കൃത്യമായി കണ്ടെത്തണമെന്നാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ പത്ത് വര്‍ഷത്തെ പര്‍ച്ചേസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. കാലഹരണപ്പെട്ട മരുന്നുകളുടെ ആകെ അളവും മൂല്യവും ഇത്തരത്തില്‍ മരുന്നുകള്‍ സംഭരിക്കപ്പെടാനും കാലഹരണപ്പെടാനും ഇടയായ കാരണങ്ങളും സാഹചര്യങ്ങളും കൃത്യമായി കണ്ടെത്തണം. കാലഹരണപ്പെട്ട മരുന്നുകള്‍ ശേഖരിച്ച് ശാസ്ത്രീയമായി നശിപ്പിക്കുന്നതിനായി ഈ കാലയളവില്‍ ചെലവഴിച്ച തുക ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ തെളിവ് സഹിതം കണ്ടെത്തണമെന്നും ഇത്തരം പാഴ്‌ചെലവുകള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശുപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് മന്ത്രിയുടെ നിര്‍ദേശം.
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ പതിനാറ് വെയര്‍ഹൗസുകളിലുമായി കോടികളുടെ മരുന്നാണ് കൂന്നുകൂടി കിടക്കുന്നത്. ഇതുമൂലം സര്‍ക്കാരിന് ഉണ്ടായത് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ പലതവണകളായി വാങ്ങിക്കൂട്ടിയ ജീവന്‍ രക്ഷാ മരുന്നുകളും പിപിഇ കിറ്റും പൊട്ടിച്ച് പോലും നോക്കാത്ത പെട്ടികളിലുണ്ട്. എല്ലാം കാലാവധി കഴിഞ്ഞ് ഉപയോഗ്യശൂന്യമായി കഴിഞ്ഞു. കോടികള്‍ വില വരുന്ന മരുന്നാണ് നശിച്ചുപോയതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അനുമാനം. വിതരണം ചെയ്യാതെ മരുന്നുകള്‍ നശിച്ച് പോയതില്‍ വലിയ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. ആവശ്യമായതിലും അധികം മരുന്ന് വാങ്ങിക്കൂട്ടിയത് വെട്ടിപ്പിനാണെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം.
ആരോഗ്യവകുപ്പില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നടന്ന പര്‍ച്ചേസുകളെക്കുറിച്ച് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താന്‍ മന്ത്രി കെ മുരളീധരന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. പര്‍ച്ചേസുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികളെ കൃത്യമായി കണ്ടെത്തി തുടര്‍നടപടികള്‍ക്കായുള്ള ശുപാര്‍ശകളും അടങ്ങിയ വിശദമായ റിപ്പോര്‍ട്ടായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
---------------
Hindusthan Samachar / Sreejith S