Enter your Email Address to subscribe to our newsletters

Kozhikode , 30 ജൂലൈ (H.S.)
തിരുവോണത്തിന് സദ്യവട്ടങ്ങൾ ഒരുക്കാൻ നാടൊരുങ്ങുന്നതിന് മുൻപേ സംസ്ഥാനത്ത് സർവമേഖലയിലും കടുത്ത വിലക്കയറ്റം. പച്ചക്കറി മുതൽ അരിക്കും പഞ്ചസാരയ്ക്കും ഇറച്ചിക്കും വരെ പൊള്ളുന്ന വിലയാണ് വിപണിയിലുള്ളത്. മാറിയ കാലാവസ്ഥയും ഇതര സംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞതുമാണ് കേരളത്തെ പട്ടിണിയിലേക്ക് തള്ളിയിടുന്ന പണപ്പെരുപ്പത്തിന് പ്രധാന കാരണം. ദേശീയ ശരാശരിയേക്കാൾ ഉയർന്ന പണപ്പെരുപ്പ നിരക്കാണ് അടുത്തകാലത്തായി സംസ്ഥാനം രേഖപ്പെടുത്തുന്നത്.
പച്ചക്കറി വിപണിയിൽ വിലക്കയറ്റം
ഓണത്തോടനുബന്ധിച്ച് പച്ചക്കറികൾക്ക് വില കൂടുന്നത് പതിവാണെങ്കിലും ഇത്തവണ നേരത്തെ തന്നെ കമ്പോളം പൊള്ളുകയാണ്. രണ്ടാഴ്ച മുൻപ് കിലോയ്ക്ക് 35 രൂപയായിരുന്ന കാരറ്റിന് ഇപ്പോൾ 80 രൂപയായി. 70 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 200 മുതൽ 250 രൂപ വരെയാണ് വിപണിയിലെ വില. രണ്ടാഴ്ചക്കിടെ അമ്പത് രൂപയിലധികമാണ് വെളുത്തുള്ളിക്ക് കൂടിയത്. വെളുത്തുള്ളിക്ക് 200ന് മുകളിലാണ് ചില്ലറ വിൽപന വില. ചെറിയ ഉള്ളിക്കും വില കൂടി. നല്ലയിനം ചെറിയ ഉള്ളിക്ക് 90 മുതൽ 110 രൂപ വരെ ഈടാക്കുമ്പോൾ രണ്ടാംതരത്തിന് 60 രൂപയാണ് വില. ബീൻസിനും അമരയ്ക്കും 80 മുതൽ 100 രൂപ വരെയായി. വിപണിയിൽ ഇപ്പോൾ ആവശ്യക്കാരേറെയുള്ള പയറിന് 70 രൂപയാണ്. മുരിങ്ങയ്ക്ക് 70 മുതൽ 80 രൂപ വരെ നൽകണം. തക്കാളി വിലയിൽ മാത്രമാണ് ആശ്വാസമുള്ളത്. 60ൽ നിന്നും 40ഉം പിന്നീട് ഇരുപതുമായി കുറഞ്ഞു. ബീറ്റ്റൂട്ടിന് 65 മുതൽ 80 രൂപ വരെയും കോളിഫ്ളവറിന് 35 മുതൽ 50 വരെയുമാണ് വില.
ഇതര സംസ്ഥാന പച്ചക്കറികൾക്ക് വിലകൂടിയതും മഴക്കാലത്ത് പച്ചക്കറി ഉത്പാദനം കുറഞ്ഞതും ജില്ലയിൽ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികളുടെ വില വർധനയ്ക്ക് കാരണമായി. ഓണം വരെ ഇനി വില കുറയാൻ സാധ്യതയില്ലെന്നാണ് കോഴിക്കോട് പാളയം മാർക്കറ്റിലെ വ്യാപാരികൾ പറയുന്നത്. കർണാടകയിലെ ചാമരാജ് നഗർ, മൈസൂരു എന്നിവിടങ്ങളിൽ നിന്നും വയനാട്ടിൽ നിന്നുമാണ് ജില്ലയിലേക്ക് പച്ചക്കറികൾ പ്രധാനമായും എത്തുന്നത്. ഇന്ധനവില വർധനയും കാലാവസ്ഥ അനുകൂലമല്ലാത്തതും വൈറസ് രോഗങ്ങളും മൂലം ഉത്പാദനം കുറഞ്ഞതും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുലോറികളുടെ വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് എസ്ഇഎസ് വെജ് ഉടമ ആനന്ദ്, ടിഎൻ വെജിലെ ദീപു, എസ്എഫ്എസ് അക്ബർ, കെപിഎൻ കുമരേശൻ എന്നിവർ വ്യക്തമാക്കി.
ഹോട്ടൽ മേഖലയും പ്രതിസന്ധിയിൽഅരിക്കും കോഴിക്കും മാത്രമല്ല, ബിരിയാണിക്ക് ദമ്മിടുന്ന മൈദയ്ക്കും കത്തിക്കുന്ന ചിരട്ടയ്ക്കും വരെ വിലകൂടിയതോടെ കേറ്ററിങ്, ഹോട്ടൽ വ്യാപാരികൾ വൻ നഷ്ടത്തിലാണ്. ഹോട്ടലുകളിൽ 180 മുതൽ 300 രൂപ വരെയാണ് ബിരിയാണി വില. നേരത്തെ സ്വീകരിച്ച ഓർഡറുകളിൽ പെട്ടിരിക്കുകയാണ് കേറ്ററിങ് സർവീസുകാർ. മൂന്നുമാസം മുൻപ് വരെ ഓർഡർ സ്വീകരിച്ച ബിരിയാണിക്ക് പെട്ടെന്ന് വിലകൂട്ടാൻ കഴിയാത്ത അവസ്ഥയുമുണ്ട്. മലപ്പുറം ഉൾപ്പെടെയുള്ള മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ കോഴിക്കോട് നഗരത്തിൽ ചിക്കന് ഉയർന്ന വിലയാണ്. ജില്ലാ ഭരണകൂടത്തിൻ്റെയും സർക്കാരിൻ്റെയും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഭീമമായ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കേറ്ററിങ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പ്രേംചന്ദ് വള്ളിൽ പറഞ്ഞു.
അരിവിലയിലും ആശങ്ക
മലയാളിയുടെ പ്രിയപ്പെട്ട വിഭവമായ ചോറിനും വില കൂടിയിരിക്കുകയാണ്. എല്ലാ അരിക്കും ആറ് മുതൽ എട്ടു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. തിരുവോണത്തിന് സദ്യ വിളമ്പാൻ ഒരുക്കങ്ങൾ കൂട്ടുന്നതിന് മുൻപ് തന്നെ അരി വില വർധിച്ചത് വലിയ ആശങ്കയായി. ആന്ധ്ര കുറുവയ്ക്ക് 48 രൂപയും ആന്ധ്ര ജയയ്ക്ക് 50 രൂപയുമാണ് വില. സുരേഖയ്ക്ക് 55 രൂപയും വടി അരിക്ക് 64 രൂപയും ഉണ്ട അരിക്ക് 50 രൂപയുമാണ് ഏറ്റവും പുതിയ വില നിലവാരം. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും വില വർധിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കാലാവസ്ഥ വ്യതിയാനം മൂലം മറ്റു സംസ്ഥാനങ്ങളിലെ നെൽവിലയിലുണ്ടായ വർധനയാണ് അരിവില കൂടാൻ പ്രധാന കാരണമെന്ന് അരി വിപണിയിലെ പ്രധാന വിതരണക്കാർ പറഞ്ഞു. പ്രതിസന്ധി തുടർന്നാൽ ഓണക്കാലത്ത് അരിവില ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് ചെറുകിട വ്യാപാരികളും പറയുന്നു.
പഞ്ചസാരയ്ക്കും പൊള്ളുന്ന വില
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ പഞ്ചസാര വിലയിൽ കിലോയ്ക്ക് നാല് രൂപ മുതൽ ഏഴ് രൂപ വരെയാണ് വർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം വരെ ചില്ലറ വിപണിയിൽ 43 മുതൽ 44 രൂപയായിരുന്ന പഞ്ചസാര വില നിലവിൽ 49 മുതൽ 51 രൂപയിലേക്ക് ഉയർന്നു. മൊത്തവ്യാപാര വിപണിയിൽ ക്വിൻ്റലിന് 520 രൂപയുടെ വർധനയാണുണ്ടായത്. ജൂണിലെ 4380 രൂപയിൽ നിന്ന് ജൂലൈയിൽ വില 4900 രൂപയായി.
കേന്ദ്ര സർക്കാരിൻ്റെ ഇ-20 ഇന്ധന നയത്തിൻ്റെ ഭാഗമായി പെട്രോളിൽ കലർത്താനുള്ള എഥനോൾ നിർമാണത്തിനായി രാജ്യത്ത് കരിമ്പ് വൻതോതിൽ വഴിതിരിച്ചു വിടുന്നുണ്ട്. കരിമ്പിൽ നിന്ന് നേരിട്ട് എഥനോൾ നിർമിക്കുന്നത് പഞ്ചസാരയേക്കാൾ ലാഭകരമായതിനാൽ മില്ലുകൾ ഇതിന് മുൻഗണന നൽകുന്നു. ഇത് വിപണിയിൽ പഞ്ചസാരയുടെ ലഭ്യത കുറച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ എൽനിനോ പ്രതിഭാസം മൂലമുണ്ടായ കടുത്ത മഴക്കുറവും വരൾച്ചയും കരിമ്പ് ഉത്പാദനത്തെ സാരമായി ബാധിച്ചു. കേരളത്തിലേക്ക് പ്രധാനമായും പഞ്ചസാരയെത്തുന്നത് മഹാരാഷ്ട്രയിൽ നിന്നായതിനാൽ ഇത് സംസ്ഥാനത്തെ നേരിട്ട് ബാധിച്ചു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങൾ കരിമ്പിൻ്റെ പ്രധാന വിളവെടുപ്പ് സീസണല്ല. അതിനാൽ സംഭരിച്ചു വച്ചിരിക്കുന്ന പരിമിതമായ കരിമ്പ് ഉപയോഗിച്ചാണ് നിലവിൽ മില്ലുകൾ പ്രവർത്തിക്കുന്നത്. വിതരണത്തിൽ കുറവുണ്ടാകുമെന്ന ആശങ്ക മുതലെടുത്ത് വിപണിയിൽ വ്യാപാരികൾ വൻതോതിൽ പഞ്ചസാര പൂഴ്ത്തിവയ്ക്കുന്നതും വിപണിയിലെ കൃത്രിമ വിലക്കയറ്റത്തിന് കാരണമായി മാറിയിട്ടുണ്ട്. ഇത് തടയാൻ കേന്ദ്ര സർക്കാർ ഓഗസ്റ്റ് ഒന്ന് മുതൽ വ്യാപാരികൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്തിയിരിക്കുകയാണ്.
മുട്ടവിലയും കുതിക്കുന്നു
സംസ്ഥാനത്ത് കോഴിമുട്ടയുടെ ചില്ലറ വിപണിയിലെ നിലവിലെ വില ഒരു മുട്ടയ്ക്ക് എട്ടര രൂപ മുതൽ 10 രൂപ വരെയാണ്. മൊത്തവ്യാപാര വിപണിയിൽ ഇതിൻ്റെ വില ഏകദേശം ഏഴ് രൂപ മുതൽ ഏഴര രൂപ വരെയാണ്. കോഴിമുട്ടയ്ക്ക് പുറമെ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള നാടൻ മുട്ടയ്ക്ക് 10 രൂപ മുതൽ 12 രൂപ വരെയും താറാവുമുട്ടയ്ക്ക് 15 രൂപ വരെയുമാണ് നിലവിലെ വില. കേരളത്തിൽ മുട്ടവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ തുടരുന്നത്.കേരളത്തിലേക്ക് ആവശ്യമായ മുട്ടയുടെ 80 ശതമാനവും വരുന്നത് തമിഴ്നാട്ടിലെ നാമക്കൽ പോലുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. അവിടെയുണ്ടായ ചില പ്രതിസന്ധികളാണ് സംസ്ഥാനത്തെ വിലക്കയറ്റത്തിന് കാരണമായത്. ഏപ്രിൽ, മെയ് മാസങ്ങളിലുണ്ടായ ഉഷ്ണതരംഗവും കടുത്ത വേനൽച്ചൂടും കാരണം തമിഴ്നാട്ടിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ഫാമുകളിൽ കോഴികൾ ചാവുന്നത് വർധിക്കുകയും മുട്ട ഉത്പാദനം വലിയ തോതിൽ കുറയുകയും ചെയ്തു. കോഴിത്തീറ്റ നിർമാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുക്കളായ ചോളം, സോയാബീൻ എന്നിവയുടെ വില കുത്തനെ ഉയർന്നു. ചോളം വലിയ തോതിൽ എഥനോൾ നിർമാണത്തിനായി വഴിതിരിച്ചുവിടുന്നതും പശ്ചിമേഷ്യൻ പ്രതിസന്ധികൾ കാരണം ഇറക്കുമതി ചെയ്യുന്ന അമിനോ ആസിഡുകളുടെ വില കൂടിയതുമാണ് തീറ്റവില വർധിക്കാൻ ഇടയാക്കിയത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പുഴുങ്ങിയ മുട്ട നൽകുന്നത് വർധിപ്പിച്ചതോടെ ആഭ്യന്തര വിപണിയിൽ മുട്ടയ്ക്ക് ദൗർലഭ്യം നേരിടുകയും കേരളത്തിലേക്കുള്ള വരവ് കുറയുകയും ചെയ്തു.
ചുരുക്കത്തിൽ കേരളത്തിനപ്പുറം എന്ത് സംഭവിച്ചാലും അത് പ്രത്യക്ഷത്തിൽ മലയാളികളെ ബാധിക്കുന്ന അവസ്ഥയായിരിക്കുന്നു. സർവ മേഖലയിലും വിലക്കയറ്റം എന്ന് പറയുമ്പോൾ അതിൻ്റെയൊക്കെ വരവ് പുറത്തു നിന്നാണ് എന്നതാണ് വലിയ ആശങ്ക. വില പിടിച്ചു നിർത്താൻ സംസ്ഥാന സർക്കാരിന് എന്ത് ചെയ്യാൻ കഴിയുമെന്നതിൽ പ്രത്യക്ഷമായ ഒരു ഇടപെടൽ ഉണ്ടായാൽ മാത്രമേ ജനത്തിന് അത് സഹായവും ബോധ്യവുമാകൂ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR