Enter your Email Address to subscribe to our newsletters

Kozhikode , 30 ജൂലൈ (H.S.)
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഗ്രാമ നഗര വ്യത്യാസമില്ലാതെ ലഹരി വേട്ടകൾ നടത്തുന്നതിനിടയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലും ലഹരി വിൽപ്പനക്കാർ എത്തി. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയലുമായി യുവതി പിടിയിലായത്.
വയനാട് മേപ്പാടി സ്വദേശിനിയും നിലവിൽ കാസർഗോഡ് താമസക്കാരിയുമായ അശ്വതി (34)ആണ് കോഴിക്കോട് മെഡിക്കൽ കോളജ് എസ്ഐ തുളസിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
പിടിയിലായത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ എത്തുന്നത്. തുടർന്ന് അശ്വതിയെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തി.
ഈ സമയത്താണ് ഇവരുടെ പക്കൽ നിന്ന് രണ്ട് ചെറിയ കുപ്പികളിലായി 56.26 ഗ്രാംഹാഷിഷ് ഓയിൽ കണ്ടെത്തിയത്. തുടർന്ന് നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പൊലീസിൻ്റെ പിടിയിലായ അശ്വതി നേരത്തെയും നിരവധി കേസുകളിൽ ഉൾപ്പെട്ടതായി മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറുന്നതിനു വേണ്ടിയാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്ന വിവരമാണ് ഇവർ പൊലീസിന് നൽകിയത്.
ഹാഷിഷ് ഓയിൽ എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.കൂടാതെ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയിട്ട് എന്തിനാണ് മെഡിക്കൽ കോളജിലേക്ക് ലഹരി കൊണ്ടുവന്നതെന്ന കാര്യവും പൊലീസ് അന്വേഷിക്കും. ഇതിന് പുറമെ ആർക്കെല്ലാം ആണ് ലഹരി കൈമാറുന്നതെന്ന് കാര്യത്തെക്കുറിച്ചും പൊലീസ്അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം മറ്റാരുടെയെങ്കിലും ഇടനിലക്കാരി ആണോ എന്ന സംശയവും പൊലീസിനുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിയ രോഗിയുടെ കൂട്ടിരിപ്പുകാരിയായാണ് അശ്വതി വന്നിരുന്നത്. എന്നാൽ രോഗിയെ പരിചരിക്കുന്നതിന് പകരം നിരന്തരം ഫോൺ കോളുകൾ വന്നതോടെയാണ് ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സംശയം വന്നത്.
പിന്നീട് ഇവരെ നിരീക്ഷിച്ചതോടെ അസ്വാഭാവികത തോന്നി. അങ്ങനെയാണ് പൊലീസിന് വിവരം ലഭിക്കുന്നതുംഇവർ പിടിയിലായതും. അറസ്റ്റ് രേഖപ്പെടുത്തുന്ന അശ്വതിയെ കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്താകമാനം ലഹരി കേസുകളിൽ നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
എറണാകുളത്ത് ഹോട്ടൽ മുറിയിൽ താമസിച്ച് വൻതോതിൽ രാസലഹരിമരുന്ന് വിൽപ്പന നടത്തിവന്ന യുവാവും യുവതിയും ഇന്ന് എക്സൈസിൻ്റെ പിടിയിലായതും വാർത്തയായിരുന്നു. ആലപ്പുഴ കാർത്തികപ്പള്ളി തൃക്കുന്നപ്പുഴ പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് സാലിഹിൻ്റെ മകൻ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത എന്നിവരാണ് അറസ്റ്റിലായത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR