Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 ജൂലൈ (H.S.)
ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടന്നെന്ന കണ്ടെത്തലിനെ തുടർന്ന് പിഎസ്സി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കേസെടുത്തു. ഇടത് സർവീസ് സംഘടനയുമായി ബന്ധമുള്ള ഉദ്യോഗാർഥിക്ക് നിയമനം ലഭ്യമാക്കാൻ പരീക്ഷാ മൂല്യനിർണയത്തിൽ ബോധപൂർവമായ തിരിമറി നടത്തിയെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അഴിമതി നിരോധന നിയമവും പൊതുസേവകരുടെ വിശ്വാസ വഞ്ചനയും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ഉദ്യോഗസ്ഥന്റെ പങ്ക് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും രണ്ട് ഉന്നത ഉദ്യോഗസ്ഥരെ കൂടി പ്രതിചേർക്കുമെന്നുമാണ് വിവരം. എഫ്ഐആറിൽ ഇതുവരെ ആരുടെയും പേര് ഉൾപ്പെടുത്തിയിട്ടില്ല. വിശദമായ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും.
ആലപ്പുഴ സ്വദേശി വിഎസ് ജയലാൽ നൽകിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് ഐജി അജീത ബേഗത്തിന്റെ നേതൃത്വത്തിലുള്ള എസ്ഐടി അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ, ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിക്ക് മൂല്യനിർണയത്തിൽ ക്രമക്കേട് നടന്നില്ലായിരുന്നെങ്കിൽ റാങ്ക് പട്ടികയിൽ പോലും ഇടം ലഭിക്കില്ലായിരുന്നുവെന്ന് കണ്ടെത്തി.
ഇടത് സർവീസ് സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന അരുൺ ജെ. പ്രതാപിനാണ് ഒടുവിൽ നിയമനം ലഭിച്ചത്. സിപിഎം നിർദേശപ്രകാരം നിയമിതനായ പിഎസ്സി ചെയർമാൻ ഡോ.എംആർ ബൈജുവും രണ്ട് അംഗങ്ങളും ചേർന്നാണ് അഭിമുഖം നടത്തിയത്. 58 മാർക്കിന് തുല്യമായ 10 ചോദ്യങ്ങൾ മനഃപൂർവം മൂല്യനിർണയം നടത്താതിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന ഏറ്റവും ഗുരുതരമായ കണ്ടെത്തൽ.
ഇതുവഴി ഉദ്യോഗാർഥിക്ക് അനുകൂലമായ രീതിയിൽ മാർക്ക് നിർണയം നടന്നതായും ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അന്യായ ലാഭം നേടിക്കൊടുത്തതായും എസ്ഐടി കണ്ടെത്തി. ഈ ക്രമക്കേട് കേരള പബ്ലിക് സർവീസ് കമ്മിഷന്റെ വിശ്വാസ്യതയ്ക്ക് ഗുരുതരമായ ആഘാതമുണ്ടാക്കിയെന്നും പൊതുജനങ്ങളുടെ വിശ്വാസത്തെ തകർക്കുന്ന നടപടിയാണ് ഉണ്ടായതെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR