കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ അനധികൃതമായി പ്രവേശിക്കുകയും വാഹനം ഓടിക്കുകയും ചെയ്ത ആൾക്കെതിരെ കേസെടുത്ത് ആർപിഎഫ്
Malappuram , 30 ജൂലൈ (H.S.) കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം വൈകിട്ട് കുഞ്ഞുമൊയ്തീൻ്റെ പ്ലാറ്റ്ഫോം റൈഡായിരുന്നു ചർച്ചാ വിഷയം. പാലക്കാട് തിരുവേഗപ്പുറ നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് അടു
MAN RIDE SCOOTER ON PLATFORM


Malappuram , 30 ജൂലൈ (H.S.)

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം വൈകിട്ട് കുഞ്ഞുമൊയ്തീൻ്റെ പ്ലാറ്റ്ഫോം റൈഡായിരുന്നു ചർച്ചാ വിഷയം. പാലക്കാട് തിരുവേഗപ്പുറ നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് അടുത്തുള്ള രജിസ്ട്രാർ ഓഫിസ് വരെ പോവേണ്ട ആവശ്യം വന്നു.

റോഡിലൂടെ പോവേണ്ട കാര്യം ഓർത്തപ്പോൾ കുഞ്ഞുമൊയ്തീന് ഒരു ആശങ്ക. ബ്ലോക്കും തിരക്കുമെല്ലാം കഴിഞ്ഞ് ഓഫിസലെത്തുമ്പോഴേക്കും അത് അടക്കാൻ സമയമാവും എന്ന് തോന്നിയത് കൊണ്ടാവാം മൊയ്തീൻ ഇങ്ങനെ ഒരു വഴി തെരഞ്ഞെടുത്തത്. ചിന്തിച്ച് കളയാൻ സമയമില്ലെന്ന് മനസിലാക്കിയ മൊയ്തീൻ തൻ്റെ സന്തതസഹചാരിയായ സ്കൂട്ടറുമെടുത്ത് ഒരു റൈഡ് അങ്ങ് നടത്തി. റൈഡാകട്ടെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെയും.

റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചതിൻ്റെ ഭാഗമായി ഇപ്പോൾ കുറ്റിപ്പുറം സ്റ്റേഷനെല്ലാം എൻഎച്ചിനേക്കാളും അടിയപൊളിയാണെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു കുഞ്ഞുമെയ്തിൻ്റെ റൈഡ്. രണ്ടാം പ്ലാറ്റ്ഫോമിലൂടെ ഒരു കൂസലുമില്ലാതെ പോയ മൊയ്തിനെ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്തെത്തുമ്പോഴേക്കും നാട്ടുകാർ വളഞ്ഞു.

രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ വാഹനപാർക്കിങ്ങ് സ്ഥലത്ത് കൂടിയാണ് പ്ലാറ്റ്ഫോമിലേക്ക് മൊയ്തീൻ സ്കൂട്ടർ കയറ്റിയത്. തുടർന്ന് പ്ലാറ്റ്ഫോമിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് ഓടിക്കുകയായിരുന്നു. നാട്ടുകാരുടെ ചോദ്യം ചെയ്യലായപ്പോൾ മൊയ്തീൻ വണ്ടി തിരിച്ച് അതേ പ്ലാറ്റ്ഫോമിലൂടെ പുറത്തേക്ക് പോയി.

ഈ ദൃശ്യങ്ങൾ യാത്രക്കാരിൽ ചിലർ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ മൊയ്തീൻ്റെ റൈഡ് നാട്ടിൽ വൻ ചർച്ചാ വിഷയമായി. വീഡിയോ വയറലായതോടെ ആർപിഎഫും മൊയ്തീനെ തെരഞ്ഞ് രംഗത്തെത്തി. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിന്ന് സ്കൂട്ടറിൻ്റെ നമ്പർ ലഭ്യമായതോടെ ആർപിഎഫിന് ഉടമയെ തിരിച്ചറിയാൻ സാധിച്ചു.

ഇന്നലെ കുഞ്ഞുമൊയ്തീനെ ഷൊർണൂർ ആർപിഎഫ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് താൻ റെയിവേ സ്റ്റേഷന് സമീപത്തുള്ള സബ് രജിസ്ട്രാർ ഓഫീസിലേക്ക് വരുകയായിരുന്നുവെന്ന് മൊയ്തിൻ പറഞ്ഞത്. മൊയ്തീൻ്റെ മറുപടി കേട്ട് ഉദ്യോഗസ്ഥരെല്ലാം ഒന്ന് ഞെട്ടി.

അനധികൃതമായി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിച്ചതുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് മൊയ്തീനെതിരെ പൊലീസ് കേസെടുത്തത്. ഒരു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്ലാറ്റ്ഫോമിലൂടെ വാഹനമോടിക്കുന്നത്.

ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് മൊയ്തീൻ്റെ ഈ പ്രവർത്തി എന്ന് റെയിൽവേ സുരക്ഷാസേന അധികൃതർ അറിയിച്ചു. കുഞ്ഞുമൊയ്തീന് ജാമ്യം നൽകി വിട്ടയച്ചെങ്കിലും മൊയ്തീൻ്റെ സന്തതസഹചാരിയായ സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News