Enter your Email Address to subscribe to our newsletters

Kochi , 30 ജൂലൈ (H.S.)
പെരുമ്പാവൂർ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ക്രിക്കറ്റ് സെന്റർ ഒരുങ്ങുന്നു. ശ്രീശങ്കര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കോളജിന്റെ 11 ഏക്കറോളം വരുന്ന സ്ഥലത്താണ് ക്രിക്കറ്റ് ഗ്രൗണ്ട് ഉൾപ്പെടുന്ന അത്യാധുനിക സെന്റർ നിർമ്മിക്കുന്നത്.
സ്ഥലം ഏറ്റെടുത്ത് രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച പാട്ടക്കരാറിൽ ശ്രീ ശങ്കര ട്രസ്റ്റ് ചെയർമാൻ അഡ്വ. ശംഭു നമ്പൂതിരി വി, മാനേജർ പ്രൊഫ. ഡോ. ഇ. കൃഷ്ണൻ നമ്പൂതിരി, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ ഒപ്പുവെച്ചു. മുപ്പത്തിമൂന്ന് വർഷത്തേക്കാണ് കെസിഎയ്ക്ക് ഭൂമി പാട്ടത്തിന് നൽകിയിരിക്കുന്നത്. കരാർ പ്രകാരം 2026 ജൂലൈ 31 മുതൽ 2059 ജൂലൈ 31 വരെയാണ് പാട്ടക്കാലാവധി.
കെ.സി.എ ക്രിക്കറ്റ് സെന്റർ എന്ന പേരിൽ ഒരുങ്ങുന്ന പദ്ധതിയിൽ പ്രധാനമായും രണ്ട് വലിയ ക്രിക്കറ്റ് ഗ്രൗണ്ടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ ഒന്നാമത്തെ ഗ്രൗണ്ട് പൂർണ്ണമായും ക്രിക്കറ്റ് മത്സരങ്ങൾക്കും പരിശീലനത്തിനുമായി മാത്രമാകും ഉപയോഗിക്കുക. ഈ ഗ്രൗണ്ടിനോട് ചേർന്ന് കളിക്കാർക്കായുള്ള പവലിയൻ, ഇൻഡോർ-ഔട്ട്ഡോർ പരിശീലന സൗകര്യങ്ങൾ, തൊഴിലാളികൾക്കുള്ള ക്വാർട്ടേഴ്സ്, ഓഫീസ് സംവിധാനങ്ങൾ, സ്റ്റോർ റൂമുകൾ എന്നിവ സജ്ജമാക്കും. കൂടാതെ ആധുനിക സൈറ്റ് സ്ക്രീനുകൾ, ക്യാമറ ടവറുകൾ, വിവിധതരം റോളറുകൾ, സ്കോർ ബോർഡുകൾ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള സജ്ജീകരണങ്ങളും ഇവിടെയുണ്ടാകും.
പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന രണ്ടാമത്തെ ഗ്രൗണ്ട് കോളേജിനും ട്രസ്റ്റിനും അവരുടെ മറ്റ് കായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുമെന്നതും പദ്ധതിയുടെ നേട്ടമാണ്.
ഗ്രാമീണ മേഖലയിലെ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് മികച്ച പരിശീലനം നൽകുന്നതിനുമുള്ള കെ.സി.എയുടെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഐരാപുരത്ത് ക്രിക്കറ്റ് സെന്റർ ഒരുങ്ങുന്നതെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ പറഞ്ഞു. ക്രിക്കറ്റ് ഇക്കോസിസ്റ്റം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളാണ് ഐരാപുരത്ത് ഒരുക്കുന്നതെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു. സ്ഥലം ഏറ്റെടുത്ത് രണ്ട് വർഷത്തിനുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കി സ്റ്റേഡിയം യാഥാർത്ഥ്യമാക്കും. കേരളത്തിൽ നിന്ന് കൂടുതൽ ദേശീയ താരങ്ങളെ വാർത്തെടുക്കാൻ മികച്ച അടിസ്ഥാന സൗകര്യങ്ങൾ അനിവാര്യമാണെന്നും സംസ്ഥാനത്തെ ക്രിക്കറ്റ് പരിശീലനം കൂടുതൽ പ്രൊഫഷണലാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR