Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 ജൂലൈ (H.S.)
ശബരിമലയിലേക്ക് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ വിതരണം ചെയ്ത് നെയ്യ് മറിച്ചുവിറ്റ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മിൽമയും ദേവസ്വം വകുപ്പും. ശബരിമല ക്ഷേത്രത്തിലേക്ക് നെയ്യ് കൊണ്ട് പോയ വാഹനം ഇടയ്ക്ക് നിർത്തിയാണ് തിരിമറി നടന്നതെന്നാണ് ആരോപണം. ഇതിൽ മേഖലാ യൂണിയനുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് അന്വേഷിക്കാൻ ക്ഷീരവികസന വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഷീബ ഖമറിൻ്റെ നേതൃത്വത്തിൽ നാലംഗ സമിതിയെ നിയോഗിച്ചാണ് സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്.
ഡെപ്യൂട്ടി ഡയറക്ടർമാരായ ബി. എസ്.നിഷ, വി.വിനോദ് രാജ്, അസിസ്റ്റൻ്റ് ഡയറക്ടർ എം.ഫഹദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ശബരിമലയിലേക്ക് മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് പകരം നിറച്ചതിലൂടെ മിൽമ മേഖലാ യൂണിയന് 85.73 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നു ചൂണ്ടിക്കാട്ടി ക്ഷീരവികസന വകുപ്പ് ഡയറക്ടർ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട യൂണിറ്റ് മേധാവിയായും തിരുവനന്തപുരം ആസ്ഥാനത്തെ പ്രൊഡക്ഷൻ മാനേജരായും ഒരേസമയം പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ക്രമക്കേടിന് പിന്നിലെന്ന് കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധനകൾ വെട്ടിക്കാൻ നെയ്യ് പാക്കറ്റുകളിലെ ബാച്ച് നമ്പറുകളിൽ തിരുമറി നടത്തിയതായും തെളിഞ്ഞിട്ടുണ്ട്
മറ്റ് വിഷയങ്ങളിലും അന്വേഷണം
ഇക്കഴിഞ്ഞ കാലയളവിൽ തിരുവനന്തപുരം മേഖലാ യൂണിയനിൽ നടന്ന നിയമനങ്ങളെ കുറിച്ചും സമിതി സമഗ്രമായി അന്വേഷിക്കും. സർക്കാർ അംഗീകരിച്ച സ്റ്റാഫ് പാറ്റേണിൽ ഇല്ലാത്ത തസ്തികകളിൽ നിയമനവും പ്രമോഷനും നൽകിയതിനെക്കുറിച്ചും നിയമവിരുദ്ധമായി പുറം കരാറിലൂടെ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മെൻ്റ് എന്ന സ്ഥാപനത്തിൽ നിന്ന് നിശ്ചിത യോഗ്യതയില്ലാത്തവരെ നിയമിച്ച് യൂണിയന് നഷ്ടം ഉണ്ടാക്കിയതിനെക്കുറിച്ചും സമിതി അന്വേഷിക്കും.
അന്വേഷിക്കാൻ ദേവസ്വം സെക്രട്ടറിക്കും നിർദ്ദേശം
ശബരിമല യിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റ സംഭവം അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ മുരളീധരൻ ദേവസ്വം സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. നെയ്യ് വിതരണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. വിതരണം ചെയ്ത നെയ്യുടെ ഗുണനിലവാരം സംബന്ധിച്ച രേഖകൾ പരിശോധിക്കണമെന്നും ഗുണനിലവാരം ഉറപ്പാക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിച്ചുവരുന്ന നടപടികൾ വിലയിരുത്തണമെന്നും ദേവസ്വം സെക്രട്ടറിക്ക് നൽകിയ നിർദേശത്തിൽ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR