Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 ജൂലൈ (H.S.)
2018ലെ പ്രളയശേഷം നിയമവിരുദ്ധമായി ലണ്ടനിൽ ഫണ്ട് പിരിവു നടത്തിയ വിഡി സതീശനെതിരെയുള്ള കേസ് അവസാനിപ്പിച്ച് ക്ലീൻചിറ്റ് നൽകിയത് അദ്ദേഹത്തെ രക്ഷിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഷ്ട്രീയപ്രേരിതമായ നടപടിയാണ് ആഭ്യന്തരവകുപ്പ് കൈക്കൊണ്ടത്. പ്രളയത്തിനുശേഷം വിദേശത്തു നിന്നും ഫണ്ട് പിരിക്കാൻ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലായിരുന്നു.
അപ്പോൾ അത് നിയമവിരുദ്ധമാണെന്നാണ് കണക്കാക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് അതിനുള്ള അനുമതി നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നോ, ആഭ്യന്തര വകുപ്പിൽ നിന്ന് ഫണ്ട് പിരിവിനോ, വിദേശയാത്രക്കോ അനുമതി ലഭിച്ചിട്ടില്ല. വിദേശഫണ്ട് വാങ്ങാൻ പ്രത്യേക അനുമതി വേണം. അതില്ലാതെയാണ് വിഡി സതീശൻ അതിന് ശ്രമിച്ചതെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
''ഓരോരുത്തരും 500 പൗണ്ടെങ്കിലും നൽകണമെന്നാണ് ലണ്ടനിൽ അദ്ദേഹം ആവശ്യപ്പെട്ടത്. 22,500 പൗണ്ട് സമാഹരിച്ചതായാണ് കണക്കുകൾ. അത് വിശദമാക്കണ്ടേ. പണമെത്തിയത് മണപ്പാട്ട് ഫൗണ്ടേഷൻ്റെ അക്കൗണ്ടിലാണെന്നും വിഡി സതീശൻ തന്നെ അറിയിച്ചിട്ടുണ്ട്,'' എംവി ഗോവിന്ദൻ പറഞ്ഞു.
ഈ കേസാണ് ആഭ്യന്തരവകുപ്പ് എഴുതിത്തള്ളിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനം നടത്തി വിഡി സതീശന് ക്ലീൻചിറ്റ് നൽകുകയാണ് ചെയ്തത്. ഗൗരവപൂർണമായ ഒരു പ്രശ്നം തേച്ചുമാച്ചുകളയുന്നത് വിഡി സതീശനെ രക്ഷിക്കാനാണ്. വിഡി സതീശനെതിരെ ശക്തമായ തെളിവുകളുണ്ട്. ഇത് തെറ്റാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഫണ്ട് അഭ്യർഥിക്കുന്ന വിഡി സതീശൻ്റെ വീഡിയോ പ്രദർശിപ്പിച്ചു കൊണ്ടാണ് വാർത്താസമ്മേളനം നടത്തിയത്.
ചൂരൽമല ദുരന്തം രണ്ടാം വാർഷികമാചരിക്കുന്ന ഈ ഘട്ടത്തിൽ ഭവന നിർമ്മാണത്തിന് പണം പിരിച്ചശേഷം ചെലവാക്കാത്ത കോൺഗ്രസ് ജനങ്ങളോട് മാപ്പു പറയണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രത്യേകം ഫണ്ട് പിരിക്കുകയാണെന്ന് കെപിസിസി പ്രസിഡൻ്റായിരുന്ന കെ സുധാകരൻ പറഞ്ഞിരുന്നു. ആ ഫണ്ട് കട്ടുമുടിക്കുകയാണെന്ന ആരോപണം അപ്പോൾ തന്നെ ഉയർന്നിരുന്നു. ഉടൻതന്നെ ഭവന നിർമ്മാണം ആരംഭിക്കുമെന്നാണ് അതിനു മറുപടിയായി കോൺഗ്രസ് പറഞ്ഞത്.
എന്നാൽ, കല്ലിടൽ മാത്രമേ നടന്നുള്ളൂ. അല്ലാതെ മറ്റൊന്നും ഇതുവരെ നടന്നിട്ടില്ല. ഇതേവരെ ഒരു പൈസയും ചെലവാക്കാതെ ജനങ്ങളെ വഞ്ചിച്ച കോൺഗ്രസ് ജനങ്ങളോട് മാപ്പു പറഞ്ഞ് കാര്യങ്ങൾ വിശദീകരിക്കണം. ഭരണം മാറിയപ്പോൾ പൊലീസ് അസോസിയേഷനിൽ നിലവിലുണ്ടായിരുന്ന മൂന്ന് സംഘടനകളിൽ രണ്ടെണ്ണത്തെ ഒന്നാക്കാൻ തീരുമാനിച്ചു. യാതൊരു മാനദണ്ഡവുമില്ലാതെയാണ് യുഡിഎഫ് സർക്കാർ നടപടികൾ എടുക്കുന്നത്. പിഎം ശ്രീ വിഷയത്തിൽ ഉൾപ്പെടെ ബിജെപി നിലപാടാണ് യുഡിഎഫ് സർക്കാർ കൈക്കൊള്ളുന്നതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR