Enter your Email Address to subscribe to our newsletters

Pathanamthitta , 30 ജൂലൈ (H.S.)
ശബരിമലയില് ഒന്നര ലക്ഷത്തിലേറെ ലിറ്റർ മായം കലർന്ന നെയ്യ് വിതരണം ചെയ്തതിനു പിന്നില് മില്മ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ആസൂത്രിത നീക്കമെന്ന് ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക റിപ്പോർട്ട്. ക്ഷീര സഹകാരിയും ദേവസ്വം ബോർഡില് ഉന്നത പദവി വഹിച്ചിരുന്നയാളുമാണ് ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
ഇടനിലക്കാരനായി പ്രവർത്തിച്ച ജീവനക്കാരൻ്റെ സ്വാധീനം ഉപയോഗിച്ചാണ് വിതരണ കരാർ ഉറപ്പിച്ചതെന്നും പമ്പയില്നിന്ന് പരിശോധനയില്ലാതെ നെയ്യ് സന്നിധാനത്തേക്ക് കടത്തിവിട്ടതെന്നും ദേവസ്വം കമ്മിഷണർക്ക് നല്കിയ റിപ്പോർട്ടില് പറയുന്നു. വൻ ക്രമക്കേടിനെക്കുറിച്ച് മുൻ ദേവസ്വം ബോർഡ് ഭരണസമിതിക്കും മുൻ മില്മ ഭരണസമിതിക്കും മുൻകൂട്ടി കൃത്യമായ വിവരം ലഭിച്ചിരുന്നെങ്കിലും വിഷയം ഒതുക്കിതീർക്കാൻ ഇരു കൂട്ടരും അന്വേഷണം പോലും നടതിയില്ലെന്നും റിപ്പോർട്ടിൽ കുറ്റപെടുത്തുന്നു.
തട്ടിപ്പില് പങ്കാളികളായ ഉദ്യോഗസ്ഥരുടെയും കരാറുകാരൻ്റെയും വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലൻസും പൊലീസും പ്രത്യേകമായി അന്വേഷിക്കണമെന്നും വിജിലൻസ് റിപ്പോർട്ടില് പറയുന്നു. ഒന്നരലക്ഷത്തിലേറെ ലിറ്റർ മായം കലര്ന്ന നെയ്യാണ് ഇത്തരത്തില് ശബരിമലയില് ഭക്തർക്കായി വിതരണം ചെയ്തത്.
സന്നിധാനത്ത് എത്തിച്ച ഗുണനിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്തതിലൂടെ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടവും ഭക്തരുടെ വിശ്വാസത്തിന്മേല് വലിയ മുറിവുമാണ് ഉണ്ടായിരിക്കുന്നത്. വിഷയത്തിൽ വൻ തട്ടിപ്പാണ് നടന്നതെന്നും വിശദമായ റിപ്പോർട്ടിന് ഒരാഴ്ചത്തെ സാവകാശം വേണമെന്നും വിജിലൻസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ താമസിയാതെ പുറത്ത് വരും. മിൽമയ്ക്കും ദേവസ്വം ബിർഡിനും പുറമെ മറ്റ് ചിലരുടെ കൂടി പങ്ക് തുടർ അന്വേഷണങ്ങളിൽ പുനർത്തു വരും എന്നാണ് സൂചന.
അതേസമയം, ഗുണനിലവാരം കുറഞ്ഞ നെയ്യ് എത്തിച്ചതിലെ സാമ്പത്തിക നഷ്ടം അന്വേഷിക്കാൻ ക്ഷീരവികസന വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഷീബ ഖമറിൻ്റെ നേതൃത്വത്തില് നാലംഗ സമിതിയെ സർക്കാർ നിയോഗിച്ചു. വിഷയത്തില് അന്വേഷണം നടത്താൻ മന്ത്രി കെ. മുരളീധരൻ ദേവസ്വം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാളെ ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗവും വിഷയം ചർച്ച ചെയ്യും.
ശബരിമലയിലേക്ക് മില്മ നെയ്യ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അഴിമതിയില് ദേവസ്വം മന്ത്രി കെ. മുരളീധരൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിറ്റിരുന്നു. ദേവസ്വം സെക്രട്ടറിക്കാണ് അന്വേഷണ ചുമതല നൽകിയ അന്വേഷണ ഉത്തരവും പുറത്തിറങ്ങി. മില്മ നല്കിയ നെയ്യ് നിലവാരം ഇല്ലാത്തതാണോ എന്നടക്കമുള്ള കാര്യങ്ങള് അന്വേഷണ വിധേയമാക്കുക.
നെയ്യ് തട്ടിപ്പില് ദേവസ്വം കമ്മീഷണറോടും ദേവസ്വം മന്ത്രി കെ മുരളീധരന് റിപ്പോര്ട്ട് തേടിയിരുന്നു. ബോര്ഡിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തലിലാണ് ദേവസ്വം മന്ത്രി റിപ്പോര്ട്ട് തേടിയത്. ഏതൊക്കെ കാലഘട്ടത്തിലാണ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയില് എത്തിയതെന്ന് ദേവസ്വം കമ്മീഷണര് അന്വേഷിക്കും.
ഗുണമേന്മ ഇല്ലാത്ത സാധനം വിറ്റെങ്കില് എന്തിനത് വാങ്ങി?
നെയ്യ് കൊടുത്ത മില്മയെപ്പോലെ വാങ്ങിയ ദേവസ്വം ബോര്ഡിനും ഉത്തരവാദിത്തമുണ്ടെന്നാണ് സര്ക്കാരിൻ്റെ വിലയിരുത്തല്. വിറ്റവര് ഗുണമേന്മ ഇല്ലാത്ത സാധനം വിറ്റെങ്കില് എന്തിനത് വാങ്ങിയെന്നും അത് വലിയ ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി കെ മുരളീധരന് പറഞ്ഞിരുന്നു. ഇക്കാര്യം സര്ക്കാര് വലിയ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്നും വിശ്വാസികളുടെ വിശ്വാസങ്ങളെ ഹനിക്കുന്ന പ്രവര്ത്തനങ്ങള് ഉണ്ടാകുന്നുവെന്നും അത് ഒരിക്കലും അംഗീകരിക്കാന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മില്മയിലെ അഴിമതിയില് സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ബിന്ദുകൃഷ്ണയും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിലെ ക്രമക്കേടും അന്വേഷിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും മറു വശത്ത് സമഗ്രമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു.
ഷീബ കൈമളിൻ്റെ നേത്യത്വത്തില് മൂന്നംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേടും, മഹാരാഷ്ട്രയില് നിന്ന് പാല് വാങ്ങിയത് ഉള്പ്പെടെയുള്ള കാര്യങ്ങളില് സമഗ്ര അന്വേഷണം ഉണ്ടാകും. തിരിമറിയില് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സഹായം ഉണ്ടായിട്ടുണ്ടെങ്കില് കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
മില്മയ്ക്ക് 85 ലക്ഷം രൂപയ്ക്കു മുകളിൽ നഷ്ടം
ശബരിമലയിലേയ്ക്കുള്ള മില്മയുടെ നെയ്യ് വിതരണത്തില് ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ടിലാണ് വ്യക്തമായത്. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് ശബരിമല സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മില്മയ്ക്ക് 85 ലക്ഷം രൂപയ്ക്കു മുകളിൽ നഷ്ടമുണ്ടായതായുമാണ് റിപ്പോർട്ടില് വ്യാക്തമാക്കിയത്.
നെയ്യ് വിതരണത്തിനുള്ള കരാർ ഘട്ടം മുതല് ക്രമക്കേട് ആരംഭിച്ചു. പത്തനംതിട്ട യൂണിറ്റില് നിന്ന് പമ്പയിലേയ്ക്ക് നെയ്യ് എത്തിക്കുന്ന കരാറില് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരേ വ്യക്തിക്ക് അനുകൂലമായി ടെൻഡർ ക്രമീകരിച്ചു. തുടർന്ന് പത്തനംതിട്ടയില് നിന്ന് പുറപ്പെട്ട ലോഡില് വഴിമധ്യേ മറ്റൊരിടത്ത് വച്ചു നിലവാരം കുറഞ്ഞ തമിഴ്നാട്ടിൽ നിന്നുള്ള നെയ്യ് കയറ്റി വിട്ടതായും അന്വേഷണത്തില് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം മില്മ യൂണിയനില് ഗുരുതര അഴിമതി ആരോപണത്തെത്തുടർന്ന് ഭണസമിതിയെ ക്ഷീരവകുപ്പ് പിരിച്ചുവിറ്റിരുന്നു. യൂണിയന് 85 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായും ഭരണസമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ഔദ്യോഗിക റിപ്പോർട്ടില് വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയില് നിന്നുള്ള പാല് ട്രാൻസ്പോർട്ടേഷനിലെ അപാകതകളും പത്തനംതിട്ട ഡയറിയില് നിന്ന് ശബരിമലയില് എത്തിച്ച നെയ്യ് ഇനത്തിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ശബരിമലയില് ഗുണമേന്മയില്ലാത്ത നെയ്യ് വിതരണം ചെയ്തെന്ന പരാതിയും അന്വേഷണത്തില് നിർണായക ഘടകമായി. എല്ഡിഎഫ് ഭരണസമിതിയുടെ നിയന്ത്രണത്തിലായിരുന്നു ഇത്രയും നാള് തിരുവനന്തപുരം മേഖല യൂണിയൻ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR