കുളത്തൂപ്പുഴയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
Kollam , 30 ജൂലൈ (H.S.) കുളത്തൂപ്പുഴയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ കായിക്കര കുന്നുംപുറം ബീമാ മൻസിലിൽ ബഷീർ (68) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
WILD BUFFALO ATTACK KOLLAM


Kollam , 30 ജൂലൈ (H.S.)

കുളത്തൂപ്പുഴയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ കായിക്കര കുന്നുംപുറം ബീമാ മൻസിലിൽ ബഷീർ (68) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

ചുമട്ടുതൊഴിലാളിയായ ബഷീർ ജോലിക്ക് പോകുന്നതിനിടെയാണ് ജനവാസമേഖലയിലെത്തിയ കാട്ടുപോത്ത് ആക്രമിച്ചത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പുലർച്ചെയായതിനാൽ റോഡിൽ ആളുകൾ കുറവായിരുന്നു. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

നാട്ടുകാരുടെ പ്രതിഷേധം

അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഡിഎഫ്ഒ സ്ഥലത്തെത്താത്തത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. രാവിലെ ഒൻപത് മണിയോടെയാണ് അദ്ദേഹം എത്തിയത്. ഡിഎഫ്ഒ എത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. തുടർന്ന് മരിച്ച ബഷീറിൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡിഎഫ്ഒ ഉറപ്പുനൽകിയതിന് ശേഷമാണ് മൃതദേഹം മാറ്റിയത്. കാട്ടുപോത്തിൻ്റെ ശല്യം രൂക്ഷമായിട്ടും അധികൃതർ യാതൊരു നടപടിയും എടുക്കാത്തതിലുള്ള പ്രതിഷേധമാണിതെന്ന് നാട്ടുകാർ വ്യക്തമാക്കി.

രൂക്ഷമായി കാട്ടുപോത്ത് ശല്യംകുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലും കാട്ടുപോത്തിൻ്റെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. സന്ധ്യയായാൽ കാട്ടുപോത്തുകൾ ജനവാസമേഖലയിലേക്ക് ഇറങ്ങുകയും രാവിലെ കാട്ടിലേക്ക് മടങ്ങുകയുമാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രിയിലും വീടിന് സമീപം മൂന്ന് കാട്ടുപോത്തുകളെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. കുറച്ചുനാളുകളായി മനുഷ്യർക്കും വാഹനങ്ങൾക്കും നേരെ കാട്ടുപോത്തിൻ്റെ ആക്രമണം പതിവാണ്. അടുത്തിടെ വീടിൻ്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയും കാട്ടുപോത്ത് ആക്രമിച്ചിരുന്നു. പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. കുളത്തൂപ്പുഴയുടെ ഭൂരിഭാഗവും വനമേഖലയായതിനാൽ വന്യമൃഗങ്ങൾ എളുപ്പത്തിൽ നാട്ടിലേക്ക് ഇറങ്ങുകയാണ്.

മനുഷ്യജീവന് സംരക്ഷണം വേണംവന്യജീവികളേക്കാൾ മനുഷ്യൻ്റെ ജീവന് സംരക്ഷണം നൽകുന്ന തരത്തിൽ നിയമങ്ങളിൽ മാറ്റം വരണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു. ഏത് പാർട്ടി അധികാരത്തിൽ വന്നാലും മനുഷ്യജീവന് മുൻതൂക്കം നൽകണം. നിയമം മാറ്റാത്ത കാലത്തോളം ഇത്തരം മരണങ്ങൾ വർധിച്ചുകൊണ്ടേയിരിക്കും. ഫെൻസിങ് പോലുള്ള താത്കാലിക സംവിധാനങ്ങൾ ശാശ്വത പരിഹാരമല്ലെന്നും അടിയന്തര നിയമനടപടികൾ ഉണ്ടാകണമെന്നും ജനപ്രതിനിധി വ്യക്തമാക്കി.

തുടരുന്ന വന്യജീവി ആക്രമണങ്ങൾസംസ്ഥാനത്തെ മലയോരമേഖലകളിലും വനമേഖലയോട് ചേർന്നുള്ള ജനവാസകേന്ദ്രങ്ങളിലും വന്യമൃഗങ്ങൾ ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും വർധിച്ചുവരികയാണ്. തിരുവനന്തപുരം പാലോട് മൈലമൂട് റോഡിൽ കഴിഞ്ഞ ദിവസം കൂട്ടത്തോടെ കാട്ടുപോത്തുകൾ ഇറങ്ങിയിരുന്നു. സുമതി വളവ് കഴിഞ്ഞ ഭാഗത്താണ് രാത്രിയിൽ വാഹനത്തിൽ പോയവർ കാട്ടുപോത്തുകളെ കണ്ടത്. കുറച്ചുനാളുകൾക്കു മുൻപ് പാണ്ടിയൻപാറ ഭാഗത്ത് ബൈക്ക് യാത്രക്കാരെയും കാട്ടുപോത്ത് ആക്രമിച്ചിരുന്നു. ഇതിനുപുറമെ കോഴിക്കോട് കക്കയം ഡാമിന് സമീപം വിനോദസഞ്ചാരികൾക്ക് നേരെയും കാട്ടുപോത്തിൻ്റെ ആക്രമണം ഉണ്ടായി. എറണാകുളം സ്വദേശിയായ യുവതിക്കും നാല് വയസ്സുകാരിയായ മകൾക്കുമാണ് അന്ന് പരിക്കേറ്റത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News